12:52pm 30 April 2026
NEWS
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം
25/10/2025  08:12 AM IST
nila
രാജ്യസഭാ തെരഞ്ഞെടുപ്പിൽ ജമ്മു കശ്മീരിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം

ജമ്മു കശ്മീരിലെ നാല് രാജ്യസഭ സീറ്റുകളിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ ഒരു സീറ്റിൽ ബിജെപിക്ക് അപ്രതീക്ഷിത വിജയം. വിജയിക്കാനുള്ള അംഗബലം നിയമസഭയിൽ ഇല്ലാതിരുന്നിട്ടും ഒരു സീറ്റിൽ ബിജെപി സ്ഥാനാർത്ഥി വിജയിക്കുകയായിരുന്നു. മൂന്നു സീറ്റുകളിൽ നാഷണൽ കോൺഫറൻസാണ് വിജയിച്ചത്. 

ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ സാത് ശർമ്മയാണ് വിജയിച്ച ബിജെപി സ്ഥാനാർത്ഥി. മുൻ മന്ത്രിമാരായ ചൗധരി മുഹമ്മദ് റംസാൻ, സജ്ജാദ് അഹമ്മദ് കിച്ച്‌ലൂ, പാർട്ടി ഖജാൻജി ഗുർവീന്ദർ സിങ് ഒബ്‌റോയ് എന്നിവരാണ് വിജയിച്ച നാഷണൽ കോൺഫറൻസ് സ്ഥാനാർത്ഥികൾ. 

ഇമ്രാൻ നബി ദറിനെയാണ് സാത് ശർമ്മ പരാജയപ്പെടുത്തിയത്.90 അംഗ നിയമസഭയിൽ നിലവിലെ 88 അംഗങ്ങളാണ് തെരഞ്ഞെടുപ്പിനായി ഹാജരായത്. ബിജെപിക്ക് നിയമസഭയിൽ 28 എംഎൽഎമാരാണുള്ളത്. എന്നാൽ സാത് ശർമ്മ 32 വോട്ടുകൾ നേടിയതോടെയാണ് വിജയിക്കാൻ കഴിഞ്ഞത്.

നാഷണൽ കോൺഫറൻസിന് 41 എംഎൽഎമാരാണുള്ളത്. സഖ്യത്തെ പിന്തുണക്കുന്ന കോൺഗ്രസിന് ആറ്, പിഡിപിക്ക് മൂന്ന്, അവാമി ഇത്തിഹാദ് പാർട്ടിക്കും സിപിഎമ്മിനും ഓരോ എംഎൽഎയുമാണുള്ളത്. അഞ്ച് സ്വതന്ത്രരും ഒമർ അബ്ദുല്ല സർക്കാരിന്റെ ഭാഗമാണ്.
ജമ്മു കശ്മീർ പീപ്പിൾസ് കോൺഫറൻസ് അദ്ധ്യക്ഷൻ സജ്ജാദ് ലോൺ വോട്ടെടുപ്പിൽ നിന്ന് വിട്ടുനിന്നു. ആപ് എംഎൽഎ മെഹ്‌റാജ് മാലിക് ജയിലിലായതിനാൽ വോട്ടെടുപ്പിൽ പങ്കെടുത്തില്ല.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img