
ന്യൂഡൽഹി: ദേശീയ കുടുംബാരോഗ്യ സർവേയുടെ ആറാം പതിപ്പ് കേന്ദ്ര സർക്കാർ പുറത്തിറക്കി. 2023-24 കാലയളവിൽ രാജ്യത്തിന്റെ ആരോഗ്യ-സാമൂഹിക രംഗങ്ങളിലെ മാറ്റങ്ങൾ വിലയിരുത്തുന്ന റിപ്പോർട്ട് മാതൃ-ശിശു ആരോഗ്യം, പോഷകാഹാരം, സാമ്പത്തിക ഉൾപ്പെടുത്തൽ തുടങ്ങിയ മേഖലകളിൽ ശ്രദ്ധേയ പുരോഗതി രേഖപ്പെടുത്തുന്നുണ്ട്. എന്നാൽ ചില സുപ്രധാന ആരോഗ്യ-സാമൂഹിക സൂചികകൾ റിപ്പോർട്ടിൽ ഉൾപ്പെടുത്തിയിട്ടില്ലെന്നത് വിമർശനങ്ങൾക്ക് വഴിവെച്ചിരിക്കുകയാണ്.
ജനനസമയത്തെ ലിംഗാനുപാതം, ശൗചാലയ ഉപയോഗനിരക്ക്, പാചകവാതക ഉപയോഗം, ശിശു-കുട്ടിമരണ നിരക്ക്, കുടുംബാസൂത്രണ സേവനങ്ങളുടെ ഫലപ്രാപ്തി, അനീമിയയുടെ വ്യാപ്തി തുടങ്ങിയ പ്രധാന വിവരങ്ങൾ ഇത്തവണ പുറത്തുവിട്ടിട്ടില്ല. രാജ്യത്തെ യഥാർഥ സാമൂഹ്യ-ആരോഗ്യ അവസ്ഥയുടെ പൂർണ ചിത്രം മറച്ചുവെക്കാനുള്ള ശ്രമമാണിതെന്നാണ് വിമർശകരുടെ ആരോപണം.
കേന്ദ്ര ആരോഗ്യ-കുടുംബക്ഷേമ മന്ത്രാലയത്തിന് കീഴിലുള്ള ഇന്റർനാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പോപ്പുലേഷൻ സയൻസസ് നടത്തിയ സർവേ 715 ജില്ലകളിലായി 6.79 ലക്ഷം കുടുംബങ്ങളെ ഉൾപ്പെടുത്തിയാണ് പൂർത്തിയാക്കിയത്.
ആശുപത്രികളിലും പ്രസവചികിത്സാ കേന്ദ്രങ്ങളിലുമായി നടക്കുന്ന പ്രസവങ്ങളുടെ വിഹിതം 90.6 ശതമാനത്തിലെത്തിയതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. 12 മുതൽ 23 മാസം വരെ പ്രായമുള്ള കുട്ടികളിൽ സമ്പൂർണ പ്രതിരോധ കുത്തിവയ്പ്പ് ലഭിച്ചവരുടെ നിരക്ക് 96 ശതമാനത്തിന് മുകളിലാണ്. അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികളിലെ വളർച്ചാമുരടിപ്പ് 35.5 ശതമാനത്തിൽ നിന്ന് 29.3 ശതമാനമായി കുറഞ്ഞതും റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു.
ആരോഗ്യ ഇൻഷുറൻസ് പരിരക്ഷ ലഭിക്കുന്നവരുടെ ശതമാനം 40.1ൽ നിന്ന് 60.2 ആയി ഉയർന്നു. സ്ത്രീകളുടെ ഡിജിറ്റൽ, സാമ്പത്തിക പങ്കാളിത്തത്തിലും ശ്രദ്ധേയ വർധനയുണ്ട്. ഇന്റർനെറ്റ് ഉപയോഗിക്കുന്ന സ്ത്രീകളുടെ എണ്ണം 33.3 ശതമാനത്തിൽ നിന്ന് 64.3 ശതമാനമായും ബാങ്കിങ് സേവനങ്ങൾ പ്രയോജനപ്പെടുത്തുന്ന സ്ത്രീകളുടെ വിഹിതം 78.6ൽ നിന്ന് 89 ശതമാനമായും ഉയർന്നു. മൊബൈൽ ഫോൺ ഉപയോഗിക്കുന്ന സ്ത്രീകളുടെ നിരക്കും വർധിച്ചിട്ടുണ്ട്.
15 മുതൽ 24 വയസ്സ് വരെയുള്ള യുവതികളിൽ ആർത്തവ ശുചിത്വ ഉൽപ്പന്നങ്ങളുടെ ഉപയോഗം 77.6 ശതമാനത്തിൽ നിന്ന് 79.2 ശതമാനമായി ഉയർന്നതായും സർവേ വ്യക്തമാക്കുന്നു.
അതേസമയം, മുൻ സർവേയിൽ അനീമിയ ബാധിതരുടെ എണ്ണം വർധിച്ചതായി കണ്ടെത്തിയതിനെ തുടർന്ന് കേന്ദ്ര സർക്കാർ വിമർശനം നേരിട്ടിരുന്നു. അതിന് പിന്നാലെ അന്നത്തെ ഐ.ഐ.പി.എസ് ഡയറക്ടർ ഡോ. ജെയിംസിനെ സ്ഥാനത്തുനിന്ന് മാറ്റിയ നടപടി വിവാദമായിരുന്നു.
സംസ്ഥാനങ്ങളുടെ പ്രകടനം പരിശോധിക്കുമ്പോൾ കേരളം വീണ്ടും മുന്നിലെത്തി. ആശുപത്രികളിലെയും പ്രസവചികിത്സാ കേന്ദ്രങ്ങളിലെയും പ്രസവനിരക്ക് ഗ്രാമ-നഗര വ്യത്യാസമില്ലാതെ 99.6 മുതൽ 99.8 ശതമാനം വരെ ഉയർന്ന നിലയിൽ തുടരുന്നതായി റിപ്പോർട്ട് വ്യക്തമാക്കുന്നു. ആരോഗ്യരംഗത്തെ കേരളത്തിന്റെ സ്ഥിരതയാർന്ന മുന്നേറ്റത്തിന് ഇത് മറ്റൊരു തെളിവായും വിലയിരുത്തപ്പെടുന്നു.










