11:05am 18 January 2026
NEWS
രാമാക്ഷേത്രനിര്‍മ്മാണം അടുത്തവര്‍ഷം
ആരംഭിക്കും, നീക്കങ്ങള്‍ ശക്തമാക്കി
കേന്ദ്ര സര്‍ക്കാരും വി.എച്ച്.പിയും

17/11/2019  12:11 PM IST
Keralasabdam Online Desk
രാമാക്ഷേത്രനിര്‍മ്മാണം അടുത്തവര്‍ഷം
HIGHLIGHTS

ക്ഷേത്രത്തിന് 268 അടി നീളവും 140 അടി വീതിയും നിലത്തുനിന്ന് അഗ്രഭാഗം വരെ 128 അടി ഉയരവും ഉണ്ടാകും. 212 തൂണുകള്‍ ക്ഷേത്രത്തിനായി ഉപയോഗിക്കുമെന്നും ശില്‍പശാലയുടെ ചുമതലയുള്ള അന്നുഭായി സോംപുര പറഞ്ഞു. കണക്കുപ്രകാരമുള്ള ക്ഷേത്ര കവാടങ്ങളും തൂണുകളില്‍ പകുതിയും തയ്യാറായിട്ടുണ്ടെന്നും അന്നുഭായി പറഞ്ഞു

യോധ്യയിലെ തര്‍ക്ക ഭൂമിയില്‍ രാമക്ഷേത്രം നിര്‍മ്മിക്കാന്‍ സുപ്രീംകോടതി ഉത്തരവിട്ടതോടെ നൂറ്റാണ്ടുകള്‍ നീണ്ട തര്‍ക്കത്തിനാണ് അന്ത്യമായിരിക്കുന്നത്. അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണം അടുത്ത വര്‍ഷം ആരംഭിക്കുമെന്നാണ് സൂചന. മകരസംക്രാന്തി ദിനത്തിലായിരിക്കും രാമക്ഷേത്രത്തിനുളള നിര്‍മ്മാണ പ്രവര്‍ത്തികള്‍ക്ക് തുടക്കമിടുക എന്നും റിപ്പോര്‍ട്ടുകളുണ്ട്. മൂന്നു മാസത്തിനകം ക്ഷേത്ര നിര്‍മ്മാണത്തിനുള്ള ട്രസ്റ്റിന് രൂപം നല്‍കണമെന്നാണ് സുപ്രീംകോടതി ഉത്തരവ് പ്രകാരം ട്രസ്റ്റ് രൂപീകരിക്കാനുളള നടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ ആരംഭിച്ച് കഴിഞ്ഞുവെന്നാണ് സൂചനകള്‍. അയോധ്യ തര്‍ക്കഭൂമിയില്‍ രാമക്ഷേത്രം പണിയാമെന്ന കോടതി വിധി വന്നതോടെ പുതിയ രാമക്ഷേത്രത്തിന്റെ മാതൃക പരിചയപ്പെടുത്തുകയാണ് വിഎച്ച്പി. 212 തൂണുകളും അഞ്ച് പ്രവേശന കവാടങ്ങളുമുള്ള വലിയൊരു ക്ഷേത്രത്തിനാണ് വിഎച്ച്പി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന സംഘടനയായ രാമജന്മഭൂമി ന്യാസ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. രാമജന്മഭൂമി ന്യാസ് രൂപകല്‍പ്പന ചെയ്ത ക്ഷേത്രം തന്നെ അയോധ്യ തര്‍ക്കഭൂമിയില്‍ ക്ഷേത്രം പണിയാന്‍ ചുമതലപ്പെടുത്തുന്ന ട്രസ്റ്റ് പണികഴിപ്പിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും വിഎച്ച്പി വക്താവ് ശരത് ശര്‍മ്മ പറഞ്ഞു. അയോധ്യ തര്‍ക്കഭൂമിയില്‍ എന്നെങ്കിലും രാമക്ഷേത്രം വരുന്ന പ്രതീക്ഷയില്‍ രാമജന്മഭൂമി ന്യാസ് 1990 മുതല്‍ അതിന് വേണ്ട തയ്യാറെടുപ്പുകള്‍ നടത്തിയിരുന്നു. നിരവധി കൗശലപ്പണിക്കാരും ശില്‍പികളും അണിനിരന്ന് ക്ഷേത്രം പണിയാന്‍ ആവശ്യമായ തൂണുകളും ശില്‍പങ്ങളും തയ്യാറാക്കി വച്ചിട്ടുണ്ട്. പാറക്കല്ലില്‍ ശില്‍പ്പമടക്കം കൊത്തിവച്ചിട്ടുണ്ട്. രാംലല്ലയ്ക്ക് വേണ്ടി അയോധ്യയില്‍ ഒരിക്കല്‍ ക്ഷേത്രം പണിയുമ്പോള്‍ പാറക്കല്ലില്‍ കൊത്തിവച്ചിരിക്കുന്ന തൂണുകളും ശില്‍പങ്ങളും ഉപയോഗിക്കാമെന്ന പ്രതീക്ഷയിലായിരുന്നു ഒരു ശില്‍പ്പശാലയ്ക്ക് തന്നെ ന്യാസ്  രൂപം നല്‍കിയിരുന്നത്.
          ന്യാസിന്റെ പദ്ധതിപ്രകാരം ക്ഷേത്രത്തിന് 268 അടി നീളവും 140 അടി വീതിയും നിലത്തുനിന്ന് അഗ്രഭാഗം വരെ 128 അടി ഉയരവും ഉണ്ടാകും. 212 തൂണുകള്‍ ക്ഷേത്രത്തിനായി ഉപയോഗിക്കുമെന്നും ശില്‍പശാലയുടെ ചുമതലയുള്ള അന്നുഭായി സോംപുര പറഞ്ഞു. കണക്കുപ്രകാരമുള്ള ക്ഷേത്ര കവാടങ്ങളും തൂണുകളില്‍ പകുതിയും തയ്യാറായിട്ടുണ്ടെന്നും അന്നുഭായി പറഞ്ഞു. സിംഗ് ദ്വാര്‍, നൃത്ത മണ്ഡപ്, രണ്ട് മണ്ഡപ്, പൂജ മുറി, ഗര്‍ബ് ഗൃഹ തുടങ്ങി അഞ്ച് കവാടങ്ങളാണ് ക്ഷേത്രത്തിനുണ്ടാകുക. രാംലല്ലയ്ക്കായി പ്രത്യേകം തയ്യാറാക്കിയ സിംഹാസനവും ക്ഷേത്രത്തിലുണ്ടാകും. ഏകദേശം 1.75 ലക്ഷം കല്ലുകള്‍ ക്ഷേത്രനിര്‍മ്മാണത്തിന് വേണ്ടിവരും. 1989ല്‍ നടത്തിയ കല്ലിടല്‍ ചടങ്ങിന് മുമ്പായി രാജ്യത്തിന്റെ വിവിധഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളില്‍ നിന്ന് ശ്രീറാം എന്നെഴുതിയ കല്ലുകള്‍ ശേഖരിച്ചിരുന്നു. ഈ കല്ലുകള്‍ അയോധ്യയിലെ രാമക്ഷേത്രത്തിന്റെ നിര്‍മ്മാണത്തിനായി ഉപയോഗിക്കും. അന്ന് 50000 കല്ലുകളാണ് ശിലാസ്ഥാപനത്തിനായി ഉപയോഗിച്ചിരുന്നത്. ബാക്കി കല്ലുകള്‍ മൂപ്പത് വര്‍ഷമായി അയോധ്യയില്‍ നടത്തിവരുന്ന വിഎച്ച്പിയുടെ ശില്‍പശാലയില്‍ സൂക്ഷിച്ചിട്ടുണ്ടെന്നും ശരത് ഷര്‍മ്മ പറഞ്ഞു.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
EDITORS PICK
img