
ന്യൂഡൽഹി: കേന്ദ്ര സർക്കാരിന്റെ പുതിയ തൊഴിൽ കോഡുകൾക്കെതിരെ ശക്തമായ പ്രതിഷേധമായി രാജ്യത്തെ പ്രധാന തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത 24 മണിക്കൂർ പൊതുപണിമുടക്കിന് ഇന്ന് അർദ്ധരാത്രിയിൽ തുടക്കമാകും. ഇന്ന് രാത്രി 12 മണിക്ക് ആരംഭിക്കുന്ന സമരം നാളെ അർധരാത്രി വരെ തുടരും. പുതിയ തൊഴിൽ നിയമങ്ങൾ തൊഴിലാളികളുടെ അവകാശങ്ങളെ ബാധിക്കുന്നുവെന്നാണ് തൊഴിലാളി സംഘടനകളുടെ ആരോപണം. നാല് തൊഴിൽ കോഡുകൾ പിൻവലിക്കണമെന്നും, ഡ്രാഫ്റ്റ് സീഡ് ബിൽ, വൈദ്യുതി ഭേദഗതി ബിൽ, SHANTI ആക്റ്റ് എന്നിവ റദ്ദാക്കണമെന്നും സംഘടനകൾ ആവശ്യപ്പെടുന്നു.
ദേശീയ തലത്തിൽ ഐഎൻടിയുസി സമരത്തിൽ പങ്കെടുക്കുന്നുവെങ്കിലും കേരളത്തിലെ സംയുക്ത പണിമുടക്കിൽ സംഘടന പങ്കാളിയല്ല. വിവിധ സർക്കാർ അധ്യാപക സംഘടനകൾ ഉൾപ്പെടെ നിരവധി തൊഴിലാളി സംഘടനകൾ സമരത്തിൽ ചേരുന്നുണ്ട്. സ്വകാര്യ ബസുകൾ, കെഎസ്ആർടിസി, ഓട്ടോ, ടാക്സി സേവനങ്ങൾ എന്നിവ നിർത്തിവെക്കുന്നതിനാൽ പണിമുടക്ക് ഗതാഗത സംവിധാനത്തെ പ്രതികൂലമായി ബാധിക്കുമെന്നാണു സൂചന.
ബാങ്കുകൾ, സർക്കാർ ഓഫീസുകൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ, വ്യാപാര സ്ഥാപനങ്ങൾ എന്നിവയുടെ പ്രവർത്തനവും തടസ്സപ്പെടും. ഐടി മേഖല, ചെറുകിട വ്യവസായങ്ങൾ, തോട്ടം മേഖലയ്ക്ക് ഉൾപ്പെടെ വിവിധ മേഖലകളിലെ തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. 30 കോടി തൊഴിലാളികൾ സമരത്തിൽ പങ്കെടുക്കുമെന്നാണ് എഐടിയുസി ജനറൽ സെക്രട്ടറി അമർജിത് കൗർ വ്യക്തമാക്കുന്നത്. സംയുക്ത കിസാൻ മോർച്ചയും പൂർണ്ണ പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്.
അതേസമയം, ആശുപത്രികൾ, മെഡിക്കൽ സ്റ്റോറുകൾ, പാൽവിതരണം, പത്ര വിതരണം, ഫയർ ആൻഡ് റെസ്ക്യൂ, ആംബുലൻസ് സേവനങ്ങൾ തുടങ്ങിയ അത്യാവശ്യ സർവീസുകൾ പണിമുടക്കിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. ശബരിമല തീർഥാടകരെയും മാരാമൺ കൺവെൻഷനിലേക്ക് പോകുന്നവരെയും ഒഴിവാക്കുമെന്ന് സംഘാടകർ അറിയിച്ചു. മാരാമൺ കൺവെൻഷൻ നടക്കുന്നതിനാൽ പത്തനംതിട്ട ജില്ലയിലെ ചില പഞ്ചായത്തുകൾക്കും ഇളവ് നൽകും.











