12:16am 28 May 2026
NEWS
ചന്ദ്രനിൽ മനുഷ്യർ സ്ഥിരതാമസമാക്കും; നാസയുടെ സ്വപ്ന പദ്ധതിയുടെ പൂർണരൂപം ഇതാ..
27/05/2026  12:54 PM IST
nila
ചന്ദ്രനിൽ മനുഷ്യർ സ്ഥിരതാമസമാക്കും; നാസയുടെ സ്വപ്ന പദ്ധതിയുടെ പൂർണരൂപം ഇതാ..

വാഷിങ്ടൺ: മനുഷ്യനെ വീണ്ടും ചന്ദ്രനിലെത്തിക്കുക മാത്രമല്ല, അവിടെ സ്ഥിരതാമസം ഉറപ്പാക്കുക എന്ന ലക്ഷ്യത്തോടെയാണ് അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ 2000 കോടി ഡോളറിന്റെ മഹത്തായ ‘മൂൺ ബേസ്’ പദ്ധതി പ്രഖ്യാപിച്ചിരിക്കുന്നത്. ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയ്ക്ക് സമീപം നൂറുകണക്കിന് ചതുരശ്ര മൈൽ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന സ്ഥിരതാവളം നിർമിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. ഭൂമിക്കു പുറത്തുള്ള മനുഷ്യരാശിയുടെ ആദ്യ സ്ഥിര ഔട്ട്‌പോസ്റ്റായി ഈ താവളം മാറുമെന്നാണ് നാസയുടെ വിലയിരുത്തൽ. പദ്ധതിയുടെ ആദ്യഘട്ട വാണിജ്യ കരാറുകൾ പ്രഖ്യാപിച്ചപ്പോൾ, ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ബഹിരാകാശ കമ്പനിയായ ബ്ലൂ ഒർജിൻ വലിയ നേട്ടമാണ് കൈവരിച്ചത്. അതേസമയം, ഇലോൺ മസ്കിന്റെ സ്പേസ് എക്സിന് ആദ്യഘട്ട കരാറുകളിൽ ഇടംനേടാനായില്ല.

ആദ്യഘട്ട കരാറുകളിൽ ഏറ്റവും വലിയ പങ്ക് ബ്ലൂ ഒറിജിനാണ് സ്വന്തമാക്കിയത്. മനുഷ്യരില്ലാത്ത രണ്ട് ചാന്ദ്ര ലാൻഡറുകൾ വികസിപ്പിക്കുന്നതിനായി 46.8 കോടി ഡോളറിന്റെ കരാർ കമ്പനിക്ക് ലഭിച്ചു. കൂടാതെ, ഭാവിയിൽ ബഹിരാകാശ സഞ്ചാരികളെ വഹിക്കാൻ കഴിയുന്ന റോവറുകൾ വികസിപ്പിക്കുന്നതിനായി അസ്ട്രോലാബ്, ലൂണാർ ഔട്ട് പോസ്റ്റ് എന്നീ കമ്പനികൾക്ക് 22 കോടി ഡോളർ വീതവും അനുവദിച്ചു. ചന്ദ്രനിലെ ഭാവി ലാൻഡിങ് മേഖലകൾ സർവേ ചെയ്യുന്നതിനും മൂൺ ബേസിന്റെ അതിരുകൾ നിർണയിക്കുന്നതിനുമായി നാസ വികസിപ്പിക്കുന്ന നാല് ഡ്രോണുകൾ ചന്ദ്രനിലെത്തിക്കാനുള്ള 7.5 കോടി ഡോളറിന്റെ കരാർ ഫയർഫ്ലൈ എയറോസ്പേസ് സ്വന്തമാക്കി.

മൂൺ ബേസ് പദ്ധതി മൂന്ന് ഘട്ടങ്ങളിലായാണ് നാസ നടപ്പാക്കുന്നത്. 2028 വരെ നീളുന്ന ആദ്യഘട്ടത്തിൽ സാങ്കേതികവിദ്യകളുടെ പരീക്ഷണങ്ങളും ചാന്ദ്ര ഉപരിതലത്തിലെ പ്രാഥമിക പഠനങ്ങളും നടക്കും. ഇതിനായി ഈ വർഷം തന്നെ മൂന്ന് നിർണായക ദൗത്യങ്ങൾ ചന്ദ്രനിലേക്ക് അയക്കും. ബ്ലൂ ഒറിജിന്റെ ‘ബ്ലൂ മൂൺ മാർക്ക് 1 എൻഡ്യൂറൻസ്’ ലാൻഡർ ഉപയോഗിക്കുന്ന ആദ്യ ദൗത്യം ചന്ദ്രന്റെ ദക്ഷിണധ്രുവ മേഖലയിലെ ഷാക്കിൾട്ടൺ റിഡ്ജ് ഭാഗത്താണ് ഇറങ്ങുക. റോക്കറ്റ് എൻജിനുകൾ ചാന്ദ്ര ഉപരിതലവുമായി എങ്ങനെ പ്രതികരിക്കുന്നു എന്നതടക്കമുള്ള നിർണായക വിവരങ്ങൾ ഈ ദൗത്യം ശേഖരിക്കും. തുടർന്ന് നടക്കുന്ന ദൗത്യങ്ങളിൽ കാർഗോ വാഹനങ്ങളും ശാസ്ത്രീയ ഗവേഷണ ഉപകരണങ്ങളും ചന്ദ്രനിലെത്തിക്കും.

2029 മുതൽ 2032 വരെയുള്ള രണ്ടാം ഘട്ടത്തിൽ ചന്ദ്രനിലെ സ്ഥിര അടിസ്ഥാനസൗകര്യങ്ങളുടെ നിർമാണം ആരംഭിക്കും. വൈദ്യുതി വിതരണ ശൃംഖല, ഗതാഗത സംവിധാനം, ഗവേഷണ കേന്ദ്രങ്ങൾ എന്നിവ സ്ഥാപിക്കുന്നതിനാണ് പ്രധാന ശ്രദ്ധ. 2032ന് ശേഷമുള്ള മൂന്നാം ഘട്ടത്തിൽ മനുഷ്യരുടെ തുടർച്ചയായ സാന്നിധ്യം ഉറപ്പാക്കുകയും ഖനനം, ജല ഉൽപാദനം, ശാസ്ത്രീയ ഗവേഷണം തുടങ്ങിയ പ്രവർത്തനങ്ങൾ പൂർണതോതിൽ ആരംഭിക്കുകയും ചെയ്യും. ഒരു ചെറിയ ഗവേഷണകേന്ദ്രമല്ല, മറിച്ച് ഒരു നഗരത്തെപ്പോലെ വിവിധ മേഖലകളിലായി വ്യാപിച്ചുകിടക്കുന്ന സമുച്ചയമായിരിക്കും മൂൺ ബേസെന്ന് പദ്ധതിയുടെ ഡയറക്ടർമാർ വ്യക്തമാക്കുന്നു.

ആദ്യഘട്ട കരാറുകളിൽ സ്പേസ് എക്സ് ഇടംനേടിയില്ലെങ്കിലും നാസയുടെ ആർട്ടിമിസ് പദ്ധതിയിൽ കമ്പനിക്ക് നിർണായക പങ്കുണ്ട്. 2027ൽ നടക്കാനിരിക്കുന്ന ആർട്ടെമിസ്-3 ദൗത്യത്തിൽ സ്പേസ് എക്സിന്റെയും ബ്ലൂ ഒറിജിന്റെയും ലാൻഡറുകൾ ഭൂമിയുടെ ഭ്രമണപഥത്തിൽ ഡോക്കിങ് പരീക്ഷണങ്ങൾ നടത്തും. 1972ലെ അപ്പോളോ 17 ദൗത്യത്തിന് ശേഷം ആദ്യമായി മനുഷ്യനെ വീണ്ടും ചന്ദ്രനിലിറക്കുക എന്ന നാസയുടെ ലക്ഷ്യം 2028ലാണ്. ഈ ചരിത്ര ദൗത്യത്തിനായുള്ള മനുഷ്യവാഹക സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ ബെസോസിന്റെയും മസ്കിന്റെയും കമ്പനികൾ തമ്മിൽ കടുത്ത മത്സരമാണ് തുടരുന്നത്.

അതേസമയം, 2030ഓടെ ചന്ദ്രനിൽ സ്വന്തം താവളം സ്ഥാപിക്കാനുള്ള ലക്ഷ്യവുമായി മുന്നേറുന്ന ചൈനയുമായുള്ള ബഹിരാകാശ മത്സരത്തിന്റെ പശ്ചാത്തലത്തിലും നാസയുടെ പുതിയ പദ്ധതി ശ്രദ്ധ നേടുകയാണ്. 1967ലെ ഔട്ടർ സ്പേസ് ട്രീറ്റി മാനിച്ചുകൊണ്ട്, മറ്റ് രാജ്യങ്ങളുടെ അവകാശങ്ങളെയും ബഹിരാകാശ ആസ്തികളെയും ബഹുമാനിച്ചായിരിക്കും ചാന്ദ്ര വികസന പ്രവർത്തനങ്ങൾ മുന്നോട്ടുകൊണ്ടുപോകുകയെന്ന് നാസ വ്യക്തമാക്കിയിട്ടുണ്ട്. മനുഷ്യരാശിയുടെ അടുത്ത വലിയ ചുവടുവെപ്പായി ചന്ദ്രനിലെ സ്ഥിരതാമസം മാറുമെന്നാണ് ഏജൻസിയുടെ പ്രതീക്ഷ.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img