
നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കളായ സോണിയ ഗാന്ധിക്കും രാഹുൽ ഗാന്ധിക്കും തിരിച്ചടി. നാഷണൽ ഹെറാൾഡിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ 700 കോടി രൂപയുടെ സ്വത്തുക്കൾ കണ്ടുകെട്ടാൻ ഇഡി നടപടി തുടങ്ങി. 1937-ൽ ജവാഹർലാൽ നെഹ്രു സ്ഥാപിച്ച നാഷണൽ ഹെറാൾഡ് പത്രത്തിന്റെ ഉടമകളായ അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ പുതുതായുണ്ടാക്കിയ യങ് ഇന്ത്യൻ കമ്പനി ഏറ്റെടുത്തതിൽ അഴിമതിയും വഞ്ചനയുമുണ്ടെന്നാണ് ആരോപണം. 2012-ൽ ബിജെപി നേതാവും സാമ്പത്തിക വിദഗ്ധനുമായ സുബ്രഹ്‌മണ്യൻ സ്വാമിയാണ് കോൺഗ്രസിനെതിരെ ഗുരുതര ആരോപണം ഉന്നയിച്ച് രംഗത്ത് വന്നത്.
5000 സ്വാതന്ത്ര്യസമര സേനാനികൾക്ക് ഓഹരിയുണ്ടായിരുന്ന ആയിരക്കണക്കിന് കോടിയുടെ ഭൂസ്വത്തുള്ള എ.ജെ.എൽ. കമ്പനിയെ യങ് ഇന്ത്യൻ എന്നൊരു ഉപായക്കമ്പനിയുണ്ടാക്കി തട്ടിയെടുത്തുവെന്നാണ് സ്വാമി ആരോപിക്കുന്നത്.1,600 കോടി രൂപ മതിക്കുന്ന ഡൽഹിയിലെ ഹെറാൾഡ് ഹൗസ് വെറും 50 ലക്ഷം രൂപയ്ക്കാണ് ഇവർ സ്വന്തമാക്കിയെതെന്നും സുബ്രഹ്‌മണ്യൻ സ്വാമി ആരോപിച്ചിരുന്നു. അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡ് ഏറ്റെടുക്കാൻ യങ് ഇന്ത്യൻ കമ്പനിക്ക് ഇന്ത്യൻ നാഷണൽ കോൺഗ്രസ് 90 കോടി രൂപ വായ്പ അനുവദിച്ചുവെന്നും ഇത് ചട്ടവിരുദ്ധമാണെന്നും സ്വാമി ആരോപിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിക്കും വാണിജ്യാവശ്യങ്ങൾക്കു വേണ്ടി വായ്പ നൽകാൻ നിയമം അനുവദിക്കുന്നില്ല.
അതേസമയം, അസ്സോസ്സിയേറ്റഡ് പ്രസ്സ് ഏറ്റെടുക്കാൻ മാത്രമാണീ വായ്പ എന്നായിരുന്നു കോൺഗ്രസിന്റെ നിലപാട്. ഇതിനു പുറകിൽ വാണിജ്യ താൽപര്യങ്ങളില്ലെന്നുമാണ് കോൺഗ്രസ് ഇതിനോട് പ്രതികരിച്ചത്.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ലക്‌നൗ, മുംബൈ, ഡൽഹി എന്നിവിടങ്ങളിലെ വസ്തുവകകൾ ഇഡി കണ്ടുകെട്ടും. ഇതിന് പുറമേ ഡൽഹി ബഹാദൂർ ഷാ സഫർ മാർഗിലെ ഹെറാൾഡ് ഹൗസും കണ്ടുകെട്ടും. കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമത്തിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ നടപടി.











