07:41pm 09 November 2026
NEWS
ദേശീയപാത വികസനം: പിഎസിക്കെതിരായ ആരോപണം അവഗണിക്കാനാവില്ല : പ്രൊഫ. കെവി തോമസ്
06/06/2025  01:20 PM IST
മൈക്കിള്‍ വര്‍ഗ്ഗീസ് ചെങ്ങാടക്കരി
ദേശീയപാത വികസനം: പിഎസിക്കെതിരായ ആരോപണം അവഗണിക്കാനാവില്ല : പ്രൊഫ. കെവി തോമസ്

കൊച്ചി: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ദേശീയപാതയുടെ വികസനത്തിന് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി ഉടക്ക് വെയ്ക്കുകയാണെന്ന് ആരെങ്കിലും പറഞ്ഞാൽ അവരെ കുറ്റപ്പെടുത്താൻ കഴിയില്ലെന്ന് പബ്ലിക് അക്കൌണ്ട്സ് കമ്മറ്റിയുടെ മുൻ ചെയർമാൻ കൂടിയായ കേരളത്തിന്റെ പ്രത്യേക പ്രതിനിധി പ്രൊഫ.കെ.വി. തോമസ് അഭിപ്രായപ്പെട്ടു. 
പിഎസി ചെയർമാന് മാത്രമായി പ്രത്യേക അധികാരമില്ല. പിഎസി ഏകകണ്ഠേന എടുക്കുന്ന തീരുമാനങ്ങൾ സ്പീക്കറുടെ അനുമതിയോടെ സമർപ്പിക്കുന്നത് പാർലമെന്റിലാണ്.  ഇക്കാര്യത്തിൽ  തീരുമാനം എടുക്കേണ്ടത് പാർലമെന്റാണ്. സിഎജിയുടെ ഉപദേശങ്ങൾ പബ്ലിക് അക്കൌണ്ട്സ് കമ്മറ്റി  പരിഗണിച്ചാണ് തീരുമാനങ്ങൾ പാർലമെന്റിൽ സമർപ്പിക്കുന്നത്. 
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പിഎസി മുമ്പാകെ വിളിപ്പിക്കുമെന്ന് ചെയർമാനെന്ന നിലയിൽ ഞാൻ പ്രസ്താവനയിറക്കിയ സാഹചര്യമല്ല ഇക്കാര്യത്തിലുള്ളത്. പാർലമെന്റ് നടക്കുന്ന സമയത്ത് പാർലമെന്റിനെ മുൻകൂട്ടി അറിയിക്കാതെ നരേന്ദ്രമോദി നോട്ട് നിരോധിക്കുകയും ജിഎസ് ടി  നടപ്പാക്കുകയും ചെയ്ത സാഹചര്യത്തിലാണ് അന്ന് അങ്ങിനെ പറയേണ്ടി വന്നത്. എന്നാൽ പിഎസിയുടെ ഐക്യകണ്ഠേനയുള്ള അനുമതിയും സ്പീക്കറുടെ അനുവാദവും ലഭിക്കാത്തതുകൊണ്ട് പ്രധാനമന്ത്രിയ്ക്ക് പകരം  അന്നത്തെ റിസർവ്വ് ബാങ്ക് ഗവർണറെ വിളിച്ചുവരുത്തിയാണ് വിവര ശേഖരണം നടത്തി റിപ്പോർട്ട് പാർലമെന്റ് മുമ്പാകെ സമർപ്പിച്ചത്. പിഎസി ചെയർമാന് അതിനുള്ള അധികാരമുണ്ട്.
ദേശീയപാതയുടെ നിർമ്മാണവും അതിലെ പിഴവുകൾ തിരുത്തലും നടത്തേണ്ട ചുമതല എൻഎച്ച്എഐയ്ക്കാണ്.  ഈ യാഥാർത്ഥ്യമാണ് പൊതുമരാമത്ത് വകുപ്പ് മന്ത്രി വെളിപ്പെടുത്തിയത്. കേരള മുഖ്യമന്ത്രി ഡൽഹിയിൽ കേന്ദ്ര പൊതുമരാമത്ത് വകുപ്പ് മന്ത്രിയെ കണ്ടപ്പോൾ എടുത്ത നിലപാട് ദേശീയപാത പൂർത്തീകരിച്ച് 2025 അവസാനത്തോടെ ജനങ്ങൾക്ക് സമർപ്പിക്കണം എന്ന് തന്നെയാണ്.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img