07:04pm 07 November 2026
NEWS
ദേശീയ വിദ്യാഭ്യാസ സെമിനാർ 18, 19 തിയതികളിൽ കൊച്ചിയിൽ
12/09/2026  06:40 PM IST
മൈക്കിൾ വർഗ്ഗീസ് ചെങ്ങാടക്കരി
ദേശീയ വിദ്യാഭ്യാസ സെമിനാർ 18, 19 തിയതികളിൽ കൊച്ചിയിൽ

കൊച്ചി: ആഗോളമാറ്റങ്ങളുടെയും ആധുനിക സാങ്കേതികവിദ്യകളുടെയും ആവശ്യകത ഉൾക്കൊണ്ട് വിദ്യാഭ്യാസരംഗത്ത് വരുത്തേണ്ട സമഗ്രമാറ്റങ്ങൾ ചർച്ച ചെയ്യുന്ന SANKALP 2047 – Evolving EduVision 2047 എന്ന ദേശീയ വിദ്യാഭ്യാസ സെമിനാർ 2026 സെപ്റ്റംബർ 18, 19 തിയതികളിൽ കൊച്ചി താജ് വിവാന്തയിൽ സംഘടിപ്പിക്കും.

നാഷണൽ കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് (എൻ.സി.സി.എസ്), കൗൺസിൽ ഓഫ് സി.ബി.എസ്.ഇ. സ്കൂൾസ് കേരള (സി.സി.എസ്.കെ)യുടെ സഹകരണത്തോടെയാണ് സെമിനാർ സംഘടിപ്പിക്കുന്നത്.

സെമിനാറിന്റെ ഉദ്ഘാടനം 18ന് രാവിലെ 11ന് വിദ്യാഭ്യാസ മന്ത്രി എൻ. ഷംസുദ്ദീൻ നിർവഹിക്കും. ഹൈബി ഈഡൻ എം.പി., ദക്ഷിണ നാവിക കമാൻഡ് വൈസ് അഡ്മിറൽ സമീർ സക്സേന, യുനെസ്കോ ഡയറക്ടർ ഡോ. ഒബിജിയോഫർ അഗിനാം, പൊലീസ് ഐ.ജി പുട്ട വിമലാദിത്യ തുടങ്ങിയവർ വിവിധ വിഷയങ്ങൾക്ക് നേതൃത്വം നൽകും.

19ന് രാവിലെ 9.30 നാരംഭിക്കുന്ന സെമിനാറിൽ ട്രാൻസ്ഫർമേഷൻ റോൾ ഫോർ സ്കൂൾസ് എന്ന വിഷയത്തിൽ ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ സംസാരിക്കും. ഉച്ചയ്ക്ക് 12ന് സെമിനാറിന്റെ ഔദ്യോഗിക ഉദ്ഘാടനം മുഖ്യമന്ത്രി വി.ഡി സതീശൻ നിർവഹിക്കും.

സെമിനാറിന്റെ വിവിധ സെഷനുകൾക്ക് എറണാകുളം ജില്ലാ കളക്ടർ ജി. പ്രിയങ്ക ഐ.എ.എസ്, , സി.ബി.എസ്.ഇ അഫിലിയേഷൻ ഡയറക്ടർ ജയപ്രകാശ് ചതുർവേദി, ഐ.ഐ.എം ഡയറക്ടർ പ്രൊഫ. ദേഭാശിഷ് ചാറ്റർജി, തെലുങ്കാന സ്പോർട്സ് യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോ. ജി കിഷോർ എന്നിവർ നേതൃത്വം നൽകും.

പരിസ്ഥിതിസംരക്ഷണ ബോധവത്കരണത്തിന് റൺ ഫോർ നേച്ചർ കൂട്ടയോട്ടം 19ന് രാവിലെ 6.30ന് സംഘടിപ്പിക്കും. യുനെസ്കോ ഡയറക്ടർ ഡോ. ഒബിജിയോഫർ അഗിനാം നേതൃത്വം നൽകും. ടാജ് വിവാന്ത മുതൽ ഗാന്ധിപ്രതിമ വരെയാണ് കൂട്ടയോട്ടം.

വികസിത ഭാരതം @2047 എന്ന ദേശീയലക്ഷ്യം കൈവരിക്കാൻ സ്കൂൾ വിദ്യാഭ്യാസത്തെ നിർണായകമായ അടിത്തറയായി പരിഗണിച്ച്, 2047-ലെ വിദ്യാലയങ്ങളും വിദ്യാർത്ഥികളും എങ്ങനെയാകണമെന്ന വിശാലമായ ചർച്ചകൾ സെമിനാറിൽ നടക്കും. സ്കൂൾ മേധാവികൾ, വിദ്യാഭ്യാസ വിചക്ഷണർ, നയരൂപീകരണ വിദഗ്ദ്ധർ, ശാസ്ത്രജ്ഞർ, സാങ്കേതിക–അക്കാദമിക് വിദഗ്ദ്ധർ തുടങ്ങിവർ പങ്കെടുക്കുമെന്ന് സങ്കൽപ് ദേശീയ സെമിനാറിന്റെ നാഷണൽ കോർഡിനേറ്റർ ആയ ഡോ. ഇന്ദിരാ രാജൻ അറിയിച്ചു.

കൃത്രിമ ബുദ്ധിയും (എ.ഐ) നവസാങ്കേതികവിദ്യകളും, കാലാവസ്ഥാ വ്യതിയാനവും സുസ്ഥിരതയും, ആരോഗ്യം, ക്ഷേമം, കായികം, മൂല്യാധിഷ്ഠിത വിദ്യാഭ്യാസം, നേതൃത്വം, പാഠ്യപദ്ധതി, മൂല്യനിർണയം, അധ്യാപക ശാക്തീകരണം, നവീകരണം, രാഷ്ട്രനിർമ്മാണം തുടങ്ങിയ വിദ്യാഭ്യാസത്തിന്റെ നിർണായക മേഖലകൾ ചർച്ചയാകും. അതിവേഗം മാറുന്ന സാങ്കേതിക ലോകത്തിനനുസരിച്ച് എ.ഐ സാക്ഷരത, വിമർശനാത്മക ചിന്ത, സർഗാത്മകത, നവീകരണശേഷി, ഡിജിറ്റൽ ഉത്തരവാദിത്തം, അനുഭവാധിഷ്ഠിത പഠനം, ഭാവി നൈപുണ്യങ്ങൾ എന്നിവ പഠനത്തിന്റെ അവിഭാജ്യ ഘടകങ്ങളാക്കേണ്ടതിന്റെ ആവശ്യകതയും ചർച്ച ചെയ്യും. ശാരീരിക–മാനസിക ആരോഗ്യം, കായികക്ഷമത, മൂല്യബോധം, സഹാനുഭൂതി, ആത്മവിശ്വാസം, പ്രതിരോധശേഷി, ഉത്തരവാദിത്തമുള്ള പൗരബോധം എന്നിവ വളർത്തുന്നതിലും സ്കൂളുകൾ വഹിക്കേണ്ട പങ്ക് പ്രത്യേകം പരിഗണിക്കും. മനഃപാഠ പഠനത്തിൽ നിന്ന് അറിവിന്റെ പ്രയോഗത്തിലേക്കും, പ്രശ്നപരിഹാരം, വിമർശനാത്മക ചിന്ത, അന്തർവിഷയ പഠനം, ഗവേഷണം, സർഗാത്മകത, യഥാർത്ഥ ജീവിതാനുഭവങ്ങൾ എന്നിവയിലേക്കുമുള്ള മാറ്റം ഭാവി വിദ്യാഭ്യാസത്തിന്റെ അനിവാര്യതയായി സങ്കൽപ് 2047 മുന്നോട്ടുവയ്ക്കും.

ഭാവിക്കായി സജ്ജമായ വിദ്യാലയങ്ങൾ, ശാക്തീകരിക്കപ്പെട്ട അധ്യാപകർ, കാലാവസ്ഥാ ബോധം, പരിസ്ഥിതി സംരക്ഷണം, സുസ്ഥിര ജീവിതശൈലി എന്നിവ വിദ്യാഭ്യാസത്തിന്റെ അവിഭാജ്യ ഘടകങ്ങളായി വളർത്തേണ്ടതിന്റെ പ്രാധാന്യവും ചർച്ച ചെയ്യും.

എൻ.സി.ഇ.ആർ.ടി., ആർട്ടിഫിഷ്യൽ ഇന്റലിജൻസ്, സാങ്കേതികവിദ്യ, ഗൂഗിൾ, പാഠ്യപദ്ധതി, വിദ്യാഭ്യാസ മേഖലകൾ എന്നിവയിലെ മുതിർന്ന ഉദ്യോഗസ്ഥരും വിദഗ്ദ്ധരും സെഷനുകളിൽ പങ്കെടുക്കും. വിദഗ്ദ്ധരെയും പ്രായോഗിക പരിചയമുള്ള പ്രമുഖരെയും ഉൾപ്പെടുത്തി പ്രത്യേക പാനൽ ചർച്ചകളും സംഘടിപ്പിക്കും. എ.ഐയും ഭാവി സാങ്കേതികവിദ്യകളും, കാലാവസ്ഥയും സുസ്ഥിരതയും, ആരോഗ്യം–ക്ഷേമം, കായികം, പാഠ്യപദ്ധതിയും മൂല്യനിർണയവും, മൂല്യങ്ങളും നേതൃത്വവും, അധ്യാപക വികസനം, രാഷ്ട്രനിർമ്മാണം തുടങ്ങിയ വിഷയങ്ങളിൽ കാഴ്ചപ്പാടുകൾ പങ്കുവെക്കുന്നതിനും പ്രായോഗിക ആശയങ്ങൾ മുന്നോട്ടുവയ്ക്കുന്നതിനും ചർച്ചകൾ വേദിയൊരുക്കും.

2047-ലെ ഇന്ത്യയുടെ രൂപം നിലവിലെ വിദ്യാലയങ്ങളിൽ നിന്ന് ആരംഭിക്കുകയെന്ന ആശയമാണ് സങ്കൽപ് 2047 മുന്നോട്ടുവയ്ക്കുന്നത്. ഭാവി ഇന്ത്യയ്ക്ക് വിദ്യാലയങ്ങളെ പ്രചോദനകേന്ദ്രങ്ങളായും, അധ്യാപകരെ ശക്തിയായും, വിദ്യാർത്ഥികളെ നവീകരണത്തിന്റെ ചാലകശക്തിയായും, യുവതലമുറയെ ഉത്തരവാദിത്തമുള്ള നേതാക്കളായും വളർത്തി 2047-ലെ വികസിതവും വിജ്ഞാനസമ്പന്നവും സുസ്ഥിരവും മാനവികവുമായ ഇന്ത്യയ്ക്ക് ഇപ്പോൾതന്നെ അടിത്തറ പാകുക എന്നതാണ് സങ്കൽപ് 2047-ന്റെ ലക്ഷ്യം.

സങ്കല്പ് ദേശീയ വിദ്യാഭ്യാസ സെമിനാറിന്റെ നാഷണൽ ചെയർമാൻ ഡോ. ഇന്ദിരാ രാജൻ, എക്സിക്യൂട്ടീവ് കൺവീനർ സുചിത്ര ഷൈജിന്ത്, പ്രോഗ്രാം കൺവീനർ ഫാ. ജോണി കാഞ്ഞിരത്തിങ്കൽ സി.എം.ഐ, പ്രോഗ്രാം കമ്മിറ്റി അംഗങ്ങളായ ഫാ. മാത്യു കരീത്തറ സി.എം.ഐ., ഡോ. കെ. ഹരീഷ്, എം. നീലകണ്ഠൻ, ഡോ. സുനിത സതീഷ്, രാകേഷ് സി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Ernakulam
img