
ദോഹ: ഖത്തറിൽ ദേശീയ വാക്സിനേഷൻ കവറേജ് സർവേയ്ക്ക് തുടക്കമായി. പൊതുജനാരോഗ്യ മന്ത്രാലയവും (MoPH) നാഷണൽ പ്ലാനിങ് കൗൺസിലും ചേർന്നാണ് സർവേ ആരംഭിച്ചത്.2025 ഡിസംബർ 24വരെ നീളുന്ന സർവേ ഖത്തറിൽ ആദ്യമായാണ് നടക്കുന്നത്.
വാക്സിനേഷൻ കവറേജ് നിരക്കും അതിനെ സ്വാധീനിക്കുന്ന ഘടകങ്ങളും ശാസ്ത്രീയമായും സമഗ്രമായും വിലയിരുത്തുക എന്നതാണ്സർവേയുടെ ലക്ഷ്യം.ഇതിലൂടെ വാക്സിനേഷൻ മുഖേന തടയാവുന്ന രോഗങ്ങളിൽനിന്നുള്ള സംരക്ഷണം കൂടുതൽ ശക്തിപ്പെടുത്തുകയും ആരോഗ്യ സുരക്ഷ ഉറപ്പാക്കുകയും ചെയ്യും.
11,000-ത്തിലധികം കുടുംബങ്ങളെ ഉൾപ്പെടുത്തി നടത്തുന്ന സർവേയിൽഒരു വയസ്സു മുതൽ ഏഴു വയസ്സിനു താഴെയുള്ള കുട്ടികളുള്ള ഖത്തറിലെ പൗരൻമാരും പ്രവാസികളും ഉൾപ്പെടും. വീടുകളിൽ നേരിട്ടുള്ള സന്ദർശനങ്ങളിലൂടെയും വാക്സിനേഷൻ കാർഡുകൾ പരിശോധിച്ചുമാണ് വിവരശേഖരണം നടത്തുക.
ലോകാരോഗ്യ സംഘടനയുടെ സഹകരണത്തോടെയായാണ് സർവേ പുരോഗമിക്കുന്നത്. അന്താരാഷ്ട്ര നിലവാരങ്ങൾ പാലിച്ചാണ് വിവരശേഖരണം നടത്തുകയെന്ന് മന്ത്രാലയം വ്യക്തമാക്കി.
1979-ൽ ആരംഭിച്ച ഖത്തറിന്റെ ദേശീയ ഇമ്യൂണൈസേഷൻ പ്രോഗ്രാം, ഇപ്പോഴും തുടർച്ചയായി വികസിച്ചുവരികയാണ്. നിലവിൽ 31 പ്രൈമറി ഹെൽത്ത് കെയർ കോർപ്പറേഷൻ (PHCC) കേന്ദ്രങ്ങളിലും 71 സ്വകാര്യാരോഗ്യ സ്ഥാപനങ്ങളിലുമായി സൗജന്യ വാക്സിനേഷൻ സേവനങ്ങൾ ലഭ്യമാക്കിയിട്ടുണ്ട്. ജനനം മുതൽ 18 വയസ്സ് വരെയുള്ളവർക്ക് 17 രോഗങ്ങളിൽ നിന്നും സംരക്ഷണം നൽകുന്ന 15 വാക്സിനുകളാണ് ദേശീയ വാക്സിനേഷൻ ഷെഡ്യൂളിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. കുടുംബങ്ങളെല്ലാം സർവേ ടീമുകൾക്ക് പിന്തുണ നൽകണമെന്ന് പൊതുജനാരോഗ്യ മന്ത്രാലയം അഭ്യർത്ഥിച്ചു.











