
ചന്ദ്രനിലേക്കുള്ള മനുഷ്യരുടെ യാത്ര പുതിയ ചരിത്രം കുറിച്ച് മുന്നേറുന്നു. ആർട്ടെമിസ്-2 ദൗത്യം വിജയകരമായി പുോഗമിക്കുകയാണെന്ന് നാസ വ്യക്തമാക്കുന്നു. ഭൂമിയുടെ പരിക്രമണപഥം വിട്ട് ഒറയോൺ പേടകം ചന്ദ്രന്റെ ഗുരുത്വാകർഷണ സ്വാധീന മേഖലയിലേക്ക് വിജയകരമായി പ്രവേശിച്ചു. ചന്ദ്രോപരിതലത്തിൽ നിന്നും ഏകദേശം 66,000 കിലോമീറ്റർ അകലത്തിൽ നിന്നാണ് പേടകം ഇപ്പോഴുള്ളത്. 1972-ന് ശേഷം ആദ്യമായാണ് മനുഷ്യൻ വീണ്ടും ചന്ദ്രന്റെ ആകർഷണ പരിധിയിൽ എത്തുന്നത്.
ഇന്ത്യൻ സമയം ഇന്ന് രാത്രി 11:26-ന് ഒറയോൺ ഭൂമിയിൽ നിന്ന് ഏറ്റവും അകലെയുള്ള സ്ഥാനത്തെത്തും. ഇതോടെ അപ്പോളോ-13 ദൗത്യത്തിന്റെ പഴയ റെക്കോർഡ് മറികടക്കപ്പെടും. തുടർന്ന്, അർദ്ധരാത്രിക്ക് ശേഷമാകും പേടകം ചന്ദ്രന്റെ മറുവശത്തേക്ക് കടക്കുക. രാത്രി 12:15 മുതൽ സംഘാംഗങ്ങൾ ചന്ദ്ര നിരീക്ഷണം ആരംഭിക്കും.
ഏപ്രിൽ 7 പുലർച്ചെ 4:14 മുതൽ ഏകദേശം 40 മിനിറ്റ് വരെ പേടകവും ഭൂമിയും തമ്മിലുള്ള ബന്ധം നഷ്ടപ്പെടും. ചന്ദ്രന്റെ പിന്നിലൂടെ സഞ്ചരിക്കുന്നതിനാലാണ് ഈ ബ്ലാക്ക്ഔട്ട്. ഈ സമയത്ത്, ചന്ദ്രന്റെ അപ്പുറത്ത് നിന്ന് ഭൂമി അസ്തമിക്കുന്നതും വീണ്ടും ഉദിക്കുന്നതുമായ അപൂർവ കാഴ്ചകൾ യാത്രികർക്ക് അനുഭവിക്കാനാകും.
ദൗത്യത്തിന്റെ ഏഴാം ദിവസത്തിന്റെ രണ്ടാം പകുതിയോടെ ഭൂമിയിലേക്കുള്ള മടക്കയാത്ര ആരംഭിക്കും. എട്ടാം ദിവസം പേടകം വീണ്ടും പൈലറ്റിന്റെ നിയന്ത്രണത്തിലാകും. ഒമ്പതാം ദിവസം തിരിച്ചിറക്കത്തിനുള്ള തയ്യാറെടുപ്പുകൾ പൂർത്തിയാക്കി, പത്താം ദിവസം ഒറയോൺ സുരക്ഷിതമായി ഭൂമിയിൽ തിരിച്ചിറങ്ങും.











