
കാൺപുർ: ദേശീയതലത്തിൽ മത്സരിച്ച് സ്വർണ മെഡലുകൾ നേടിയ 24കാരിയായ വനിതാ ബോക്സിങ് താരത്തെ മരിച്ച നിലയിൽ കണ്ടെത്തി. ഉത്തർപ്രദേശിലാണ് സംഭവം. മമ്തശ എന്ന യുവതിയുടെ മൃതദേഹമാണ് കാൺപുർ–പ്രയാഗ്രാജ് ദേശീയപാതയ്ക്ക് സമീപം കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുണ്ടെന്നും കൊലപാതകമാണെന്നുമാണ് കുടുംബത്തിന്റെ ആരോപണം. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു.
നവംബർ അഞ്ചിന് ഉച്ചയ്ക്ക് 12.30ഓടെയാണ് മമ്തശ വീട്ടിൽനിന്ന് പുറത്തുപോയത്. ബന്ധുവിന്റെ വിവാഹത്തിനാവശ്യമായ സാധനങ്ങൾ വാങ്ങാനായി ലാൽ ബംഗ്ലയിലേക്ക് പോകുകയാണെന്ന് വീട്ടുകാരെ അറിയിച്ചായിരുന്നു യാത്ര. എന്നാൽ ഏറെ വൈകിയിട്ടും തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബാംഗങ്ങൾ ഫോണിൽ ബന്ധപ്പെടാൻ ശ്രമിച്ചു. അപ്പോഴേക്കും മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത നിലയിലായിരുന്നു.
പിന്നാലെയാണ് മഹാരാജ്പുർ പോലീസ് സ്റ്റേഷൻ പരിധിയിൽ ദേശീയപാതയ്ക്ക് സമീപം യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. വീട്ടിൽനിന്ന് ഏകദേശം 50 കിലോമീറ്റർ അകലെയായിരുന്നു മൃതദേഹം കിടന്നിരുന്നത്. ആദ്യഘട്ടത്തിൽ ആളെ തിരിച്ചറിയാൻ കഴിഞ്ഞിരുന്നില്ല. മമ്തശയെ കാണാനില്ലെന്ന് കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിനൊടുവിലാണ് മൃതദേഹം യുവതിയുടേതാണെന്ന് പോലീസ് സ്ഥിരീകരിച്ചത്.
അതേസമയം, മമ്തശയുടെ മൊബൈൽ ഫോണും വസ്ത്രങ്ങളും കണ്ടെത്താനായിട്ടില്ലെന്ന് മാതാവ് ആരോപിച്ചു. മകളുടേത് കൊലപാതകമാണെന്നും യുവതിയുടെ സുഹൃത്തായ യുവാവിനെ സംശയിക്കുന്നതായും അവർ പോലീസിനെ അറിയിച്ചിട്ടുണ്ട്. ഫോൺ വിവരങ്ങളടക്കം പരിശോധിച്ച് സംഭവത്തിന്റെ ചുരുളഴിക്കാനുള്ള ശ്രമത്തിലാണ് അന്വേഷണസംഘം.
ദേശീയതലത്തിലുള്ള ബോക്സിങ് മത്സരങ്ങളിൽ ഉൾപ്പെടെ പങ്കെടുത്ത് സ്വർണ മെഡലുകൾ നേടിയിട്ടുള്ള താരമാണ് മമ്തശ. യുവതിയുടെ അപ്രതീക്ഷിത മരണം കായികരംഗത്തും ഞെട്ടലുണ്ടാക്കിയിട്ടുണ്ട്.










