08:36pm 19 September 2026
NEWS
വികസിത ഇന്ത്യ സ്‌കൂളുകൾ ഇപ്പോഴെ സജ്ജമാകണമെന്ന് സങ്കല്പ് ദേശീയ സെമിനാർ
19/09/2026  06:24 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
വികസിത ഇന്ത്യ സ്‌കൂളുകൾ ഇപ്പോഴെ സജ്ജമാകണമെന്ന് സങ്കല്പ് ദേശീയ സെമിനാർ
HIGHLIGHTS

നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംയുക്തമായി സംഘടിപ്പിച്ച സങ്കല്പ് 2047 ദേശീയ സെമിനാറിന്റെ ഭാഗമായി ഇന്നലെ രാവിലെ നടന്ന കൂട്ടയോട്ടം. സിറ്റി പൊലീസ് കമ്മിഷണർ പുട്ട വിമലാദിത്യ, ഡോ. ഒബിജിയോഫർ അഗിനാം, ഡോ. ഇന്ദിര രാജൻ, സുചിത്ര ഷൈജിന്ത്, ഡോ. ഹാരിസ്, രാകേഷ് തുടങ്ങിയവർ മുൻനിരയിൽ

കൊച്ചി: 2047 ൽ വികസിതവും പുരോഗമനാത്മകവുമായ രാജ്യമായി ഇന്ത്യ മാറുന്നതിൽ മുഖ്യപങ്ക് വഹിക്കാൻ സ്‌കൂളുകൾ സജ്ജമാക്കാൻ നിലവിലെ വിദ്യാഭ്യാസ സമ്പ്രദായത്തിൽ ഒഴിവാക്കലുകളും പുതിയ തുടക്കവും സുസ്ഥിരതയും അനിവാര്യമാണെന്ന് വിലയിരുത്തി സങ്കല്പ് 2047 ദേശീയ വിദ്യാഭ്യാസ സെമിനാർ സമാപിച്ചു. സാങ്കേതികവിദ്യകൾ അനുദിനം വികസിപ്പിക്കുന്ന കാലത്തിനനുസരിച്ച് വിദ്യാഭ്യാസരീതികളും പാഠ്യപദ്ധതികളും മൂല്യനിർണയവും നവീകരിക്കണമെന്നും സെമിനാറിൽ വിദഗ്ദ്ധർ നിർദ്ദേശിച്ചു.നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസും കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് കേരളയും സംയുക്തമായാണ് ദ്വിദിന സെമിനാർ സംഘടിപ്പിച്ചത്.നിലവിൽ സ്‌കൂളുകളിൽ പഠിക്കുന്ന കുട്ടികളാണ് വികസിതരാജ്യമെന്ന ദേശീയലക്ഷ്യലക്ഷ്യം 2047ൽ കൈവരിക്കുമ്പോൾ യുവാക്കളായി മാറുക. വികസിതരാജ്യത്തിന് സജ്ജമാക്കി അവരെ വളർത്താൻ ഇപ്പോൾതന്നെ ശ്രമങ്ങൾ ആരംഭിക്കേണ്ടത് പ്രധാനമാണ്. വിദ്യാഭ്യാസ സമ്പ്രദായത്തിലും അനുസൃതമായ പരിഷ്‌കാരങ്ങളും നടപടികളും അനിവാര്യമാണ്. എ.ഐ പോലുള്ള സാങ്കേതികവിദ്യയുടെ കാലത്ത് ആവശ്യമില്ലാത്ത ചില പഠനരീതികൾ ഉപേക്ഷിക്കേണ്ടിവരും. പഠനരീതികളിലുൾപ്പെടെ പരിഷ്‌കരണം നടത്തണം. സാങ്കേതികവിദ്യകളെ ഫലപ്രദമായി വിനിയോഗിക്കണം. ആധുനികകാലത്തിനും ഭാവിക്കും അനുസൃതമായി പുതിയ രീതികൾ സ്വീകരിക്കാൻ ഇപ്പോൾ തന്നെ തുടക്കമിടണം. പഠനരീതികളെ സാങ്കേതിവിദ്യകൾക്കും ലോകത്ത് സംഭവിക്കുന്ന തൊഴിൽരീതികളിലുൾപ്പെടെയുള്ള മാറ്റങ്ങൾക്ക് അനുസൃതമായ പഠനസമ്പ്രദായം സ്വീകരിച്ചാലേ ആഗോള അവസരങ്ങളും സാദ്ധ്യതകളും യുവതലമുറയ്ക്ക് ഫലപ്രദമായി വിനിയോഗിക്കാൻ കഴിയൂ.വിദ്യാഭ്യാസത്തിന്റെ അടിസ്ഥാനശിലകളായ നിരവധി കാര്യങ്ങൾ നിലനിർത്തേണ്ടതും പ്രധാനമാണ്. ധാർമ്മികത, അച്ചടക്കം, സഹജീവികൾ, പരിസ്ഥിതി സ്‌നേഹം, അദ്ധ്യാപകരും വിദ്യാർത്ഥികളും തമ്മിലുള്ള അടുപ്പവും ബഹുമാനവും തുടങ്ങിയ ഉന്നതമൂല്യങ്ങൾ സുസ്ഥിരമായി നിലനിർത്തേണ്ടതും പ്രധാനമാണ്. കാലത്തിന്റെ മാറ്റത്തിലും ഇത്തരം മൂല്യങ്ങൾ സുസ്ഥിരമാക്കേണ്ടത് സമൂഹത്തോടും സഹജീവികളോടും അടുപ്പവും കാരുണ്യവും ശ്രദ്ധയും കാത്തുസൂക്ഷിക്കുന്ന പുതിയ തലമുറയെ ശക്തമാക്കാൻ സഹായിക്കുകയുള്ളു.

സാങ്കേതികവിദ്യ അനുദിനം വികസിക്കുന്നത് വിദ്യാഭ്യാസ മേഖലിൽ വെല്ലുവിളിയും സാദ്ധ്യതയുമാണെന്ന് വിദഗ്ദ്ധർ ചർച്ചകളിൽ പറഞ്ഞു. സാങ്കേതികവിദ്യകളിൽ നിന്ന് വരുംതലമുറയ്ക്ക് മാറിനിൽക്കാൻ കഴിയില്ല. ശാസ്ത്രീയവും ഫലപ്രദവുമായി അവയെ വിനിയോഗിക്കാൻ വിദ്യാഭ്യാസരീതികളിലും ആവശ്യമായ മാറ്റങ്ങൾ നടപ്പാക്കാതെ മുന്നോട്ടുപോകാൻ കഴിയില്ല.ലോകത്ത് സംഭവിക്കുന്ന മാറ്റങ്ങൾക്കും തൊഴിൽരീതികൾക്കും അനുസൃതവും സജ്ജവുമായി നൈപുണ്യമുള്ള വിദ്യാർത്ഥികളെ നയിക്കണം. അതിനായി മാറ്റങ്ങൾ ഉൾക്കൊള്ളാൻ തയ്യാറാകാതെ മുന്നേറാൻ കഴിയില്ല. സാമൂഹികജീവിയായി മാറാനും മറ്റുള്ളവരെ അംഗീകരിക്കുന്നവരും ആദരിക്കുന്നവരുമായി മാറ്റാനും കഴിയേണ്ടത് സമൂഹത്തിന്റെ പൊതു ആവശ്യവുമാണ്. ക്‌ളാസ് മുറികളിൽ നിന്നുൾപ്പെടെ മാറ്റവും നവീകരണവും അനിവാര്യമാണ്. ഭാവി ഇന്ത്യയെ സൃഷ്ടിക്കാൻ കഴിയുന്ന തരത്തിൽ സ്വയംപര്യാപ്തത, ഉത്തരവാദിത്വം തുടങ്ങിയ സൃഷ്ടിക്കാനും കഴിയണം.വികസിതരാജ്യത്തെ മികച്ച പൗരന്മാരായി വിദ്യാർത്ഥികളെ മാറ്റാൻ അദ്ധ്യാപകരും രക്ഷിതാക്കളും വിദ്യാഭ്യാസ സ്ഥാപനങ്ങളും കൂട്ടായ ലക്ഷ്യവും പരിശ്രമവും നടത്തേണ്ടത് പ്രധാനമാണ്. അക്കാഡമികമായ പഠനത്തിനപ്പുറം ഒരുമിച്ച് പ്രവർത്തിക്കാൻ തയ്യാറാകണം. ശക്തവും സുസ്ഥിരവുമായ ബന്ധം അദ്ധ്യാപകരും രക്ഷിതാക്കളും തമ്മിൽ നിലനിറുത്തേണ്ടത് അനിവാര്യമാണ്.വിദ്യാഭ്യാസ, സാമൂഹിക, സാങ്കേതിക രംഗങ്ങളിൽ വിദഗ്ദ്ധർ പങ്കെടുത്ത ചർച്ചകളിലും സംവാദത്തിലും പ്രഭാഷണങ്ങളിലും ഉരുത്തിരിഞ്ഞ ആശയങ്ങളും ലക്ഷ്യങ്ങളും പദ്ധതികളും സി.ബി.എസ്.ഇ., കേന്ദ്ര സംസ്ഥാന സർക്കാർ, വിദ്യാഭ്യാസമേഖലയിലെ ഗവേഷണ വികസന സ്ഥാപനങ്ങൾ എന്നിവയ്ക്ക് കൈമാറുമെന്ന് സെമിനാറിന്റെ ദേശീയ ചെയർപേഴ്‌സണും നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ സ്‌കൂൾസ് സെക്രട്ടറി ജനറലുമായ ഡോ. ഇന്ദിര രാജൻ അറിയിച്ചു.വിദ്യാഭ്യാസമന്ത്രി എൻ. ഷംസുദ്ദീൻ ഉദ്ഘാടനം ചെയ്ത സെമിനാറിൽ വൈസ് അഡ്മിറൽ സമീർ സക്‌സേന, യുനെസ്‌കോ സെക്രട്ടറി ഒബിജിയഫർ അഗിനാം, സി.ബി.എസ്.ഇ പരീക്ഷാ കൺട്രേളർ ഡോ. സന്യാം ഭരദ്വാജ്, സെക്രട്ടറി ജയ്പ്രകാശ് ചതുർവേദി, റീജണൽ ഓഫീസർ രജിബ് ബറൂവ, ഐ.ഐ.എം. കോഴിക്കോട് ഡയറക്ടർ പ്രൊഫ. ദേബാശിഷ് ചാറ്റർജി, ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ, ജില്ലാ കളക്ടർ ജി. പ്രിയങ്ക, യംഗ് ഇന്ത്യ സ്‌പോർട്‌സ് യൂണിവേഴ്‌സിറ്റി വൈസ് ചാൻസലർ ഡോ. കിഷോർ ഗോപിനാഥ്, കൊച്ചി സർവകലാശാലയിലെ ഡോ. എം.വി ജൂഡി, ജെയിൻ യൂണിവേഴ്‌സിറ്റി ഡപ്യൂട്ടി ഡയറകറക്ടർ ഡോ. സിമ്മി കുര്യൻ, ആർക്കിടെക്ട് ബി.ആർ. അജിത്, അമൃത ഇൻസ്റ്റിറ്റിയൂട്ട് ഓഫ് സയൻസസിലെ അസോസിയേറ്റ് പ്രൊഫസർ ഡോ. ധന്യ ചന്ദ്രൻ തുടങ്ങിയവർ ചർച്ചകളിൽ പങ്കെടുത്തു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img