
ന്യൂഡൽഹി: ദേശീയ പാർട്ടികളുടെ വരുമാനത്തിൽ 2024-25 സാമ്പത്തിക വർഷം വൻ വർധനവ്. മുൻവർഷത്തെ അപേക്ഷിച്ച് 161 ശതമാനം അധികം സംഭാവനകളാണ് 2024- 2025ൽ ലഭിച്ചത്.
സംഭാവനകളുടെ ഭൂരിഭാഗവും ബിജെപിയിലേക്കാണ് ഒഴുകിയത്. മറ്റു അഞ്ച് ദേശീയ പാർട്ടികൾ ചേർന്ന് നേടിയതിനെക്കാൾ ഏറെ—പത്തിരട്ടിയിലധികം—തുകയാണ് ബിജെപി സ്വന്തമാക്കിയതെന്ന് അസോസിയേഷൻ ഫോർ ഡെമോക്രാറ്റിക് റിഫോംസ് റിപ്പോർട്ട് വ്യക്തമാക്കുന്നു.
കോർപ്പറേറ്റ് സംഭാവനകളിൽ മാത്രം ബിജെപിക്ക് 5,717.167 കോടി രൂപ ലഭിച്ചു. പ്രുഡന്റ് ഇലക്ടറൽ ട്രസ്റ്റ് നൽകിയ 2,413.465 കോടിയിൽ 2,180 കോടി രൂപ ബിജെപിക്കാണ് ലഭിച്ചത്. സിറം ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യയും 100 കോടി രൂപ സംഭാവനയായി നൽകി.
മൊത്തം സംഭാവന 6,648.563 കോടി രൂപയായപ്പോൾ, അതിൽ 6,074.015 കോടി രൂപ ബിജെപിക്ക് ലഭിച്ചു. ഇത് കഴിഞ്ഞ വർഷത്തേക്കാൾ 171 ശതമാനം വർധനയാണ്. കോൺഗ്രസിന് 517.394 കോടി രൂപയും (84% വർധന), ആം ആദ്മി പാർട്ടിക്ക് 27.044 കോടി രൂപയും ലഭിച്ചു.











