
ദേശീയ പാത 183 ന്റെ കോട്ടയം ഐഡ ജംഗ്ഷൻ മുതൽ മണ്ണാത്തിപ്പാറ വരെയുള്ള ഭാഗം നവീകരിക്കുന്നതിനുള്ള സർവ്വേ നടപടികൾ ഒരു മാസത്തിനകം പൂർത്തിയാക്കുമെന്ന് ഫ്രാൻസിസ് ജോർജ് എം.പി അറിയിച്ചു.ഇത് സംബന്ധിച്ച് കോട്ടയം കളക്ട്രേറ്റിൽ ചേർന്ന യോഗത്തിൽ കളക്ടർ ചേതൻ കുമാർ മീണ ഐ.എ.എസ് അദ്ധ്യക്ഷത വഹിച്ചു.സർവ്വേ നടപടികൾ വേഗത്തിലാക്കുവാൻ നിലവിലുള്ള ഉദ്വോഗസ്ഥരെ സഹായിക്കുന്നതിനായി പ്രത്യേക സർവ്വേ ടീമിനെ നിയമിക്കുവാനും യോഗം തീരുമാനിച്ചു.5വില്ലേജുകളിലായി സ്ഥിതിചെയ്യുന്ന റോഡിന്റെ ഇരു വശങ്ങളിലും ഉള്ള സ്ഥലമുടമകൾക്കും സർവ്വേ നിയമ പ്രകാരം നോട്ടീസ് നൽകിയായിരിക്കും അളവ് നടപടികൾ നടത്തുക.റോഡിന്റെ അതിർത്തി അളന്ന് നിശ്ചയിക്കുന്ന മുറക്ക് ദേശീയ പാതാ വിഭാഗം അതിർത്തി കല്ലുകൾ സ്ഥാപിക്കും.
2025 - 26 വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ദേശീയപാതാ വിഭാഗം അനുവദിച്ച 150 കോടി രൂപ ഉപയോഗിച്ചുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നടത്തുന്നതിന്റെ ഭാഗമായിട്ടാണ് റോഡിന്റെ അതിർത്തി അളന്ന് നിശ്ചയിക്കുന്നത്.നിലവിലുള്ള റോഡിൽ 6 മീറ്റർ വീതിയിലാണ് ടാറിങ്ങ് ഉള്ളത്. ഇത് 10 മീറ്റർ വീതിയിൽ ടാർ ചെയ്യുക , റോഡിന്റെ ഇരുവശങ്ങളും കോൺക്രീറ്റ് ചെയ്ത് ബലപ്പെടുത്തുക, ആവശ്യമായ സ്ഥലങ്ങളിൽ ബസ് ബേകൾ നിർമ്മിക്കുക എന്നിവയാണ് ഈ പദ്ധതിയിൽ നടപ്പാക്കുക.ബന്ധപ്പെട്ട ഉദ്യോഗസ്ഥർ യോഗത്തിൽ പങ്കെടുത്തു.
Photo Courtesy - Google










