കല്‍ക്കി ഭഗവാന്റെ ആശ്രമത്തില്‍ കയറിയ
ഇന്‍കംടാക്‌സ് ഉദ്യോഗസ്ഥന് ബോധംപോയി

989 -ല്‍ കല്‍കി ഭഗവാന്റെ അവതാരമാണ് താനെന്നവകാശപ്പെട്ടുകൊണ്ട് നായിഡു ഒരു ആശ്രമം തുടങ്ങുകയായിരുന്നു. ഇന്‍സ്റ്റന്റ് നിര്‍വാണം ആയിരുന്നു വാഗ്ദാനം. ആശ്രമം പച്ചപിടിച്ചു. നിരവധിപേര്‍ ഭക്തരായെത്തി. സമ്പത്തും ഒഴുകിത്തുടങ്ങി. അതോടെ അവര്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വരദയ്യാപാളയത്തിലേക്ക് ആശ്രമം പറിച്ചുനട്ടു. ചെന്നൈയില്‍ നിന്ന് വെറും 80 കിമീ ദൂരെ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ കാമ്പസിനുള്ളില്‍ അവര്‍ വണ്‍നെസ്സ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു
ഇന്കംടാര്സ് ഉദ്യോഗസ്ഥര്‍ വിവിധഇടങ്ങളില്‍ റെയ്ഡിന് പോകുന്നതും കണക്കില്‍പ്പെടാത്ത സ്വത്തുക്കളും സ്വര്‍ണ്ണവുമൊക്കെ കണ്ടുകെട്ടുന്നതും പുതിയ സംഭവമൊന്നുമല്ല. പക്ഷേ, അടുത്തിടെ കല്‍ക്കി ഭഗവാന്‍ എന്ന ആള്‍ദൈവത്തിന്റെ ആശ്രമത്തില്‍ കയറിയ ഐ.ടി. ഉദ്യോഗസ്ഥന്‍ ഞെട്ടിത്തരിച്ചുപോയി. ടിയാന് ഇതുവരെ 'ബോധം' വന്നിട്ടില്ലെന്നാണ് ഐ.ടി. വൃത്തങ്ങള്‍ പറയുന്നത്.
വി. വിജയകുമാര്‍ നായിഡു (കല്‍ക്കി ഭഗവാന്‍) എന്ന സ്വയംപ്രഖ്യാപിത ആള്‍ദൈവത്തിന്റെ ആശ്രമത്തിലാണ് റെയ്ഡ് നടന്നത്. ടിയാന്‍ ബി.പി.എല്‍. കാര്‍ഡുകാരനാണ് എന്നറിഞ്ഞുകൊണ്ട് ഇന്‍കംടാക്‌സുകാര്‍ നടത്തിയ റെയ്ഡിനെതിരെ ചില ഭക്തന്‍മാര്‍ ആദ്യം പ്രതിഷേധിച്ചെങ്കിലും പിന്നീടവര്‍ പിന്‍വാങ്ങി. ആശ്രമത്തില്‍ നിന്നും പുറത്തേക്ക് കൊണ്ടുവന്ന പെട്ടികളുടെ വലുപ്പം കണ്ട് ശിക്ഷ്യന്‍മാരുടെ വരെ കണ്ണുതള്ളിപ്പോയത്രെ. ചിറ്റൂരിലെ ആശ്രമത്തില്‍ ക്യാഷായി മാത്രം ഉണ്ടായിരുന്നത് 93 കോടി രൂപയാണ്. തമിഴ്നാട്ടിലും ആന്ധ്രയിലും മറ്റുമുള്ള കല്‍ക്കിയുടെ മറ്റ് ആശ്രമങ്ങളില്‍ നിന്നായി ആകെ 409 കോടിയുടെ സ്വത്തുക്കള്‍ കണ്ടെടുക്കപ്പെട്ടു. അമേരിക്കന്‍ ഡോളറില്‍ മാത്രമായി ആശ്രമത്തില്‍ സൂക്ഷിച്ചിരുന്നത് 18 കോടിയോളം രൂപയാണ്. മറ്റുരാജ്യങ്ങളുടെ കറന്‍സികളും എമ്പാടുമുണ്ടായിരുന്നു. ഇതിനൊക്കെ പുറമെ, 28 കോടി വിലമതിക്കുന്ന 88 കിലോഗ്രാം സ്വര്‍ണം. അഞ്ചുകോടിയുടെ 1271 കാരറ്റിന്റെ വജ്രാഭരണങ്ങള്‍ എന്നിവയും ഐ.ടി. ഉദ്യോഗസ്ഥര്‍ പിടിച്ചെടുത്തു. കണക്കില്‍ പെടാത്തതായി ആകെ 500 കോടിയില്‍ പരം രൂപയുടെ ആസ്തിയുണ്ട് കല്‍ക്കി ഭഗവാന്. കല്‍ക്കി ഭഗവാന്റെ നിത്യവസ്ത്രം വെള്ളപ്പട്ടാണ്. വെള്ള ജൂബയും വെള്ള പാന്റ്‌സുമാണ് സ്ഥിരം വസ്ത്രം. ഇടയ്ക്കിടെ സ്വര്‍ണ്ണനിറമുള്ള വസ്ത്രങ്ങളും ധരിക്കാറുണ്ട്. രണ്ടിനും സ്വര്‍ണ്ണവര്‍ണ്ണത്തിലുള്ള ഒരു ഷാള്‍ കഴുത്തില്‍ കാണും. തമിഴ്നാട്ടിലും, ആന്ധ്രയിലും നിരവധി ആശ്രമങ്ങളുള്ള കല്‍ക്കിയ്ക്ക് വിദേശത്തും നിരവധി അനുയായികളുണ്ട്.
ഭഗവാന്റെ ചരിത്രം ഇങ്ങിനെ - 1949-ല്‍ തമിഴ്നാട്ടിലെ വെല്ലൂരില്‍, എസ്. വരദരാജുലു നായിഡുവിനും, വി. വൈദര്‍ഭിക്കും മകനായി ജനിച്ച വിജയകുമാര്‍ നായിഡു, ഒരു എല്‍.ഐ.സി. ഗുമസ്തനായിട്ടാണ് തന്റെ ഔദ്യോഗിക ജീവിതം ആരംഭിക്കുന്നത്. എന്നാല്‍ 1984 -ല്‍ തന്റെ സ്‌നേഹിതനായ ശങ്കറുമൊത്ത് നടത്തിയ അഞ്ചുവര്‍ഷത്തെ തയ്യാറെടുപ്പായിരുന്നു ഈ കല്‍ക്കി അവതാരം. അഞ്ചു വര്‍ഷത്തിനുളളില്‍ കല്‍ക്കി ഭഗവാന്‍ എന്ന പേരില്‍ പുനരവതരിക്കുന്നു. കല്‍ക്കി ഭഗവാന്‍ വിഷ്ണുവിന്റെ പത്താം അവതാരമാണ് എന്നാണ് സങ്കല്‍പം. സ്വയം ഭഗവദ് രൂപം ആര്‍ജ്ജിച്ചതോടൊപ്പം ഭാര്യക്കും ദൈവപദവി നല്‍കി നായിഡു. അമ്മ ഭഗവാന്‍ എന്നായിരുന്നു ഭാര്യയുടെ പുതിയ അവതാരനാമം. ജീവാശ്രമം എന്ന പേരില്‍ രാജപ്പേട്ടയില്‍ ഒരു റെസിഡന്‍ഷ്യല്‍ സ്‌കൂളാണ് നായിഡുവും ശങ്കറും ചേര്‍ന്ന് ആദ്യമായി തുടങ്ങിയ സ്ഥാപനം. 'ആധ്യാത്മികതയിലൂന്നിയ ആധുനികവിദ്യാഭ്യാസം' എന്ന ആശയം മുന്നോട്ടുവെക്കാനാണ് തങ്ങള്‍ ഈ സ്ഥാപനം തുടങ്ങിയിരിക്കുന്നത് എന്നാണ് അന്നവര്‍ അവകാശപ്പെട്ടത്. ആ സ്‌കൂള്‍ സാമ്പത്തികമായി പരാജയപ്പെട്ടതോടെ, 1989 -ല്‍ കല്‍കി ഭഗവാന്റെ അവതാരമാണ് താനെന്നവകാശപ്പെട്ടുകൊണ്ട് നായിഡു ഒരു ആശ്രമം തുടങ്ങുകയായിരുന്നു. ഇന്‍സ്റ്റന്റ് നിര്‍വാണം ആയിരുന്നു വാഗ്ദാനം. ആശ്രമം പച്ചപിടിച്ചു. നിരവധിപേര്‍ ഭക്തരായെത്തി. സമ്പത്തും ഒഴുകിത്തുടങ്ങി. അതോടെ അവര്‍ ആന്ധ്രാപ്രദേശിലെ ചിറ്റൂര്‍ ജില്ലയിലെ വരദയ്യാപാളയത്തിലേക്ക് ആശ്രമം പറിച്ചുനട്ടു. ചെന്നൈയില്‍ നിന്ന് വെറും 80 കിമീ ദൂരെ സ്ഥിതി ചെയ്യുന്ന ആശ്രമത്തിന്റെ കാമ്പസിനുള്ളില്‍ അവര്‍ വണ്‍നെസ്സ് യൂണിവേഴ്‌സിറ്റി സ്ഥാപിച്ചു.
കല്‍ക്കി ഭഗവാന്‍ നടത്തിയ പ്രഭാഷണങ്ങളില്‍ നിന്ന് ഭക്തരില്‍ പലരും സാമ്പത്തികവും, തൊഴില്‍പരവും, ആരോഗ്യപരവുമായ അഭിവൃദ്ധിക്കുള്ള സൂചകങ്ങള്‍ കണ്ടെടുത്തു. അവര്‍ പറഞ്ഞു പറഞ്ഞ് പുതിയ ഭക്തര്‍ വന്നെത്തി. ആശ്രമം പടര്‍ന്നു പന്തലിച്ചു. സമ്പത്ത് ദിനം പ്രതി ഏറിയേറി വന്നു. പരിപാടികളില്‍ പങ്കെടുക്കാന്‍ ഋത്വിക് റോഷനും മനീഷാ കൊയ്രാളയും അടക്കമുള്ള സെലിബ്രിറ്റികള്‍ എത്തിയതോടെ പ്രസിദ്ധി വീണ്ടും വര്‍ധിച്ചു. അതോടെ വിദേശങ്ങളില്‍ നിന്നുപോലും ബിസിനസുകാരും മറ്റും കല്‍ക്കി ഭഗവാന്റെ ഉപദേശങ്ങള്‍ തേടി വരവ് തുടങ്ങി.
5000 രൂപ ചെലവുള്ള സാധാരണ ദര്‍ശനം മുതല്‍ 50,000 രൂപ ചെലവുള്ള വിശേഷ ദര്‍ശനം വരെ കല്‍ക്കി ആശ്രമത്തിലുണ്ട്. ഇങ്ങനെ കാശ് കൊടുത്ത് കാണാന്‍ ഇടിച്ചു കേറിയ ജനക്കൂട്ടത്തിന്റെ തിക്കിലും തിരക്കിലും പെട്ട് 2008-ല്‍ അഞ്ചു പേര്‍ മരിച്ച സംഭവം പത്രങ്ങളില്‍ വലിയ വാര്‍ത്തയായിരുന്നു. 50,000 രൂപ ചെലവുള്ള സ്പെഷ്യല്‍ ധ്യാനപരിപാടിയും നിരവധി വിദേശികളെ ആശ്രമത്തിലേക്ക് ആകര്‍ഷിച്ചു. 2002-ല്‍ ഇന്ത്യാ ടുഡേക്കു നല്‍കിയ അഭിമുഖത്തില്‍ കല്‍ക്കി ഭഗവാന്‍ ഇങ്ങനെ പറഞ്ഞിരുന്നു - ഒരു ഓപ്പല്‍ ആസ്ട്ര വാങ്ങാനാകുമോ എന്ന് നിങ്ങളെന്നോട് ചോദിച്ചാല്‍ ഞാന്‍ കണ്ണടച്ച് നിങ്ങളൊരു ഓപ്പല്‍ ആസ്ട്ര കാറില്‍ ഇരിക്കുന്നത് സങ്കല്‍പ്പിക്കാന്‍ നോക്കും. എനിക്ക് ആ രംഗം എന്റെ മനസ്സില്‍ കാണാന്‍ സാധിച്ചാല്‍ അധികം വൈകാതെ നിങ്ങള്‍ക്ക് ഓപ്പല്‍ ആസ്ട്ര കാര്‍ സ്വന്തമാക്കാന്‍ പറ്റും. എനിക്ക് ആ രംഗം കാണാന്‍ സാധിച്ചില്ല എന്നുണ്ടെങ്കില്‍, ഞാന്‍ നിങ്ങളോട് പറയുക, കുറേക്കാലം കൂടി പാവങ്ങളെ സേവിച്ച ശേഷം, നിങ്ങളുടെ ലക്ഷ്യത്തോട് കുറച്ചുകൂടി അടുത്ത ശേഷം വരൂ.. എന്നാവും.
ഒരാള്‍ക്ക് അറിയേണ്ടിയിരുന്നത് കാണാന്‍ ഐശ്വര്യാ റായിയെപ്പോലെ ഇരിക്കുന്ന ഒരു പെണ്‍കുട്ടിയെ വിവാഹം കഴിക്കാനാകുമോ എന്നായിരുന്നു. ഞാന്‍ നോക്കിയപ്പോള്‍ അത് കാണുകയും ചെയ്തു. അങ്ങനെ തന്നെ സംഭവിച്ചു അയാളുടെ ജീവിതത്തില്‍. നിങ്ങള്‍ക്ക് ക്രിസ്ത്യാനി ആകണമെന്നുണ്ടെങ്കില്‍ ഞാന്‍ നിങ്ങള്‍ക്ക് യേശുക്രിസ്തുവിനെ കാണിച്ചു തരും. അതുപോലെ ഹിന്ദുക്കള്‍ക്ക് രാമനെയും. ഞാന്‍ ഒരു സ്പിരിച്വല്‍ സൂപ്പര്‍മാര്‍ക്കറ്റാണ്. ഇതാണ് സ്വാമിയുടെ വാക്കുകള്‍. എങ്ങിനുണ്ട് ! എഴുപതുകാരനായ കല്‍ക്കിഭഗവാനിപ്പോള്‍ പണ്ടത്തെയത്ര ആരോഗ്യമില്ല. അതുകൊണ്ടുതന്നെ വണ്‍നെസ് യൂണിവേഴ്സിറ്റിയും, അനുബന്ധ സ്ഥാപനങ്ങളും ഒക്കെ ഇപ്പോള്‍ നോക്കിനടത്തുന്നത് അമ്മ ഭഗവാനും മകന്‍ കൃഷ്ണയും ചേര്‍ന്നാണത്രെ. എങ്കിലും, കല്‍ക്കി ഭഗവാന്‍ ഇടയ്ക്കിടെ വീഡിയോ സന്ദേശങ്ങളുടെ രൂപത്തില്‍ തന്റെ ഭക്തരെ തേടിയെത്താറുണ്ട്. ആദായ നികുതി പരിശോധനകളൊന്നും തന്നെ കല്‍ക്കി ഭഗവാന്റെ ആശ്രമത്തില്‍ ആധ്യാത്മികനിര്‍വാണം തേടിയെത്തുന്ന ഭക്തരുടെ ഒഴുക്കിന് ഭംഗം വരുത്തിയിട്ടില്ല എന്നാണ് ആശ്രമത്തിലെ അന്തേവാസികളുടെ അഭിപ്രായം.
Photo Courtesy - Google











