
കൊച്ചി: ഒകുലോപ്ലാസ്റ്റിക് അസോസിയേഷന്‍ ഓഫ് ഇന്ത്യയുടെ 36-ാം വാര്‍ഷിക സമ്മേളനം (ഒ പി. എ ഐ 2026) ഏപ്രില്‍ 24 മുതല്‍ 26 വരെ കലൂരിലെ ഹോട്ടൽ ഗോകുലം പാര്‍ക്കില്‍ നടക്കും.
കണ്ണിനെയും അതിനോട് ചേര്‍ന്ന ഉപരിതല ഭാഗങ്ങളെയും പുനര്‍നിര്‍മ്മിക്കുകയും രൂപസൗന്ദര്യം മെച്ചപ്പെടുത്തുകയും ചെയ്യുന്ന ഒകുലോപ്ലാസ്റ്റി എന്ന ശസ്ത്രക്രിയാ ശാഖയിലെ വിദഗ്ദ്ധരുടെ ദേശീയ സമ്മേളനമാണിത്.
ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ടാണ് കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സിന്റെ പിന്തുണയോടെ സമ്മേളനം സംഘടിപ്പിക്കുന്നത്.
രാജ്യത്തെ പ്രമുഖ നേത്ര ശസ്ത്രക്രിയ വിദഗ്ധരും, പിജി വിദ്യാര്‍ഥികളും ഉള്‍പ്പെടെ 400-ല്‍ അധികം പ്രതിനിധികള്‍ പങ്കെടുക്കും. 30ഓളം ശാസ്ത്ര സെഷനുകളും ഉണ്ടായിരിക്കും.
ഏപ്രില്‍ 24ന് വൈകിട്ട് 5.30ന് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബച്ചു കുര്യന്‍ തോമസ് സമ്മേളനം ഉദ്ഘാടനം ചെയ്യും. ഒ. പി. എ. ഐ പ്രസിഡന്റ് ഡോ. കസ്തൂരി ഭട്ടാചാര്‍ജി മുഖ്യപ്രഭാഷണം നടത്തും.
ഓർഗനൈസിങ് ചെയർമാൻ ഡോ. എസ്.ജെ. സായികുമാര്‍, സെക്രട്ടറി ഡോ. രമന്‍ മിത്തല്‍, ജനറല്‍ സെക്രട്ടറി ഡോ. സന്തോഷ് ജി. ഹോണവര്‍, ഓർഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, സയൻ്റിഫിക് കമ്മിറ്റി ചെയർമാൻ ഡോ. സവാരി ദേശായി, ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍, ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറി ഡോ. ഷെബിന്‍ സലീം, കേരള സൊസൈറ്റി ഓഫ് ഒഫ്താല്‍മിക് സര്‍ജന്‍സ് പ്രസിഡന്റ് ഡോ. രാജീവ് സുകുമാരന്‍ എന്നിവര്‍ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കും.
ഒകുലോപ്ലാസ്റ്റിക് ശസ്ത്രക്രിയ ഇപ്പോള്‍ ഏറെ പുരോഗമിച്ച മേഖലയായി മാറിയതായി ഡോ. എസ്. ജെ. സായികുമാര്‍ പറഞ്ഞു.
കണ്ണിൻ്റെ പുനഃസ്ഥാപനത്തിന് പുറമെ രൂപസൗന്ദര്യവും ജീവിത നിലവാരവും മെച്ചപ്പെടുത്തുന്നതില്‍ ഈ ശാഖയ്ക്ക് വലിയ പങ്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
അതി നൂതന സാങ്കേതിക വിദ്യകളുടെ പ്രയോഗവും ശസ്ത്രക്രിയാ രീതികളും ഉൾപ്പെട്ട സമ്മേളനം യുവ ഡോക്ടര്‍മാര്‍ക്ക് വലിയ പഠനവേദിയൊരുക്കുമെന്ന് ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍ പറഞ്ഞു
മൂന്ന് ദിവസം വിവിധ ഹാളുകളില്‍ സമാന്തരമായാണ് ശാസ്ത്ര സെഷനുകള്‍ നടക്കുക.ശാസ്ത്ര പരിപാടിയില്‍ കണ്ണിൻ്റെ പുനര്‍നിര്‍മ്മാണ ശസ്ത്രക്രിയ, രൂപസൗന്ദര്യ ചികിത്സ, കൺ പോളകൾ, കൺകുഴി, കണ്ണുനീര്‍ ഗ്രന്ധിയുടെ ഭാഗങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട ശസ്ത്രക്രിയകളും ചര്‍ച്ചയാകുമെന്ന് ഓർഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി പറഞ്ഞു.
കണ്ണ് ക്യാന്‍സര്‍, തൈറോയ്ഡ് കണ്ണ് രോഗം എന്നിവ ഉള്‍പ്പെടെ വിവിധ വിഷയങ്ങളിൽ ചര്‍ച്ച നടക്കും. പ്രഭാഷണങ്ങളും പാനല്‍ ചര്‍ച്ചകളും ശസ്ത്രക്രിയ വീഡിയോ പ്രദര്‍ശനങ്ങളും നടക്കും.
പ്രായോഗിക പരിശീലനത്തിന് പ്രാധാന്യം നല്‍കിയുള്ള വര്‍ക്ക്‌ഷോപ്പുകളും ഉള്‍പ്പെടുത്തിയിട്ടുണ്ട്. സ്യൂച്ചറിംഗ്, നാസല്‍ എന്‍ഡോസ്കോപ്പി, ഫ്രാക്ചര്‍ പ്ലേറ്റിംഗ്, ബോട്ടോക്സ്, ഫില്ലേഴ്സ്, ക്ലിനിക്കല്‍ ഫോട്ടോഗ്രഫി, കൃത്രിമ ബുദ്ധി, ത്രിമാന പ്രിന്റിംഗ് തുടങ്ങിയ വിഷയങ്ങളില്‍ ശിൽപശാല പരിശീലനം ഉണ്ടായിരിക്കും.
അന്താരാഷ്ട്ര ഫാക്കൾട്ടികൾക്ക് ഒപ്പം രാജ്യത്തെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള ഡോക്ടര്‍മാരും വിദ്യാര്‍ഥികളും സമ്മേളനത്തില്‍ പങ്കെടുക്കും.
ഓർഗനൈസിങ് സെക്രട്ടറി ഡോ. മരിയന്‍ പോളി, ഗിരിധര്‍ ഐ ഇന്‍സ്റ്റിറ്റ്യൂട്ട് മെഡിക്കല്‍ ഡയറക്ടര്‍ ഡോ. എ. ഗിരിധര്‍, ജോയിന്റ് ഓർഗനൈസിങ് സെക്രട്ടറി ഡോ. ഷെബിന്‍ സലീം എന്നിവർ പത്ര സമ്മേളനത്തിൽ പങ്കെടുത്തു.
Photo Courtesy - Google









