12:26pm 25 June 2026
NEWS
നാഷണൽ ഹെറാൾഡ് കേസ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നോട്ടീസ്
06/12/2025  02:33 PM IST
വിഷ്ണുമംഗലം കുമാർ
നാഷണൽ ഹെറാൾഡ് കേസ് കർണാടക ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാറിന് നോട്ടീസ്

കർണാടക : സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസ്സിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള നേതാവുമായ ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസയച്ചു. ഈ വർഷം ഒക്ടോബർ മൂന്നിന് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ഡൽഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം നോട്ടീസ് അയച്ചിട്ടുള്ളത്. ഈ മാസം 19 ന് നേരിട്ടോ പ്രതിനിധി മുഖാന്തരമോ ഹാജരായി ചില സുപ്രധാന വിവരങ്ങൾ പങ്കുവെക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവകുമാറിന്റെ വ്യക്തിപരമായ പശ്ചാത്തലം, കോൺഗ്രസ്സിന്റെ ദേശീയനേതൃത്വവുമായുള്ള ബന്ധം, യങ് ഇന്ത്യയ്‌ക്കോ അനുബന്ധ സ്ഥാപനങ്ങൾക്കോ പണം കൈമാറിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്നിവ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. ബിജെപിയുടെ താളത്തിനൊത്തു തുള്ളാൻ കൂട്ടാക്കാത്തതിനാൽ ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റുകൾ ശിവകുമാറിനെ നോട്ടമിട്ടിരിക്കുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ വെളിപ്പെടുത്തി. "ശിവകുമാറിനെ കേസുകളിൽ കുടുക്കി ബുദ്ധിമുട്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുമ്പും പലപ്പോഴായി ആ ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ അക്കാര്യത്തിൽ ബിജെപി വിജയിക്കാൻ പോകുന്നില്ല "  അവർ വ്യക്തമാക്കി. ഹൈക്കമാണ്ടിനെ, വിശേഷിച്ചും സോണിയ ഗാന്ധിയെ പലതരത്തിൽ സഹായിച്ചിട്ടുള്ള കർണാടക നേതാവാണ് ശിവകുമാർ.2017 ൽ ഇഡി കേസ്സിൽ അറസ്റ്റുചെയ്യപ്പെട്ട് ശിവകുമാർ ഡൽഹി ജയിലിൽ കിടന്നിട്ടുണ്ട്. ജയിൽ മോചിതനാകുന്ന ദിവസം സോണിയ ഗാന്ധി നേരിട്ട് ജയിലിലെത്തി അദ്ദേഹത്തിന് സമ്മാനിച്ചതാണ് പിസിസി അധ്യക്ഷപദവി. ഉപമുഖ്യമന്ത്രിയായിട്ടും ആ പദവിയിൽ ശിവകുമാർ തുടരുകയാണ്. പ്രമാദമായ നാഷണൽ ഹെറാൾഡ് കേസ്സിൽ ശിവകുമാർ സാമ്പത്തിക ഇടപാട് നടത്തിയതിന്റെ വിവരങ്ങൾ ഡൽഹി പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. നോട്ടിസിനെക്കുറിച്ച് ശിവകുമാർ പ്രതികരിച്ചിട്ടില്ല.

Photo Courtesy - Google

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img