
രാജ്യത്ത് ക്രൈസ്തവ സമൂഹത്തിനായി പ്രത്യേക ക്ഷേമ ബോർഡ് രൂപീകരിക്കാൻ കേന്ദ്രസർക്കാർ നീക്കമെന്ന് റിപ്പോർട്ട്. ക്രൈസ്തവർക്ക് ‘സൂക്ഷ്മ ന്യൂനപക്ഷ’ പദവി നൽകാനുള്ള നീക്കത്തിന്റെ ഭാഗമായാണ് പുതിയ നീക്കമെന്നാണ് സൂചന. അർധ-ജുഡീഷ്യൽ അധികാരമുള്ള ഒരു സംവിധാനമായിരിക്കും പുതുതായി രൂപീകരിക്കുന്ന ദേശീയ ക്രിസ്ത്യൻ ക്ഷേമബോർഡ്. സംസ്ഥാന സർക്കാരുകളുടെ പ്രതിനിധികളും ബോർഡിലുണ്ടാകും.
ദേശീയ ക്രിസ്ത്യൻ ക്ഷേമബോർഡ് രൂപീകരണത്തിന് മുന്നോടിയായി വിവിധ ക്രൈസ്തവ വിഭാഗങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ സംഘപരിവാർ ബന്ധമുള്ള എൻജിഒകൾ ശേഖരിച്ചതായും, അതിനെ അടിസ്ഥാനമാക്കി സർക്കാരിന് റിപ്പോർട്ട് സമർപ്പിക്കുമെന്നുമാണ് വിവരം. ആചാരങ്ങളുമായി ബന്ധപ്പെട്ട അവകാശലംഘനങ്ങൾ നേരിടുന്ന ക്രൈസ്തവർക്ക് മൗലികാവകാശങ്ങൾ ഉറപ്പാക്കുക, വിവാഹവും ശവസംസ്കാരവുമായി ബന്ധപ്പെട്ട അവകാശങ്ങൾ സംരക്ഷിക്കുക, മിശ്രമത ദമ്പതികളുടെ കുട്ടികൾക്ക് മതം തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഉറപ്പാക്കുക, നിയന്ത്രണങ്ങളില്ലാതെ ആരാധന നടത്താൻ അവസരം നൽകുക തുടങ്ങിയവയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യങ്ങൾ.
അതേസമയം, വിദേശ സംഭാവനാ നിയന്ത്രണ നിയമമായ എഫ്.സി.ആർ.എ ഭേദഗതിക്ക് ശേഷമായിരിക്കും ബോർഡ് രൂപീകരണ നടപടികൾ മുന്നോട്ട് പോകുക. ഭേദഗതിപ്രകാരം, എഫ്.സി.ആർ.എ ലൈസൻസ് റദ്ദാക്കുകയോ പുതുക്കാതിരിക്കുകയോ ചെയ്ത സംഘടനകളുടെ വിദേശ ഫണ്ട് ഉപയോഗിച്ച് നിർമ്മിച്ച സ്വത്തുക്കൾ സർക്കാരിന് ഏറ്റെടുക്കാൻ സാധിക്കും. ഇത്തരത്തിലുള്ള സ്വത്തുക്കൾ നിയന്ത്രിക്കാൻ ഒരു പ്രത്യേക അതോറിറ്റി നിയോഗിക്കാനും, അത് തന്നെ പുതിയ ക്ഷേമ ബോർഡായി മാറാനുമുള്ള സാധ്യതയാണ് ഉയരുന്നത്.
എന്നാൽ, ഈ നീക്കത്തിനെതിരെ ക്രൈസ്തവ വിഭാഗങ്ങളിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിട്ടുണ്ട്. സഭകളുടെയും പുരോഹിതരുടെയും പരമ്പരാഗത അവകാശങ്ങൾ ഹനിക്കപ്പെടുമെന്ന ആശങ്കയാണ് പ്രധാനമായും ഉയരുന്നത്.















