01:37am 13 November 2026
NEWS
​മലയാളി എന്നതിന് ഇനി പുതിയ രേഖ; നേറ്റിവിറ്റി കാർഡ് നിയമസഭയിലേക്ക്


19/02/2026  08:04 AM IST
ന്യൂസ് ബ്യൂറോ
​മലയാളി എന്നതിന് ഇനി പുതിയ രേഖ; നേറ്റിവിറ്റി കാർഡ് നിയമസഭയിലേക്ക്

തിരുവനന്തപുരം: കേരളത്തിൽ ജനിച്ചവരാണെന്ന് തെളിയിക്കുന്നതിനുള്ള ആധികാരിക രേഖയായി മാറാൻ പോകുന്ന 'നേറ്റിവിറ്റി കാർഡ്' ബില്ലിന് മന്ത്രിസഭാ യോഗം അംഗീകാരം നൽകി. സംസ്ഥാന സർക്കാരിന്റെ വിവിധ സേവനങ്ങൾക്കും സാമൂഹ്യ ആവശ്യങ്ങൾക്കും വിലാസം തെളിയിക്കുന്നതിനുള്ള ഔദ്യോഗിക രേഖയായി ഈ കാർഡ് ഉപയോഗിക്കാം. ബിൽ ഈ മാസം 24-ന് നിയമസഭയിൽ അവതരിപ്പിക്കും.
​കേന്ദ്ര സർക്കാർ പൗരത്വ രേഖകൾ കർശനമാക്കുന്ന സാഹചര്യത്തിലാണ് സംസ്ഥാന സർക്കാർ ഇത്തരമൊരു സുപ്രധാന നീക്കം നടത്തുന്നത്. നിലവിലുള്ള നേറ്റിവിറ്റി സർട്ടിഫിക്കറ്റിന് സമാനമായ രീതിയിലായിരിക്കും ഈ കാർഡിന്റെയും ഘടന.

​ആർക്കൊക്കെ അപേക്ഷിക്കാം?

​കേരളത്തിൽ ജനിച്ചവർ: കേരളത്തിൽ ജനിച്ചവരും നിലവിൽ വിദേശ പൗരത്വം സ്വീകരിക്കാത്തവരുമായ എല്ലാവർക്കും കാർഡിന് അർഹതയുണ്ട്.

​പൂർവികർ മലയാളികളായവർ: സ്വന്തം മാതാപിതാക്കളോ പൂർവികരിൽ ഒരാളോ കേരളത്തിൽ ജനിച്ചവരാണെങ്കിൽ അവർക്കും കാർഡിനായി അപേക്ഷിക്കാം.

​പുറത്ത് ജനിച്ചവർ: തൊഴിൽപരമായ കാരണങ്ങളാൽ മാതാപിതാക്കൾ കേരളത്തിന് പുറത്തായിരിക്കുമ്പോൾ അവിടെ ജനിച്ചവരെയും (വിദേശ പൗരത്വം ഇല്ലെങ്കിൽ) നേറ്റീവ് ആയി പരിഗണിക്കും.

​പ്രധാന നിബന്ധനകൾ

​വിദേശ പൗരത്വം സ്വീകരിച്ചവർക്ക് നേറ്റിവിറ്റി കാർഡിന് അർഹതയുണ്ടായിരിക്കില്ല. കൂടാതെ, കാർഡ് ലഭിച്ച ശേഷം ആരെങ്കിലും വിദേശ പൗരത്വം സ്വീകരിച്ചാൽ ആ നിമിഷം മുതൽ കാർഡ് അസാധുവാകുന്നതുമാണ്.

​അപേക്ഷാ നടപടികൾ

​ബന്ധപ്പെട്ട തഹസിൽദാർക്കാണ് കാർഡിനായി അപേക്ഷ സമർപ്പിക്കേണ്ടത്. സർക്കാർ നിശ്ചയിക്കുന്ന പ്രത്യേക ഫോറത്തിൽ രേഖകളും നിശ്ചിത ഫീസും സഹിതം അപേക്ഷ നൽകണം. കാർഡ് അനുവദിക്കുന്നതുമായി ബന്ധപ്പെട്ട് ആർ.ഡി.ഒ എടുക്കുന്ന തീരുമാനങ്ങളിൽ ആക്ഷേപമുണ്ടെങ്കിൽ ജില്ലാ കളക്ടർക്ക് അപ്പീൽ നൽകാം. പരാതികൾ കേട്ട ശേഷം കളക്ടർക്ക് ഉത്തരവുകൾ തിരുത്താനോ റദ്ദാക്കാനോ അധികാരമുണ്ടാകും.

​റവന്യൂ കാർഡും ഉടൻ:  വ്യക്തികളുടെ ഭൂമി സംബന്ധമായ വിവരങ്ങൾ ഉൾക്കൊള്ളുന്ന റവന്യൂ കാർഡും സർക്കാർ തയ്യാറാക്കുന്നുണ്ട്. ഇതിന്റെ വിതരണോദ്ഘാടനം അടുത്തയാഴ്ച നടക്കുമെന്നാണ് സൂചന.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img