
മുംബൈ: 2026-ലെ കുംഭമേളയ്ക്ക് മുന്നോടിയായി നാസിക്കിലെ തപോവനിൽ നടപ്പാക്കുന്ന ‘സാധുഗ്രാം’ പദ്ധതിക്കായി 1670 മരങ്ങൾ വെട്ടിമാറ്റാനുള്ള നീക്കത്തിൽ പ്രതിഷേധം ശക്തം. ഏകദേശം 1200 ഏക്കറിലായി വ്യാപിച്ചു കിടക്കുന്ന ഈ മേഖലയിലെ നിരവധി മരങ്ങൾ നൂറ്റാണ്ടോളം പഴക്കമുള്ളവയാണെന്ന് പരിസ്ഥിതി പ്രവർത്തകർ ചൂണ്ടിക്കാട്ടുന്നു. മരംമുറിക്ക് അനുമതി നേടാൻ നാസിക് മുനിസിപ്പൽ കോർപ്പറേഷൻ നൽകിയ നോട്ടീസിന് നൂറുകണക്കിന് ആളുകൾ എതിർപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. തിങ്കളാഴ്ച നടന്ന പൊതു വിചാരണയിൽ പ്രതിഷേധം ശക്തമായി.
കുംഭമേളയുടെ പേരിൽ മൂല്യമേറിയ ഭൂമികൾ ചില വ്യവസായികൾക്ക് കൈമാറാനുള്ള പദ്ധതിയാണിതെന്നാരോപിച്ച് എംഎൻഎസ് പ്രധാനി രാജ് താക്കറെ രംഗത്തെത്തി. സർക്കാർ ജനവിരുദ്ധ നിലപാട് സ്വീകരിച്ചാൽ പാർട്ടി ജനങ്ങളുടെ പക്ഷത്തുണ്ടാകുമെന്ന് അദ്ദേഹം വ്യക്തമാക്കി. അതേസമയം, ഉപമുഖ്യമന്ത്രി അജിത് പവാറിന്റെ നേതൃത്വത്തിലുള്ള എൻസിപിയിലെ നേതാവും വൃക്ഷസംരക്ഷണ പ്രവർത്തകനുമായ സയാജി ഷിൻഡേ തപോവൻ സന്ദർശിച്ച് മരംമുറിക്കെതിരായ പോരാട്ടത്തിന് പിന്തുണ പ്രഖ്യാപിച്ചു.
നാസിക്കിൽ കുംഭമേള പുതുമയല്ലെന്നും, ശ്രീരാമനും സീതയും ലക്ഷ്മണനും വനവാസകാലത്ത് താമസിച്ചിരുന്നുവെന്ന് വിശ്വസിക്കപ്പെടുന്ന പരിശുദ്ധ മേഖലയെയാണ് തപോവൻ എന്നും രാജ് താക്കറെ ഓർമ്മിപ്പിച്ചു. ശിവസേനാ നേതാവ് ഉദ്ധവ് താക്കറെയും കരാറുകാരുടെ ലാഭത്തിനുവേണ്ടിയാണ് മരംവെട്ടൽ നടക്കുന്നതെന്ന് ആരോപിച്ചു.











