
കർണാടക : സോണിയ ഗാന്ധിയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രതികളായ നാഷണൽ ഹെറാൾഡ് കേസ്സിൽ കർണാടക ഉപമുഖ്യമന്ത്രിയും കോൺഗ്രസ്സ് ഹൈക്കമാണ്ടുമായി ഏറെ അടുപ്പമുള്ള നേതാവുമായ ഡി കെ ശിവകുമാറിന് ഡൽഹി പോലീസ് നോട്ടീസയച്ചു. ഈ വർഷം ഒക്ടോബർ മൂന്നിന് രജിസ്റ്റർ ചെയ്ത പുതിയ കേസിലാണ് ഡൽഹി പോലീസിലെ സാമ്പത്തിക കുറ്റകൃത്യ അന്വേഷണ വിഭാഗം നോട്ടീസ് അയച്ചിട്ടുള്ളത്. ഈ മാസം 19 ന് നേരിട്ടോ പ്രതിനിധി മുഖാന്തരമോ ഹാജരായി ചില സുപ്രധാന വിവരങ്ങൾ പങ്കുവെക്കണമെന്നാണ് നോട്ടീസിൽ ആവശ്യപ്പെട്ടിട്ടുള്ളത്. ശിവകുമാറിന്റെ വ്യക്തിപരമായ പശ്ചാത്തലം, കോൺഗ്രസ്സിന്റെ ദേശീയനേതൃത്വവുമായുള്ള ബന്ധം, യങ് ഇന്ത്യയ്‌ക്കോ അനുബന്ധ സ്ഥാപനങ്ങൾക്കോ പണം കൈമാറിയിട്ടുണ്ടെങ്കിൽ അതിന്റെ വിശദാംശങ്ങൾ എന്നിവ അറിയിക്കണമെന്നാണ് നോട്ടീസിലുള്ളത്. ബിജെപിയുടെ താളത്തിനൊത്തു തുള്ളാൻ കൂട്ടാക്കാത്തതിനാൽ ആ പാർട്ടിയുടെ നേതൃത്വത്തിലുള്ള ഗവണ്മെന്റുകൾ ശിവകുമാറിനെ നോട്ടമിട്ടിരിക്കുകയാണെന്ന് അദ്ദേഹവുമായി അടുപ്പമുള്ള കേന്ദ്രങ്ങൾ വെളിപ്പെടുത്തി. "ശിവകുമാറിനെ കേസുകളിൽ കുടുക്കി ബുദ്ധിമുട്ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്. മുമ്പും പലപ്പോഴായി ആ ശ്രമമുണ്ടായിട്ടുണ്ട്. എന്നാൽ അക്കാര്യത്തിൽ ബിജെപി വിജയിക്കാൻ പോകുന്നില്ല " അവർ വ്യക്തമാക്കി. ഹൈക്കമാണ്ടിനെ, വിശേഷിച്ചും സോണിയ ഗാന്ധിയെ പലതരത്തിൽ സഹായിച്ചിട്ടുള്ള കർണാടക നേതാവാണ് ശിവകുമാർ.2017 ൽ ഇഡി കേസ്സിൽ അറസ്റ്റുചെയ്യപ്പെട്ട് ശിവകുമാർ ഡൽഹി ജയിലിൽ കിടന്നിട്ടുണ്ട്. ജയിൽ മോചിതനാകുന്ന ദിവസം സോണിയ ഗാന്ധി നേരിട്ട് ജയിലിലെത്തി അദ്ദേഹത്തിന് സമ്മാനിച്ചതാണ് പിസിസി അധ്യക്ഷപദവി. ഉപമുഖ്യമന്ത്രിയായിട്ടും ആ പദവിയിൽ ശിവകുമാർ തുടരുകയാണ്. പ്രമാദമായ നാഷണൽ ഹെറാൾഡ് കേസ്സിൽ ശിവകുമാർ സാമ്പത്തിക ഇടപാട് നടത്തിയതിന്റെ വിവരങ്ങൾ ഡൽഹി പോലീസ് ശേഖരിച്ചിട്ടുണ്ടെന്നാണ് അനുമാനിക്കപ്പെടുന്നത്. നോട്ടിസിനെക്കുറിച്ച് ശിവകുമാർ പ്രതികരിച്ചിട്ടില്ല.
Photo Courtesy - Google











