09:10am 03 August 2026
NEWS
നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക് കുടുംബശ്രീ സി.ഡി. എസുകളെ ശക്തിപ്പെടുത്താൻ കർമ്മപദ്ധതി
01/08/2026  10:14 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
നാഷണൽ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്  കുടുംബശ്രീ സി.ഡി. എസുകളെ ശക്തിപ്പെടുത്താൻ കർമ്മപദ്ധതി

നെടുമ്പാശേരി: കുടുംബശ്രീ ദക്ഷിണ മേഖലാ ദേശീയ ശിൽപ്പശാലയ്ക്ക് സമാപനം .2047 ലക്ഷ്യമാക്കി ക്ലസ്റ്റർ ലെവൽ ഫെഡറേഷൻ./സി.ഡി.എസ്. ശക്തിപ്പെടുത്താൻ പുതിയ പ്രവർത്തനരീതി.കേന്ദ്ര ഗ്രാമ വികസന മന്ത്രാലയത്തിൻ്റെ സപ്പോർട്ടീവ് സൂപ്പർവിഷൻ ഫ്രെയിംവർക്ക്  പദ്ധതിയുടെ ഭാഗമായി കുടുംബശ്രീയുടെ നേതൃത്വത്തിൽ നാല് ദിവസങ്ങളിലായി  സംഘടിപ്പിച്ച ദക്ഷിണമേഖലാ ദേശീയ ശിൽപ്പശാല സമാപിച്ചു. ശിൽപ്പശാലയുടെ   ഭാഗമായി കേരളത്തിൽ കുടുംബശ്രീ  സി.ഡി.കേസുകൾ ഉൾപ്പെടെ മറ്റു ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളുടെയും    പ്രവർത്തനം കൂടുതൽ ഫലപ്രദവും സ്വയംപര്യാപ്തവുമാക്കുന്നതിനുള്ള പുതിയ കർമ്മപദ്ധതികളും  പ്രവർത്തനരീതിയും അവതരിപ്പിച്ചു. സ്വയംപര്യാപ്ത  ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകൾ സാമ്പത്തിക സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ഒന്നിലധികം വരുമാന സ്രോതസ്സുകൾ വികസിപ്പിക്കണമെന്ന്  കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം ജോയിൻ്റ് സെക്രട്ടറി അമിത് ശുക്ല പറഞ്ഞു.   ആന്ധ്രാപ്രദേശ്, കർണാടക, കേരളം, , തമിഴ്നാട്, തെലങ്കാന എന്നീ സംസ്ഥാനങ്ങളും കേന്ദ്രഭരണ പ്രദേശമായ പുതുച്ചേരിയും അവതരിപ്പിച്ച കർമ്മ പദ്ധതികൾ വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം. സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി സമൂഹത്തിന്റെ ഉടമസ്ഥതയും നേതൃത്വവും  ഉറപ്പാക്കണമെന്നുംവിവിധ സംസ്ഥാനങ്ങളുടെ പ്രാദേശിക സാഹചര്യങ്ങൾക്കും വൈവിധ്യങ്ങൾക്കും അനുസൃതമായി പ്രയോഗിക്കാനാകുന്ന വിധത്തിലുള്ള മേൽനോട്ട സംവിധാനങ്ങൾ ഒരുക്കണമെന്നും അദ്ദേഹം നിർദേശിച്ചു. ഓൺലൈൻ ആയാണ് അദ്ദേഹം പങ്കെടുത്തത്.

ഭരണ നിർവഹണം, മനുഷ്യ വിഭവ ശേഷി, സാമ്പത്തിക സ്വയം പര്യാപ്തത, അംഗങ്ങളുടെ സാമൂഹ്യ സാമ്പത്തിക നേട്ടങ്ങൾ, സാമൂഹ്യ ഇടപെടൽ എന്നീ അഞ്ച് പ്രധാന മേഖലകൾ പ്രത്യേകമായ മാനദണ്ഡങ്ങൾ വഴി വിലയിരുത്തിയാണ് ഓരോ സംസ്ഥാനവും കർമ്മപദ്ധതിയും വിലയിരുത്തൽ റിപ്പോർട്ടും  തയ്യാറാക്കിയത്.

സംരംഭകത്വ വികസന രംഗത്ത് കൂടുതൽ ശേഷി വികസന പരിശീലനവും വിഷയാധിഷ്ഠിത പരിശീലനവുംനൽകുന്നതിനും സംസ്ഥാനങ്ങൾ തമ്മിൽ മികച്ച പ്രവർത്തന മാതൃകകൾ പങ്ക് വച്ച് സ്ഥാപനങ്ങളുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും ശിൽപ്പശാലയിൽ പ്രത്യേക പ്രാധാന്യം നൽകി. സാമ്പത്തിക സ്വയം പര്യാപ്തത ഉറപ്പാക്കുന്നതിനായി തൽസമയ സാമ്പത്തിക നിരീക്ഷണ സംവിധാനങ്ങൾ ശക്തിപ്പെടുത്തണമെന്നും ശിൽപ്പശാല അഭിപ്രായപ്പെട്ടു. സേവനാധിഷ്ഠിത വരുമാന മാർഗങ്ങൾ വികസിപ്പിക്കുന്നതിനും  പ്രത്യേകം ഊന്നൽ നൽകി. 

ഭരണനിർവഹണം, മാനവവിഭവശേഷി, സാമ്പത്തിക സ്വയംപര്യാപ്തത, ഉപജീവന പ്രവർത്തനങ്ങൾ, വിവിധ വകുപ്പുകളുമായുള്ള ഏകോപനം എന്നിവ ശക്തമാക്കുന്നതിനൊപ്പം നിലവിൽ ഈ മേഖലകളിൽ പൊതുവായി നേരിടുന്ന വെല്ലുവിളികൾ ശിൽപ്പശാല വിശദമായി ചർച്ച ചെയ്തു. സംസ്ഥാന മുതൽ ഗ്രാമതലം വരെ നൽകുന്ന ഘടനാപരമായ പിന്തുണാ സംവിധാനം, സ്ഥിരമായ ഫീൽഡ് സന്ദർശനങ്ങൾ, പരിശീലനവും പുരോഗതി അവലോകനവും ഉൾപ്പെടുന്ന പുതിയ പ്രവർത്തന രീതിയും ശിൽപ്പശാലയിൽ വിശദീകരിച്ചു. 

നിലവിൽ കുടുംബശ്രീ സി.ഡീ.എസുകൾക്ക് ഐ.എസ്.ഒ. നിലവാരം നിലനിർത്തുന്നതിനുള്ള തുടർനിരീക്ഷണം നടത്തുന്നുണ്ട്.  ഇത് മറ്റ് സംസ്ഥാനങ്ങളും നടപ്പാക്കും. ഭരണസംവിധാനത്തിന്റെ മാനദണ്ഡവൽക്കരണം, ഡിജിറ്റൽ രേഖാസംവിധാനം, നിയമപരമായ നികുതി-ഓഡിറ്റ് നടപടികൾ കൃത്യമായി പാലിക്കൽ, പ്രകടന വിലയിരുത്തലോടുകൂടിയ മാനവവിഭവ നയം, സേവനാധിഷ്ഠിത വരുമാന സംവിധാനം, കുടുംബതല ഉപജീവന പദ്ധതികളുടെ ശക്തിപ്പെടുത്തൽ, ബാങ്ക് വായ്പാ ബന്ധത്തിന്റെ ഫലപ്രദമായ നിരീക്ഷണം എന്നിവ അടിസ്ഥാനമാക്കി പുതിയ കർമ്മപദ്ധതികളും  പ്രവർത്തനരീതികളും  നടപ്പാക്കും.

ശിൽപ്പശാലയുടെ ഭാഗമായി ഓരോ സംസ്ഥാനവും മൂന്ന് മാസം കൂടുമ്പോൾ സമയബന്ധിത പ്രവർത്തനപദ്ധതി തയ്യാറാക്കാനും, പരിചയസമ്പന്നരായ കമ്മ്യൂണിറ്റി റിസോഴ്‌സ് പേഴ്‌സൺമാരുടെ നേതൃത്വത്തിൽ തുടർച്ചയായ സപ്പോർട്ടീവ് സൂപ്പർവിഷൻ ഉറപ്പാക്കാനും തീരുമാനിച്ചു.

 ഗ്രാമസഭകളിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളുമായും വിവിധ വകുപ്പുകളുമായും കൂടുതൽ ഫലപ്രദമായ ഏകോപനം ഉറപ്പാക്കി, ഗ്രാമപഞ്ചായത്ത് വികസന പദ്ധതിയുമായി (GPDP) ഉപജീവന പദ്ധതികളെ ബന്ധിപ്പിക്കാനും ശിൽപ്പശാല നിർദേശിച്ചു.

2047ഓടെ  സാമ്പത്തികമായി സ്വയംപര്യാപ്തവും സ്ഥാപനപരമായി ശക്തവുമായ വനിതാ കമ്മ്യൂണിറ്റി സ്ഥാപനങ്ങളായി ക്ലസ്റ്റർ ലെവൽ ഫെഡറേഷനുകളെ വളർത്തിയെടുക്കുക എന്ന ദേശീയ ദർശനം യാഥാർഥ്യമാക്കുന്നതിനുള്ള സുപ്രധാന ചുവടുവയ്പ്പായി ശിൽപ്പശാലയും ഇതിൽ  അംഗീകരിച്ച തുടർനടപടികളെയും വിലയിരുത്തി.

കർണാടക ഉപജീവന മിഷൻ ഡയറക്ടർ ജ്യോത്സ്ന വിജയ വാസിറെഡ്ഡി ശിൽപ്പശാലയിൽ പങ്കെടുത്തു സംസാരിച്ചു.തെലുങ്കാന,ആന്ധ്ര പ്രദേശ്,   തമിഴ്നാട് സംസ്ഥാനങ്ങളിലെ  ഉപജീവന മിഷൻ ഡയറക്ടർമാർ ഓൺലൈനായി ശിൽപ്പശാലയിൽ പങ്കെടുത്തു. 

സ്റ്റേറ്റ് റിസോഴ്‌സ് പേഴ്‌സൺമാർ, നാഷണൽ റിസോഴ്‌സ് പേഴ്‌സൺമാർ, വിവിധ സംസ്ഥാനങ്ങളിലെ മിഷൻ ഡയറക്ടർമാർ, സ്റ്റേറ്റ് ലൈവ്ലിഹുഡ് മിഷൻ പ്രതിനിധികൾ, സ്റ്റേറ്റ് മിഷൻ മാനേജർമാർ, ചീഫ് എക്സിക്യൂട്ടീവ് ഓഫീസർമാർ എന്നിവർ ഗ്രൂപ്പ് ചർച്ചകളിൽ പങ്കെടുത്തു. എൻ.എം.എം.യു. ദേശീയ മിഷൻ മാനേജർ ഡോ. ജൂയി ഭട്ടാചാര്യ, കുടുംബശ്രീ പ്രോഗ്രാം ഓഫീസർ ശ്യാം കുമാർ യു എന്നിവർ ശിൽപ്പശാലയ്ക്ക് നേതൃത്വം നൽകി .

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img