
കൊല്ലം: നാൽപ്പത്തിയഞ്ച് മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ദേശീയപാത 66ന്റെ നിർമ്മാണം ഇഴഞ്ഞുനീങ്ങുന്നതിനാൽ ജനജീവിതം ദുരിതത്തിൽ. ഓണത്തിരക്ക് കൂടിയായതോടെ വാഹനങ്ങൾ മണിക്കൂറുകളോളം സർവ്വീസ് റോഡുകളിൽ കുരുങ്ങിക്കിടക്കുകയാണ്. പ്രധാന ജംഗ്ഷനുകളിൽ ഗതാഗതക്കുരുക്ക് അതിരൂക്ഷമാണ്.
ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നു
ദേശീയപാത 66 നിർമ്മാണം പുരോഗമിക്കുന്നതിനാൽ പലയിടത്തും പ്രധാന റോഡ് ഗതാഗതത്തിന് തുറന്നുകൊടുത്തിട്ടില്ല. ഇതാണ് സർവീസ് റോഡുകളിലെ തിരക്കിന് പ്രധാന കാരണം. തോരാത്ത മഴയിൽ സർവ്വീസ് റോഡുകൾ തകർന്നതും, പലയിടത്തും വലിയ ഗർത്തങ്ങൾ രൂപപ്പെട്ടതും സ്ഥിതി കൂടുതൽ വഷളാക്കുന്നു.
ചുരുങ്ങിയ വീതി: ഓട ഉൾപ്പെടെ 7 മീറ്റർ വീതിയാണ് സർവ്വീസ് റോഡുകൾക്കുള്ളതെങ്കിലും പലയിടത്തും ഇതിലും കുറവാണ് വീതി. വലിയ വാഹനങ്ങൾ മുന്നിൽ പോകുമ്പോൾ മറികടക്കാൻ കഴിയാത്തത് ഗതാഗതക്കുരുക്കിന് പ്രധാന കാരണമാകുന്നു.
അശാസ്ത്രീയ നിർമ്മാണം: പലയിടത്തും അടിപ്പാതകളുടെ നിർമ്മാണം പൂർത്തിയായെങ്കിലും അപ്രോച്ച് റോഡുകളുടെ നിർമ്മാണം ഇഴഞ്ഞുനീങ്ങുകയാണ്. ഇതിനാൽ ഈ ഭാഗങ്ങളിലും സർവ്വീസ് റോഡുകളെയാണ് ഗതാഗതത്തിനായി ആശ്രയിക്കുന്നത്. ഉമയനല്ലൂർ, ചാത്തന്നൂർ തിരുമുക്ക്, പാരിപ്പള്ളി മുക്കട ജംഗ്ഷൻ എന്നിവിടങ്ങളിൽ അശാസ്ത്രീയമായി നിർമ്മിച്ച അടിപ്പാതകൾ കാരണം വലിയ വാഹനങ്ങൾക്ക് തിരിയാൻ പോലും ബുദ്ധിമുട്ട് നേരിടുന്നു.
വെള്ളക്കെട്ട്: അശാസ്ത്രീയമായ ഓട നിർമ്മാണം കാരണം മഴവെള്ളം ഒഴുകിപ്പോകാതെ പലയിടത്തും വെള്ളക്കെട്ടുകൾ രൂപപ്പെടുന്നു. ഇതും ഗതാഗതക്കുരുക്കിന് കാരണമാകുന്നു.
വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടി
ഗതാഗതക്കുരുക്ക് കാരണം സർവ്വീസ് റോഡുകളിലെയും ജംഗ്ഷനുകളിലെയും കച്ചവട സ്ഥാപനങ്ങൾ പ്രതിസന്ധിയിലാണ്. വാഹനങ്ങൾ പാർക്ക് ചെയ്യാൻ സ്ഥലമില്ലാത്തതിനാൽ കച്ചവടം കുറഞ്ഞുവെന്ന് വ്യാപാരികൾ പറയുന്നു.
സർവ്വീസ് റോഡുകൾ ഇരുദിശയിലും
ദേശീയപാത അതോറിറ്റിയുടെ നിർദ്ദേശമനുസരിച്ച് റോഡ് നിർമ്മാണം പൂർത്തിയായാൽ സർവ്വീസ് റോഡുകളിലൂടെ ഇരുദിശകളിലേക്കും വാഹനങ്ങൾക്ക് പോകാം. എന്നാൽ നിലവിലെ വീതിക്കുറവ് കാരണം ഇത് എത്രത്തോളം പ്രായോഗികമാകുമെന്ന് കണ്ടറിയേണ്ടതുണ്ട്.
വേട്ടുതറയിലെ അടിപ്പാത സമരം
ചവറ തെക്കുംഭാഗം, തേവലക്കര, ശാസ്താംകോട്ട, മൈനാഗപ്പള്ളി പഞ്ചായത്തുകളിലേക്ക് പോകുന്ന റോഡ് തുടങ്ങുന്ന വേട്ടുതറയിൽ അടിപ്പാത വേണമെന്നാവശ്യപ്പെട്ട് മൂന്ന് മാസത്തോളം ജനകീയ സമരം നടന്നിരുന്നു. തുടർന്ന് എം.പി. എൻ.കെ. പ്രേമചന്ദ്രൻ്റെ ഇടപെടലിൽ അടിപ്പാത അനുവദിച്ചതായി അറിയിച്ചതോടെയാണ് സമരം താൽക്കാലികമായി നിർത്തിവച്ചത്. എന്നാൽ ഇതുവരെ തുടർനടപടികളൊന്നും ഉണ്ടായിട്ടില്ല.
ഫ്ലൈഓവർ നിർമ്മാണം ഇഴയുന്നു
ജില്ലയിലെ ഏറ്റവും നീളമേറിയ ഫ്ലൈഓവർ നിർമ്മാണം കരുനാഗപ്പള്ളിയിലാണ്. 2 കിലോമീറ്ററോളം നീളമുള്ള ഈ ഫ്ലൈഓവറിന്റെ പകുതി പണികൾ പോലും ഇതുവരെ പൂർത്തിയായിട്ടില്ല. ഗതാഗതക്കുരുക്ക് രൂക്ഷമായ കരുനാഗപ്പള്ളിയിൽ ഫ്ലൈഓവർ നിർമ്മാണം ഇഴയുന്നത് സ്ഥിതി കൂടുതൽ ഗുരുതരമാക്കുന്നു. സർവ്വീസ് റോഡരികിലെ വഴിയോരക്കച്ചവടവും വാഹന പാർക്കിംഗും കുരുക്ക് വർദ്ധിപ്പിക്കുന്നു.
പ്രധാന പ്രശ്നങ്ങൾ
പ്രധാന ജംഗ്ഷനുകളിൽ ബസ് ബേ, ഓട്ടോ, ടാക്സി സ്റ്റാൻഡ് എന്നിവയ്ക്ക് നിലവിൽ സ്ഥലമില്ല.
സ്ഥലം ഏറ്റെടുക്കലിലെ അപാകതകൾ മൂലം സർവ്വീസ് റോഡിന് ആവശ്യത്തിന് വീതി ലഭിച്ചിട്ടില്ല.
നിർമ്മാണം പൂർത്തിയാക്കിയ പല അടിപ്പാതകളും അശാസ്ത്രീയമായതിനാൽ വലിയ വാഹനങ്ങൾക്ക് തിരിയാൻ പ്രയാസം നേരിടുന്നു.
ദേശീയപാത നിർമ്മാണം വേഗത്തിലാക്കിയില്ലെങ്കിൽ വരും ദിവസങ്ങളിൽ ഗതാഗതക്കുരുക്ക് കൂടുതൽ രൂക്ഷമാകുമെന്നാണ് ജനങ്ങളുടെ ആശങ്ക.











