
ദോഹ: ഖത്തറിന്റെ ദേശീയ മനുഷ്യാവകാശ ആക്ഷൻ പ്ലാൻ (2026-2030) രൂപീകരിക്കുന്നതിന്റെ ഭാഗമായുള്ള കൂടിയാലോചന യോഗങ്ങൾ ദോഹയിൽ തുടരുന്നു. അന്താരാഷ്ട്ര സഹകരണത്തിനായുള്ള സഹമന്ത്രി മറിയം ബിൻത് അലി ബിൻ നാസർ അൽ മിസ്നദ് അധ്യക്ഷയായുള്ള 'ദേശീയ മനുഷ്യാവകാശ ആക്ഷൻ പ്ലാൻ തയ്യാറാക്കുന്നതിനുള്ള ദേശീയ സമിതി'യാണ് യോഗങ്ങൾ സംഘടിപ്പിക്കുന്നത്.
തിങ്കളാഴ്ച നടന്ന കൂടിയാലോചന യോഗത്തിന് നാഷണൽ പ്ലാനിങ് കൗൺസിൽ സെക്രട്ടറി ജനറൽ ഡോ. അബ്ദുൽ അസീസ് ബിൻ നാസർ ബിൻ മുബാറക് അൽ ഖലീഫ ആതിഥേയത്വം വഹിച്ചു. കൗൺസിലിന്റെ പരിധിയിൽ വരുന്ന വിവിധ വിഷയങ്ങളും, മനുഷ്യാവകാശ പ്ലാൻ കൂടുതൽ കാര്യക്ഷമമാക്കുന്നതിനുള്ള നിർദ്ദേശങ്ങളും യോഗം ചർച്ച ചെയ്തു. ദേശീയ നയങ്ങളുമായും നിയമനിർമ്മാണങ്ങളുമായും ഈ ആക്ഷൻ പ്ലാനിനെ എങ്ങനെ കൂടുതൽ സുഗമമായി യോജിപ്പിച്ചു കൊണ്ടുപോകാം എന്നതിലൂന്നിയായിരുന്നു പ്രധാന ചർച്ചകൾ.
മനുഷ്യാവകാശ സംരക്ഷണം ഉറപ്പാക്കുന്നതിനും പ്രോത്സാഹിപ്പിക്കുന്നതിനുമുള്ള ശക്തമായ ഒരു ദേശീയ ചട്ടക്കൂടായി ഈ ആക്ഷൻ പ്ലാൻ മാറേണ്ടതിന്റെ പ്രാധാന്യം അടിവരയിട്ടുകൊണ്ടാണ് യോഗം സമാപിച്ചത്. വരും ദിവസങ്ങളിലും പദ്ധതിയുമായി ബന്ധപ്പെട്ട് വിവിധ തലങ്ങളിൽ ചർച്ചകൾ തുടരും.










