
ദോഹ: ഖത്തറിന്റെ ദേശീയ ഭക്ഷ്യസുരക്ഷാ സംവിധാനം ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി നഗരസഭാ മന്ത്രി വിവിധ പദ്ധതികളിൽ പരിശോധന നടത്തി. രാജ്യത്തിന്റെ സുസ്ഥിര വികസന ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനും വിപണിയിൽ ഭക്ഷ്യലഭ്യത ഉറപ്പുവരുത്തുന്നതിനുമുള്ള പ്രവർത്തനങ്ങൾ മന്ത്രി വിലയിരുത്തി.അക്വാറ്റിക് ലൈഫ് റിസർച്ച് സെന്റർ വഴി പ്രതിവർഷം ഏകദേശം 10 ദശലക്ഷം മത്സ്യക്കുഞ്ഞുങ്ങളെയാണ് ഉത്പാദിപ്പിക്കുന്നത്. കൂടാതെ 60 ടൺ മത്സ്യവും ചെമ്മീനും ഇവിടെനിന്ന് വിപണിയിലെത്തുന്നുണ്ട്.
രാജ്യത്തെ തന്ത്രപ്രധാനമായ ധാന്യശേഖരണ ശേഷി 3,20,000 ടണ്ണായി ഉയർത്തിയിട്ടുണ്ട്. ഇത് അടിയന്തര സാഹചര്യങ്ങളിൽ ഭക്ഷ്യലഭ്യത ഉറപ്പാക്കാൻ സഹായിക്കും.പ്രാദേശിക വിപണിയിലെ ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പാൽ, മുട്ട, ചിക്കൻ എന്നിവയുടെ ഉത്പാദനം വർദ്ധിപ്പിക്കുന്നതിനും അവയുടെ സുസ്ഥിരത ഉറപ്പാക്കുന്നതിനും പ്രത്യേക പിന്തുണ നൽകുന്നു.പരിശോധനയ്ക്ക് ശേഷം സംസാരിച്ച മന്ത്രി, വിവിധ വകുപ്പുകളുടെ ഏകോപിത ശ്രമങ്ങൾ വിപണിയുടെ സ്ഥിരതയ്ക്കും ഭക്ഷ്യവസ്തുക്കളുടെ തടസ്സമില്ലാത്ത വിതരണത്തിനും അത്യന്താപേക്ഷിതമാണെന്ന് ഊന്നിപ്പറഞ്ഞു. ഖത്തറിന്റെ സുസ്ഥിര വികസന ആവശ്യങ്ങൾക്കനുസരിച്ച് ഭക്ഷ്യസുരക്ഷാ സംവിധാനം കൂടുതൽ വിപുലീകരിക്കുമെന്നും അദ്ദേഹം കൂട്ടിിച്ചേർത്തു.











