ലോകാവസാനത്തെ കുറിച്ചുള്ള സ്റ്റീഫൻ ഹോക്കിങ്ങിന്റെ പ്രവചനം സത്യമാകാനിടയില്ലെന്ന നിലപാടിൽ അമേരിക്കൻ ബഹിരാകാശ ഏജൻസിയായ നാസ. 2600ൽ അവസാനിക്കുമെന്ന് പറയാൻ ഞങ്ങൾ തയ്യാറല്ലെന്ന് നാസ വക്താവ് വ്യക്തമാക്കി. 2600-ാം വർഷത്തിൽ ഭൂമി ഒരു തീഗോളമായി മാറുമെന്നായിരുന്നു സ്റ്റീഫൻ ഹോക്കിങിൻറെ പ്രവചനം. എന്നാൽ, അതിന് സാധ്യതയില്ലെന്ന സൂചനയാണ് അഞ്ച് പതിറ്റാണ്ടായി ഭൂമിയെ കുറിച്ച് നിരന്തരം ഗവേഷണത്തിലേർപ്പെടുന്ന നാസ വ്യക്തമാക്കുന്നത്.
ആഗോളതാപനം, കാലാവസ്ഥാ വ്യതിയാനങ്ങൾ, ഹരിതഗ്രഹ വാതകങ്ങൾ എന്നിവയെല്ലാം ഭൂമിയുടെ നാശത്തിന് വഴിവെക്കുമെന്നായിരുന്നു സ്റ്റീഫൻ ഹോക്കിങിൻറെ പ്രവചനം. 2018ൽ ദി സെർച്ച് ഫോർ ന്യൂ എർത്ത് എന്ന ഡോക്യുമെൻററിയിലായിരുന്നു അദ്ദേഹം ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. മരണത്തിന് തൊട്ടുമുമ്പ് നടത്തിയ ഈ പരാമർശം വളരെയേറെ ചർച്ച ചെയ്യപ്പെടുകയുണ്ടായി. എന്നാൽ, ഭൂമിയിലെ കാലാവസ്ഥാ മാറ്റങ്ങളെയും ഭൂഉപഭോഗത്തിലെ ആശങ്കകളെയും കുറിച്ചുള്ള സ്റ്റീഫൻ ഹോക്കിങിൻറെ മുന്നറിയിപ്പുകൾ മുഖവിലയ്ക്കെടുക്കുന്നുവെങ്കിലും ഭൂമിയുടെ അവസാനത്തെ കുറിച്ചുള്ള അദേഹത്തിൻറെ പ്രവചനത്തെ പിന്തുണയ്ക്കുന്നില്ലെന്നാണ് നാസ വ്യക്തമാക്കുന്നത്.