
ദോഹ: പതിനൊന്നാമത് നസീം ഹെൽത്ത് കെയർ പ്രസന്റ്സ് ചാലിയാർ ദോഹ സ്പോർട്സ് ഫെസ്റ്റ് ഖത്തർ ദേശീയ കായിക ദിനമായ ഫെബ്രുവരി 11 ന് ചൊവ്വാഴ്ച രാവിലെ 7 മണി മുതൽ അബുഹമൂർ ന്യൂ ഐഡിയൽ സ്കൂൾ ഗ്രൗണ്ടിൽ നടക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. ചാലിയാറിന്റെ ഇരുതീരങ്ങളിലുള്ള ഇരുപത്തിനാല് പഞ്ചായത്തുകൾ അണിനിരക്കുന്ന വർണ്ണശബളമായ മാർച്ച് പാസ്റ്റോടെയാണ് സ്പോർട്സ് ഫെസ്റ്റ്ന് തിരശീല ഉയരുക.
മാർച്ച് പാസ്റ്റിന് ശേഷം പുരുഷൻമാരുടെ പഞ്ചഗുസ്തി, വടംവലി, 1500 മീറ്റർ റണ്ണിംഗ്, 100 മീറ്റർ റണ്ണിംഗ്, 4x100 മീറ്റർ റണ്ണിംഗ് എന്നിവയും, വനിതകളുടെ പെനാൽറ്റി ഷൂട്ട് ഔട്ട്, ബാസ്കറ്റ് ബോൾ, ബോൾ ഓൺ സ്റ്റമ്പ്, ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും 100, 50 മീറ്റർ റണ്ണിംഗ് റേസ് എന്നിവ അരങ്ങേറും.
ഫൈവ്സ് ഫുട്ബോൾ പ്രീക്വാർട്ടർ, ക്വാർട്ടർ ഫൈനൽ മത്സരങ്ങൾ കഴിഞ്ഞ വെള്ളിയാഴ്ച അവസാനിച്ചു. നാളെ നടക്കുന്ന ഒന്നാം സെമി ഫൈനലിൽ എടവണ്ണ, ഊർങ്ങാട്ടിരിയെയും രണ്ടാം സെമി ഫൈനലിൽ വാഴയൂർ, ചീക്കോടിനെയും നേരിടും.
ഇന്നലെ നടന്ന പുരുഷൻമാരുടെ നീന്തൽ മത്സരത്തിൽ ജഹ്ഫറലി (ഊർങ്ങാട്ടിരി) ഒന്നാം സ്ഥാനവും, അബ്ദുൽ ഹമീദ് (ചീക്കോട്) രണ്ടാം സ്ഥാനവും, മുഹമ്മദ് യാസിർ (ഊർങ്ങാട്ടിരി) മൂന്നാം സ്ഥാനവും നേടി.











