
ന്യൂഡൽഹി: മുഖ്യ തിരഞ്ഞെടുപ്പ് കമ്മിഷണർ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ പ്രതിപക്ഷ പ്രതിഷേധം ശക്തമായി. ഡൽഹി, ജമ്മു കശ്മീർ, ബിഹാർ, അസം, ചണ്ഡീഗഡ്, തെലങ്കാന തുടങ്ങി നിരവധി സംസ്ഥാനങ്ങളിലാണ് പ്രതിഷേധ പരിപാടികൾ നടന്നത്. വിവിധ പ്രതിപക്ഷ പാർട്ടികളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം.
അസമിലെ ഗുവാഹത്തിയിൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ ശക്തമായ പ്രതിഷേധമാണ് അരങ്ങേറിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷൻ ഓഫീസിന് മുന്നിൽ നടന്ന പ്രതിഷേധത്തിനിടെ പൊലീസ് സ്ഥാപിച്ച ബാരിക്കേഡുകൾ പ്രവർത്തകർ മറികടക്കാൻ ശ്രമിച്ചു. തുടർന്ന് പൊലീസ് ഇടപെട്ടു. കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയി ഉൾപ്പെടെ നിരവധി കോൺഗ്രസ് പ്രവർത്തകരെ പൊലീസ് കസ്റ്റഡിയിലെടുത്തു.
ബിഹാറിലെ പട്നയിലും ചണ്ഡീഗഡിലും പ്രതിഷേധക്കാരെ നിയന്ത്രിക്കാൻ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. മണിപ്പുരിൽ പ്രതിഷേധം നിയന്ത്രിക്കാൻ പൊലീസ് കണ്ണീർവാതകവും പ്രയോഗിച്ചു.
ഡൽഹിയിലും പ്രതിഷേധം വ്യാപകമായി. യൂത്ത് കോൺഗ്രസിന്റെ നേതൃത്വത്തിൽ ഗ്യാനേഷ് കുമാറിനെതിരെ പ്രതിഷേധ പ്രകടനം നടന്നു. ജന്തർ മന്തറിലും വിവിധ സംഘടനകളുടെയും പ്രതിപക്ഷ നേതാക്കളുടെയും നേതൃത്വത്തിൽ പ്രതിഷേധം തുടരുകയാണ്.
കോൺഗ്രസ്, സിപിഐ (എംഎൽ), പ്രശാന്ത് ഭൂഷൺ, യോഗേന്ദ്ര യാദവ് തുടങ്ങിയവരുടെ നേതൃത്വത്തിലാണ് ജന്തർ മന്തറിലെ പ്രതിഷേധം. പ്രതിഷേധക്കാർ ജന്തർ മന്തറിലേക്ക് പ്രവേശിക്കുന്നത് തടയാൻ പ്രദേശത്ത് വൻ പൊലീസ് സന്നാഹമാണ് ഒരുക്കിയിരിക്കുന്നത്. ജന്തർ മന്തറിലേക്കുള്ള വഴികളിൽ പൊലീസ് ബാരിക്കേഡുകൾ സ്ഥാപിക്കുകയും ഗതാഗതം നിയന്ത്രിക്കുകയും ചെയ്തിട്ടുണ്ട്.
ഗ്യാനേഷ് കുമാറിന്റെ നേതൃത്വത്തിലുള്ള തിരഞ്ഞെടുപ്പ് കമ്മിഷന്റെ നടപടികളെയും പ്രവർത്തനങ്ങളെയും കുറിച്ച് പ്രതിപക്ഷ പാർട്ടികൾ ഉന്നയിക്കുന്ന ആരോപണങ്ങളുടെ പശ്ചാത്തലത്തിലാണ് രാജ്യവ്യാപക പ്രതിഷേധം ശക്തമാകുന്നത്. വിവിധ സംസ്ഥാനങ്ങളിൽ പ്രതിഷേധത്തിനിടെ പൊലീസ് ഇടപെടലും സംഘർഷാവസ്ഥയും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.










