
ചൊവ്വാഗ്രഹത്തിൽ നിന്നും ഒരു അപൂർവ ദൃശ്യം പകർത്തി പെഴ്സിവീയറൻസ് റോവർ. ചൊവ്വയുടെ ഉപരിതലത്തിൽ രൂപംകൊണ്ട വലിയ ഒരു പൊടിച്ചെകുത്താൻ കാറ്റ് മറ്റൊരു ചെറിയ പൊടിച്ചെകുത്താൻ കാറ്റിനെ പിടിച്ചെടുക്കുന്ന ദൃശ്യമാണ് പെഴ്സിവീയറൻസ് റോവർ പകർത്തിയത്. അഞ്ചു മീറ്റർ വീതിയുള്ള ഒരു പൊടിച്ചെകുത്താൻ കാറ്റിനെയാണ് 65 മീറ്ററോളം വിസ്തീർണമുള്ള വലിയ കാറ്റ് വിഴുങ്ങിയത്. റോവറിലെ ക്യാമറയാണ് ഈ ദൃശ്യങ്ങൾ പകർത്തിയത്.
ഡേർട്ട് ഡെവിൾ, ഡസ്റ്റ് ഡെവിൾ തുടങ്ങിയ പേരുകളിലറിയപ്പെടുന്ന കാറ്റാണ് പൊടിച്ചെകുത്താൻ കാറ്റ്. ഭൂമിയുടെ ഉപരിതലത്തിലുള്ള ചൂട് വായു പെട്ടെന്നുയർന്ന് തണുത്ത വായുവിന് മുകളിലെത്തുമ്പോഴാണ് ഇവ രൂപപ്പെടുന്നത്. 18 ഇഞ്ച് വിസ്തീർണമുള്ള ചെറിയ കാറ്റുകൾ മുതൽ 30 അടി വിസ്തീർണമുള്ള വലിയ കാറ്റുകൾ വരെ ഈ വിഭാഗത്തിലുണ്ട്. ഭൂമിയിലടിക്കുന്ന പൊടിച്ചെകുത്താൻ കാറ്റുകൾ പൊതുവെ അത്ര പ്രശ്നക്കാരല്ല. ചുഴലിക്കാറ്റുകളുടെയത്ര തീവ്രത ഇവ നേടാറില്ല.
എന്നാൽ, ഭൂമിയിലെ പൊടിച്ചെകുത്താൻ കാറ്റുകളേക്കാൾ വലുപ്പവും തീവ്രതയുമേറിയതാണ് ചൊവ്വയിലെ ഇത്തരം കാറ്റുകൾ. ചൊവ്വയുടെ ഉപരിതല ഘടനയിൽ നിർണായക സ്ഥാനം വഹിക്കുന്നവയാണ് പൊടിച്ചെകുത്താൻ കാറ്റുകൾ എന്നാണ് ഗവേഷകർ പറയുന്നത്. ചൊവ്വയിലെ പൊടി പുനക്രമീകരിക്കുന്നത് ഈ കാറ്റാണ്. ജെസീറോ ക്രേറ്റർ എന്ന ഗർത്തമേഖലയിലാണ് പെഴ്സിവീയറൻസ് സ്ഥിതി ചെയ്യുന്നത്.











