07:00pm 15 September 2026
NEWS
ദേശീയപാത 66: വികസനത്തിനപ്പുറം ആശങ്കകൾ
29/05/2025  08:38 AM IST
സുരേഷ് വണ്ടന്നൂർ
ദേശീയപാത 66: വികസനത്തിനപ്പുറം ആശങ്കകൾ

കേരളത്തിൻറെ സ്വപ്നപദ്ധതിയായ ദേശീയപാത 66-ൻറെ നിർമ്മാണം പുരോഗമിക്കുമ്പോൾ, പല ജില്ലകളിലുമുണ്ടായ തകർച്ചകളും വിള്ളലുകളും വലിയ ആശങ്കകൾക്ക് വഴിവെക്കുന്നു. മലപ്പുറം, തൃശൂർ, കണ്ണൂർ, കാസർകോട് ജില്ലകളിൽ പലയിടത്തും റോഡ് ഇടിഞ്ഞുതാഴുകയും വിള്ളലുകൾ രൂപപ്പെടുകയും ചെയ്തതോടെ, തെക്കൻ കേരളത്തിലെ ജനങ്ങളും ഭീതിയിലാണ്. മഴക്കാലം കനത്തതോടെ ഈ ആശങ്കകൾ വർദ്ധിക്കുകയാണ്.
കൊല്ലം, ആലപ്പുഴ, തിരുവനന്തപുരം ജില്ലകളിൽ ഇതുവരെ വലിയ അപകടങ്ങൾ സംഭവിച്ചിട്ടില്ലെങ്കിലും, പലയിടത്തും സർവീസ് റോഡുകളിലും പ്രധാന റോഡുകളിലും വെള്ളക്കെട്ട് രൂക്ഷമായി ഗതാഗതം ദുഷ്കരമാക്കുന്നു. പ്രധാന ജംഗ്ഷനുകളിൽ നിർമ്മിച്ച അടിപ്പാതകളുടെ അപ്രോച്ച് റോഡുകൾ ഉയരത്തിൽ കോട്ടപോലെ നിൽക്കുന്നത്, മഴവെള്ളം സർവീസ് റോഡുകളിലേക്ക് കുത്തിയൊഴുകാൻ കാരണമാകുന്നു. 50 അടി വരെ ഉയരത്തിൽ കൂറ്റൻ ഇന്റർലോക്ക് കട്ടകൾ അടുക്കി മണ്ണിട്ട് നിർമ്മിച്ച പാതകൾ ആളുകളിൽ ഭീതിയുണർത്തുന്നുണ്ട്.

വികസനത്തിൻറെ നാഴികക്കല്ല്, പക്ഷെ...

കന്യാകുമാരി മുതൽ മുംബൈ പൻവേൽ വരെ നീളുന്ന ദേശീയപാത 66, കേരളത്തിൽ 644 കിലോമീറ്റർ ദൂരമാണ് കടന്നുപോകുന്നത്. 22 റീച്ചുകളായി തിരിച്ചിട്ടുള്ള ഈ പദ്ധതി 2026 നിയമസഭാ തിരഞ്ഞെടുപ്പിന് മുൻപ് പൂർത്തിയാക്കാനായിരുന്നു ലക്ഷ്യം. എന്നാൽ, നിലവിലെ സാഹചര്യത്തിൽ ഇത് നടക്കുമോ എന്ന് സംശയമാണ്.

നിർമ്മാണത്തിലെ അപാകതകൾ

നിർമ്മാണത്തിനിടെ കൊല്ലത്തും ആലപ്പുഴയിലും നിരവധി ചെറിയ അപകടങ്ങളുണ്ടായിട്ടുണ്ട്. ആലപ്പുഴ ബൈപ്പാസിലെ ഫ്ലൈഓവർ നിർമ്മാണത്തിനിടെ കൂറ്റൻ ഗർഡറുകൾ തകർന്നു വീണതും, കൊല്ലം അയത്തിൽ പാലം നിർമ്മാണത്തിനിടെ കോൺക്രീറ്റിംഗ് തകർന്നു വീണതും ഇതിൽ ചിലതാണ്. കൊട്ടിയത്ത് ഉയരപ്പാതയുടെ മുകളിലെ കൂറ്റൻ കോൺക്രീറ്റ് ഇന്റർലോക്ക് ഇളകി സർവീസ് റോഡിലേക്ക് വീണെങ്കിലും ആളപായം ഒഴിവായി.

മഴ ശക്തമായതോടെ കൊട്ടിയം, പാരിപ്പള്ളി എന്നിവിടങ്ങളിലെ സർവീസ് റോഡുകളിൽ വെള്ളക്കെട്ടും ചെളിയും കാരണം വാഹനങ്ങൾ താഴ്ന്ന് മണിക്കൂറുകളോളം ഗതാഗത സ്തംഭനം പതിവായിട്ടുണ്ട്. രാജ്യത്തെ മുൻനിര കരാറുകാരാണ് നിർമ്മാണ ജോലികൾ ഏറ്റെടുത്തതെങ്കിലും, മലപ്പുറം കൂരിയാട് ദേശീയപാത ഇടിഞ്ഞ സംഭവത്തിൽ കരാറുകാരായ കെ.എൻ.ആർ കൺസ്ട്രക്ഷൻസിനെ കേന്ദ്രസർക്കാർ ഡീബാർ ചെയ്യുകയും ഉദ്യോഗസ്ഥർക്കെതിരെ നടപടിയെടുക്കുകയും ചെയ്തു.

ഭൂപ്രകൃതിയും കാലാവസ്ഥയും അവഗണിക്കപ്പെട്ടോ?

കേരളത്തിൻറെ ഭൂപ്രകൃതിയും കാലാവസ്ഥയും മണ്ണിൻറെ ഘടനയും കണക്കിലെടുക്കാതെയുള്ള നിർമ്മാണ രീതിയാണ് നിലവിൽ ആശങ്കയുണ്ടാക്കുന്നത്. മണ്ണുറപ്പില്ലാത്ത സ്ഥലങ്ങളിലും വയലുകളിലും പുഴകളിലൂടെയുമെല്ലാം പാത കടന്നുപോകുന്നുണ്ട്. ഇത്തരം സ്ഥലങ്ങളിൽ ഫ്ലൈഓവറോ തൂണുകളോ ഉപയോഗിച്ച് പാത നിർമ്മിക്കണമെന്ന ആവശ്യം പലപ്പോഴും പരിഗണിക്കപ്പെട്ടില്ല. ചെലവ് ചുരുക്കാനായി അശാസ്ത്രീയമായ നിർമ്മാണത്തിന് മുതിർന്നതാവാം ഇതിന് കാരണമെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു. പാടങ്ങളിലെ ഉറപ്പില്ലാത്ത മണ്ണിൽ ലോഡ് കണക്കിന് മണ്ണിട്ട് ഉയർത്തിയതാണ് മലപ്പുറം കൂരിയാട് റോഡ് തകരാൻ കാരണമെന്ന് കണ്ടെത്തിയിട്ടുണ്ട്.

വ്യാപാര സ്ഥാപനങ്ങൾക്ക് തിരിച്ചടി

ദേശീയപാത 66 കേരളത്തിൻറെ വികസനത്തിന് ആക്കം കൂട്ടുമെങ്കിലും, ആയിരക്കണക്കിന് കച്ചവട സ്ഥാപനങ്ങളെ പ്രതിസന്ധിയിലാക്കുമെന്ന ആശങ്കയുമുണ്ട്. 45 മീറ്റർ വീതിയിൽ നിർമ്മിക്കുന്ന ആറുവരിപ്പാതയുടെ ഇരുവശത്തും സർവീസ് റോഡുകൾക്ക് തീരെ വീതി കുറവായതിനാൽ, വാഹനങ്ങൾ പാർക്ക് ചെയ്യാനുള്ള ബുദ്ധിമുട്ട് വ്യാപാര സ്ഥാപനങ്ങളെ ബാധിക്കും. ഇത് ആയിരക്കണക്കിന് കുടുംബങ്ങളെയും ബാധിക്കും. നഷ്ടപരിഹാരം ലഭിച്ചെങ്കിലും, നിരവധി സ്ഥാപനങ്ങൾ ഇതിനോടകം പൂട്ടിപ്പോയിട്ടുണ്ട്.

യാത്രക്കാർ നേരിടുന്ന ബുദ്ധിമുട്ടുകൾ

പ്രധാന ജംഗ്ഷനുകളിലൊന്നും ബസ് യാത്രക്കാർക്ക് കാത്തുനിൽക്കാനുള്ള സ്ഥലമില്ലാത്തത് മറ്റൊരു പ്രശ്നമാണ്. സ്കൂളുകളും മറ്റ് വിദ്യാലയങ്ങളുമുള്ള ജംഗ്ഷനുകളിൽ വിദ്യാർത്ഥികൾക്ക് ബസ് കാത്തുനിൽക്കാനോ മഴയത്ത് നിൽക്കാനോ ഇടമില്ല. ബസ് ബേകൾ നിർമ്മിക്കാൻ കൂടുതൽ സ്ഥലം ഏറ്റെടുക്കാതെ ഈ പ്രശ്നം പരിഹരിക്കാൻ കഴിയില്ല. കൊട്ടിയം, ചാത്തന്നൂർ, പാരിപ്പള്ളി, ചവറ തുടങ്ങിയ പ്രധാന ജംഗ്ഷനുകളിൽ മണിക്കൂറുകളോളം നീളുന്ന ഗതാഗതക്കുരുക്കാണ് ഇപ്പോൾ നേരിടുന്നത്. ഓട്ടോ, ടാക്സികൾക്ക് പാർക്ക് ചെയ്യാനുള്ള സ്ഥലമില്ലാത്തതും മറ്റൊരു പ്രശ്നമാണ്. ഈ പ്രശ്നങ്ങൾ പരിഹരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ നടപടിയെടുക്കുന്നില്ലെന്ന് കൊട്ടിയം പൗരവേദി പ്രസിഡന്റ് അഡ്വ. കൊട്ടിയം എൻ. അജിത്കുമാർ പറയുന്നു. നഗരങ്ങളിലെ വ്യാപാര മേഖലയെയും പുതിയ പാത പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയും വ്യാപാരികൾക്കുണ്ട്.

ദേശീയപാത 66 യാഥാർത്ഥ്യമാകുമ്പോൾ റോഡ് ഗതാഗതം സുഗമവും സുരക്ഷിതവുമാകുമെന്നതിൽ സംശയമില്ല. എന്നാൽ, നിർമ്മാണത്തിലെ അപാകതകളും ദൂരവ്യാപകമായ പ്രത്യാഘാതങ്ങളും ഗൗരവമായി പരിഗണിക്കപ്പെടേണ്ടതുണ്ട്. ഈ ആശങ്കകൾക്ക് എന്നായിരിക്കും പരിഹാരം?

 

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
ARTICLE
img