10:51am 17 August 2026
NEWS
ദേശീയപാത 66: നിർമാണം ഇഴയുന്നു; 2028ലും പാത പൂർണമാകില്ല
16/08/2026  06:41 AM IST
nila
ദേശീയപാത 66: നിർമാണം ഇഴയുന്നു; 2028ലും പാത പൂർണമാകില്ല

തിരുവനന്തപുരം: കേരളത്തിന്റെ സ്വപ്നപദ്ധതിയായ ദേശീയപാത 66ന്റെ നിർമാണം ലക്ഷ്യമിട്ട സമയത്തിനുള്ളിൽ പൂർത്തിയാകില്ലെന്ന് റിപ്പോർട്ട്. കാസർകോട് തലപ്പാടി മുതൽ തിരുവനന്തപുരം കാരോട് വരെയുള്ള പാതയുടെ നിർമാണം 2028ലും പൂർണതയിലെത്താൻ സാധ്യതയില്ലെന്നാണ് നിലവിലെ സ്ഥിതി വ്യക്തമാക്കുന്നത്.

നിർമാണത്തിലേക്ക് പുതുതായി ഉൾപ്പെടുത്തിയ വയഡക്ടുകൾക്കായി ഇതുവരെ കരാർ നടപടികൾ പൂർത്തിയായിട്ടില്ല. കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിൽ 7.67 കിലോമീറ്ററിൽ 12 വയഡക്ടുകളാണ് നിർമിക്കേണ്ടത്. ഇതിനായി രണ്ട് മാസം മുൻപ് ടെൻഡർ ക്ഷണിച്ചെങ്കിലും നിർമാണം തുടങ്ങാത്തത് സമയക്രമത്തിന് തിരിച്ചടിയാണ്.

തെക്കൻ കേരളത്തിൽ നിർമാണം ഇഴയുന്നു

കടമ്പാട്ടുകോണം–കഴക്കൂട്ടം റീച്ചിന്റെ നിർമാണം 77 ശതമാനം പൂർത്തിയായെങ്കിലും വയഡക്ട് ഭാഗം ഇതിൽ ഉൾപ്പെടുന്നില്ല. മണ്ണിട്ട് നികത്തി റോഡ് നിർമിക്കുന്നതിന്റെ അപകടസാധ്യത ഒഴിവാക്കാനാണ് ഇവിടെ വയഡക്ടുകൾ ഉൾപ്പെടുത്തിയത്. 2028നു മുൻപ് ഇവ പൂർത്തിയാക്കാനായില്ലെങ്കിൽ ഈ ഭാഗത്തെ ഗതാഗതപ്രശ്നങ്ങൾ തുടരുമെന്ന ആശങ്കയുണ്ട്.

കരാർ പ്രകാരം കഴിഞ്ഞ മാർച്ചിനകം പൂർത്തിയാക്കേണ്ടിയിരുന്ന പല റീച്ചുകളുടെയും പണി ഇപ്പോഴും തുടരുകയാണ്. പാത തകർന്നതിനെ തുടർന്ന് പുതിയ ഡിസൈൻ തയാറാക്കി പുനർനിർമാണം നടത്തേണ്ടിവന്നത്, നിർമാണസാമഗ്രികളുടെ ലഭ്യതക്കുറവ്, കാലാവസ്ഥാ പ്രശ്നങ്ങൾ, സാമ്പത്തിക ശേഷി കുറഞ്ഞ കരാറുകാരെ നിർമാണം ഏൽപിച്ചത് തുടങ്ങിയവയാണ് പ്രധാന തിരിച്ചടികൾ.

നിലവിലെ പുരോഗതി ഇങ്ങനെ

അരൂർ–തുറവൂർ എലിവേറ്റഡ് ഹൈവേ: 91% — പൂർത്തീകരണ ലക്ഷ്യം 2027 ജനുവരി 6
ചെങ്കള–നീലേശ്വരം: 91% — 2027 മാർച്ച് 31
നീലേശ്വരം–തളിപ്പറമ്പ്: 87% — 2027 മാർച്ച് 31
കടമ്പാട്ടുകോണം–കഴക്കൂട്ടം: 77% — 2027 ഏപ്രിൽ 30
കൊടുങ്ങല്ലൂർ–ഇടപ്പള്ളി: 71% — 2027 മേയ് 31
തുറവൂർ–പറവൂർ: 81% — 2027 മേയ് 31
കാപ്പിരിക്കാട്–തളിക്കുളം: 95% — 2027 ജൂൺ 30
തളിക്കുളം–കൊടുങ്ങല്ലൂർ: 94% — 2027 ജൂൺ 30
കൊല്ലം ബൈപാസ്–കടമ്പാട്ടുകോണം: 96% — 2027 ജൂൺ 30
പറവൂർ–കൊറ്റുകുളങ്ങര: 77% — 2027 നവംബർ 30
കൊറ്റുകുളങ്ങര–കൊല്ലം ബൈപാസ്: 77% — 2027 ഡിസംബർ 31
അഴിയൂർ–വെങ്ങളം: 68% — 2028 മാർച്ച് 30
തളിപ്പറമ്പ്–മുഴപ്പിലങ്ങാട്: 84% — 2028 ഏപ്രിൽ 30

പദ്ധതിയുടെ ചില റീച്ചുകളിൽ നിർമാണം 90 ശതമാനത്തിലധികം പിന്നിട്ടെങ്കിലും, പല ഭാഗങ്ങളിലെയും പണികൾ ഇഴയുന്നതാണ് ആശങ്കയാകുന്നത്. പ്രത്യേകിച്ച് പുതിയ വയഡക്ടുകളുടെ നിർമാണം വൈകുന്നത് ദേശീയപാത 66ൽ സമ്പൂർണ ഗതാഗതം ആരംഭിക്കുന്ന തീയതിയെയും ബാധിച്ചേക്കും.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
KERALA
img