
ദേശീയ കാവ്യോത്സവം ഇടപ്പള്ളി ചങ്ങമ്പുഴ പാർക്കിൽ തമിഴ് കവയിത്രി കുട്ടി രേവതി ഉദ്‌ഘാടനം ചെയ്യുന്നു. ഷാജി ജോർജ് പ്രണത, കെ ജയകുമാർ, ഡോ. ധർമ്മരാജ് അടാട്ട്, ഉമ തോമസ് എംഎൽഎ, വി കെ മധു, പി ജി സജീവ്, ലളിത ചങ്ങമ്പുഴ, ഡി ആർ രാജേഷ് എന്നിവർ വേദിയിൽ.
ചങ്ങമ്പുഴയുടെയും ഇടപ്പള്ളിയുടെയും വൈലോപ്പിള്ളിയുടെയും കാവ്യസ്‌മരണകൾ നിറയുന്ന ഇടപ്പള്ളിയുടെ മണ്ണിൽ മൂന്നുദിവസത്തെ ദേശീയ കാവ്യോത്സവത്തിനു പ്രൗഢോജ്ജ്വല തുടക്കം. ചങ്ങമ്പുഴ കൃഷ്ണപിള്ളയുടെ ‘രമണൻ’, ഇടപ്പള്ളി രാഘവൻപിള്ളയുടെ ‘മണിനാദം’, വൈലോപ്പിള്ളി ശ്രീധരമേനോന്റെ ‘മാമ്പഴം’ എന്നിവയുടെ 90-ാം വാർഷികാചരണത്തിന്റെ ഭാഗമായി എറണാകുളം ജില്ലാ ലൈബ്രറി കൗൺസിൽ സംഘടിപ്പിക്കുന്ന 'ദേശീയ കാവ്യോത്സവം 2026'-ന് ചങ്ങമ്പുഴ പാർക്കിൽ തമിഴ് കവയിത്രിയും ആക്ടിവിസ്റ്റുമായ രേവതി സുയംബുലിംഗം (കുട്ടി രേവതി) ഉദ്ഘാടനം ചെയ്‌തു.
അവകാശ സംരക്ഷണ പോരാട്ട വീര്യമാണ് തന്റെ കവിതകൾക്കു പ്രേരണയെന്ന് കുട്ടി രേവതി പറഞ്ഞു. അതിക്രമങ്ങൾക്കും അടിച്ചമർത്തലുകൾക്കുമെതിരെ സ്വാതന്ത്ര്യത്തിന്റെ ആയുധമായി കവിതകളെ ഉപയോഗിക്കാമെന്ന് ശ്രീലങ്കൻ ഈഴ സ്ത്രീ കവിതകൾ തെളിയിച്ചതായും കുട്ടിരേവതി പറഞ്ഞു. സംഘാടകസമിതി ചെയർമാൻ കെ. ജയകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. ആധുനിക സമൂഹത്തിൽ കവിതകൾ വായിക്കപ്പെടുന്നുണ്ടോ എന്ന് സംശയിക്കേണ്ട സാഹചര്യമാണുള്ളതെന്നും, മലയാള കവികൾക്ക് ഇന്നത്തെ കാലഘട്ടത്തിൽ അർഹമായ പ്രാധാന്യം ലഭിക്കുന്നുണ്ടോ എന്ന് ആത്മപരിശോധന നടത്താൻ ഈ കാവ്യോത്സവം സഹായകമാകട്ടെ എന്നും അദ്ദേഹം പറഞ്ഞു.
ചടങ്ങിൽ ഉമ തോമസ് എംഎൽഎ, കേരള സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി വി കെ മധു, ജില്ലാ ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഷാജി ജോർജ് പ്രണത, സെക്രട്ടറി പി ജി സജീവ്, താലൂക്ക് ലൈബ്രറി കൗൺസിൽ സെക്രട്ടറി ഡി ആർ രാജേഷ് എന്നിവർ സംസാരിച്ചു. കാവ്യോത്സവ മൽസര വിജയികൾക്ക് സംസ്ഥാന ലൈബ്രറി കൗൺസിൽ പ്രസിഡന്റ് ഡോ. ധർമ്മരാജ് അടാട്ട് സമ്മാനം നൽകി. ചങ്ങമ്പുഴയുടെ മകൾ ലളിത ചങ്ങമ്പുഴ പതാക ഉയർത്തി.
തുടർന്ന് ബഹുഭാഷാ കവിയരങ്ങ് കന്നട കവി ഡോ. എച്ച് എൽ പുഷ്‌പ ഉദ്‌ഘാടനം ചെയ്‌തു. കുട്ടി രേവതിയുമായുള്ള മുഖാമുഖവുമുണ്ടായി. വൈലോപ്പിള്ളി കവിതയിലെ വൈരുദ്ധ്യങ്ങൾ എന്ന വിഷയത്തിൽ ഡോ. സുനിൽ പി ഇളയിടം പ്രഭാഷണം നടത്തി.
മൂന്ന് ദിവസങ്ങളിലായി നടക്കുന്ന കാവ്യോത്സവത്തിൽ സെമിനാറുകൾ, കവിയരങ്ങ്, മുഖാമുഖം, പ്രഭാഷണങ്ങൾ തുടങ്ങിയ വിവിധ പരിപാടികൾ അരങ്ങേറും. ജനപ്രതിനിധികൾ, കവികൾ, സാംസ്കാരിക-അക്കാദമിക് രംഗത്തെ പ്രമുഖർ, എഴുത്തുകാർ, ലൈബ്രറി പ്രവർത്തകർ തുടങ്ങി നിരവധിയാളുകൾ പരിപാടിയിൽ പങ്കാളികളാകും.
Photo Courtesy - Google









