
പഹൽഗാം ഭീകരാക്രമണത്തെ തുടർന്ന് പാകിസ്ഥാനിൽ അതീവ ജാഗ്രത. ഭീകരാക്രമണത്തിന് പിന്നാലെ ഇന്ത്യ നിലപാട് കടുപ്പിച്ചതോടെ സൈനിക നടപടി പോലുമുണ്ടാകാമെന്ന ഭയത്തിലാണ് പാകിസ്ഥാൻ. പാകിസ്ഥാൻ ദേശീയ സുരക്ഷാസമിതി യോഗം ചേർന്ന് സ്ഥിതിഗതികൾ വിലയിരുത്തി. ഇതിന് പിന്നാലെ പാക് വ്യോമാതിർത്തി അടയ്ക്കാനും തീരുമാനിച്ചിട്ടുണ്ട്. ഇന്ത്യ കർശന നിലപാടുകൾ സ്വീകരിച്ചതിന് പ്രതികാരമെന്നവണ്ണം ഷിംല കരാറിൽ നിന്ന് പിന്മാറാനും പാക് ഭരണകൂടം തീരുമാനിച്ചു.
പഹൽഗാം ഭീകരാക്രമണത്തിന് ഇന്ത്യയിൽ നിന്നും ഒരു തിരിച്ചടി പാകിസ്ഥാൻ പ്രതീക്ഷിക്കുന്നുണ്ട്. എന്നാൽ, അത് ഏത് തരത്തിലാകുമെന്ന മുൻവിധിയിലെത്താൻ പാക് ഭരണകൂടത്തിന് കഴിഞ്ഞിട്ടില്ല. പാക് വ്യോമാതിർത്തി അടയ്ക്കുന്നതിനും ഇന്ത്യൻ വിമാനങ്ങൾക്ക് അനുമതി നിഷേധിക്കുന്നതിനും പാകിസ്ഥാൻ തീരുമാനിച്ചത് ഇന്ത്യയിൽ നിന്നുള്ള വ്യോമാക്രണം ഭയന്നാണെന്ന റിപ്പോർട്ടുകളും പുറത്തുവരുന്നുണ്ട്.
ഇന്ത്യ അട്ടാരി - വാഗ അതിർത്തി അടച്ചതിന് സമാനമായി പാകിസ്ഥാനും ഈ അതിർത്തി അടയ്ക്കും. ഇന്ത്യയുമായുള്ള വ്യാപാര ബന്ധവും നിർത്താനാണ് തീരുമാനമായതായാണ് വിവരം. ഇന്ത്യക്കാരോട് 48 മണിക്കൂറിനുള്ളിൽ രാജ്യം വിടാനും പാകിസ്ഥാൻ നിർദേശിച്ചു. സിഖ് തീർത്ഥാടകർ ഒഴികെയുള്ളവരുടെ സാർക് പ്രകാരമുള്ള എല്ലാ വിസകളും റദ്ദാക്കി. പാകിസ്ഥാനിലെ ഇന്ത്യൻ ഹൈക്കമ്മീഷനിലെ ഡിഫൻസ് അറ്റാഷമാരോട് രാജ്യം വിടാനും പാക് ഭരണകൂടം ആവശ്യപ്പെട്ടു. പാകിസ്താനിലെ ഡിഫൻസ് അറ്റാഷമാരെ ഇന്ത്യ ഇന്നലെ തിരികെ വിളിച്ചിരുന്നു.
ഇന്ത്യയിൽ നിന്നുള്ള സൈനികനടപടി ഭയന്നാണ് പാക് വ്യോമാതിർത്തി അടയ്ക്കുന്നതെന്നാണ് സൂചന. പുൽവാമ ആക്രമണത്തിന് പിന്നാലെ ഇന്ത്യൻ യുദ്ധവിമാനങ്ങൾ അതിർത്തി കടന്ന് പാകിസ്താനിൽ ബോംബിട്ടിരുന്നു. പഹൽഗാമിലുണ്ടായ ഭീകരാക്രമണത്തിൽ പാകിസ്താനെതിരെ നയതന്ത്ര തലത്തിൽ കടുത്ത നടപടികളിലേക്കാണ് ഇന്ത്യ നീങ്ങുന്നത്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയിൽ ചേർന്ന സുരക്ഷ സംബന്ധിച്ച കാബിനറ്റ് കമ്മിറ്റിയുടെ യോഗത്തിൽ സിന്ധു നദീജല കരാർ മരവിപ്പിക്കാൻ തീരുമാനിച്ചിരുന്നു.











