പ്രതിനിധികൾ എത്തിത്തുടങ്ങി
കൊച്ചി: എറണാകുളം പ്രസ്ക്ലബ് ആസ്റ്റർ മെഡ്സിറ്റി, ഐ എം എ കൊച്ചി എന്നിവരുമായി സഹകരിച്ച് സംഘടിപ്പിക്കുന്ന നാഷണൽ ഹെൽത്ത് ജേർണലിസം സമ്മിറ്റ് ഇന്നും നാളെയുമായി കൊച്ചിയിൽ നടക്കും. കലൂർ ഐ എം എ ഹൗസിൽ നടക്കുന്ന ഉച്ചകോടിയിൽ രാജ്യത്തിൻറെ വിവിധ ഭാഗങ്ങളിൽ നിന്നെത്തുന്ന മുപ്പതിലേറെ മാധ്യമപ്രവർത്തകർ പങ്കെടുക്കും. വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രതിനിധികൾ ഉച്ചകോടിയിൽ പങ്കെടുക്കുന്നതിനായി എത്തിത്തുടങ്ങി.
ഇന്ന് രാവിലെ പത്തരയ്ക്ക് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ്. ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്യും. എറണാകുളം പ്രസ്ക്ലബ് പ്രസിഡന്റ് ആർ ഗോപകുമാർ അധ്യക്ഷത വഹിക്കും. ആസ്റ്റർ മെഡ്സിറ്റി സിഇഒ ഡോ.നളന്ദ ജയദേവ് ആമുഖ പ്രസംഗം നടക്കും. എം പിമാരായ ബെന്നി ബഹനാൻ, ഹൈബി ഈഡൻ, ടി ജെ വിനോദ് എം എൽ എ എന്നിവർ പങ്കെടുക്കും. പ്രസ്ക്ലബ് സെക്രട്ടറി എം ഷജിൽകുമാർ സ്വാഗതവും ഐ എം എ പ്രസിഡൻറ് ഇലക്റ്റ് ഡോ. അതുൽ മാനുവൽ നന്ദിയും പറയും.
തുടർന്ന് നടക്കുന്ന വിവിധ സെഷനുകളിൽ "പ്രിസ്ക്രൈബിങ് ദി റൈറ്റ് ഡോസേജ്", സെക്കൻഡ് വിക്ടിം, നാവിഗേറ്റിങ് ഗ്രേ സോൺസ്, ഹീൽ ഇൻ ഇന്ത്യ, ഇന്റർസെക്ഷൻ ഓഫ് എ ഐ, ലേർണിംഗ് ഫ്രം കോവിഡ് തുടങ്ങിയ വിഷയങ്ങൾ ചർച്ച ചെയ്യും. ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ആരോഗ്യ, നിയമ, മാധ്യമ മേഖലയിലെ വിദഗ്ദ്ധർ ചർച്ചകളിൽ പങ്കെടുക്കും. വൈകിട്ട് നാലരയ്ക്ക് നടക്കുന്ന ഫയർ സൈഡ് ചാറ്റിൽ പത്മഭൂഷൺ ജേതാവ് ഡോ. ജോസ് ചാക്കോ പെരിയപ്പുറം ചികിത്സാ രംഗത്തെ അനുഭവങ്ങൾ പങ്ക് വെയ്ക്കും.
ഉച്ചകോടിയിൽ പങ്കെടുക്കുന്ന പ്രതിനിധികൾ, ലോക അൽഷൈമേഴ്സ് ദിനമായ നാളെ രാവിലെ ഏഴ് മണിക്ക് നഗരത്തിലെ പ്രമുഖർക്കൊപ്പം മറൈൻ ഡ്രൈവിൽ ഹെൽത്തി സ്റ്റെപ്സ് അറ്റ് മറൈൻ ഡ്രൈവ് എന്ന പേരിൽ മെമ്മറി വാക്ക് പങ്കാളികളാകും. അബ്ദുൾ കലാം മാർഗിൽ നിന്ന് പ്രഭാത നടത്തം ആരംഭിക്കും.
നാളെ ഉച്ചയ്ക്ക് രണ്ടരയ്ക്ക് നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഉദ്ഘാടനം ചെയ്യും. കൊച്ചി മേയർ എം അനിൽകുമാർ മുഖ്യാതിഥിയാകും.സെപ്തംബർ 20, ശനികലൂർ ഐ എം എ ഹൗസ്: നാഷണൽ ഹെൽത്ത് ജേർണലിസം സമ്മിറ്റ്. ഉദ്ഘാടനം ജസ്റ്റിസ്.ദേവൻ രാമചന്ദ്രൻ, രാവിലെ 10.30.








