04:59pm 12 November 2026
NEWS
ചന്ദ്രനിൽ സ്ഥിരതാമസം ഒരുക്കാൻ നാസ; പുതിയ ബഹിരാകാശ സഞ്ചാരികളെ തേടുന്നു; അപേക്ഷ ക്ഷണിച്ചു
12/11/2026  04:18 PM IST
nila
ചന്ദ്രനിൽ സ്ഥിരതാമസം ഒരുക്കാൻ നാസ; പുതിയ ബഹിരാകാശ സഞ്ചാരികളെ തേടുന്നു; അപേക്ഷ ക്ഷണിച്ചു

 

ന്യൂയോർക്ക്: ചന്ദ്രനിൽ മനുഷ്യരുടെ സ്ഥിരമായ സാന്നിധ്യം ഉറപ്പാക്കാനുള്ള ദീർഘകാല പദ്ധതികൾക്ക് വേഗം കൂട്ടി നാസ. ചന്ദ്രനിൽ താമസിച്ച് ഗവേഷണങ്ങളിലും വിവിധ ബഹിരാകാശ ദൗത്യങ്ങളിലും പങ്കാളികളാകാൻ കഴിയുന്ന പുതിയ തലമുറ ബഹിരാകാശ സഞ്ചാരികളെ കണ്ടെത്തുന്നതിനായി അപേക്ഷ ക്ഷണിച്ചു. നിലവിൽ ചന്ദ്രനിലേക്കുള്ള മനുഷ്യദൗത്യങ്ങൾ ഹ്രസ്വകാല സന്ദർശനങ്ങളിൽ ഒതുങ്ങുമ്പോൾ, ഭാവിയിൽ അവിടെ സ്ഥിരമായ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുകയാണ് നാസയുടെ ലക്ഷ്യം.

ആർട്ടെമിസ് ദൗത്യങ്ങൾക്ക് ആവശ്യമായ പിന്തുണ നൽകുന്നതിനൊപ്പം ഭാവിയിൽ മനുഷ്യരെ ചൊവ്വയിലേക്ക് അയയ്ക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും പുതിയ സംഘത്തിന്റെ ചുമതലകളിലുണ്ടാകും. ദീർഘകാലം ഭൂമിയിൽനിന്ന് അകന്ന് ബഹിരാകാശത്ത് കഴിയുന്നതിനും കഠിനമായ സാഹചര്യങ്ങളിൽ പ്രവർത്തിക്കുന്നതിനും ആവശ്യമായ ശാരീരികവും മാനസികവുമായ ശേഷി ഇവരിൽ വളർത്തിയെടുക്കും.

ആർക്കൊക്കെയാണ് അവസരം?

അമേരിക്കൻ പൗരന്മാർക്കു മാത്രമാണ് അപേക്ഷിക്കാനാകുക. സയൻസ്, ടെക്നോളജി, എൻജിനീയറിങ്, മാത്തമാറ്റിക്സ് (STEM) മേഖലകളിൽ ബിരുദാനന്തര ബിരുദവും കുറഞ്ഞത് മൂന്ന് വർഷത്തെ തൊഴിൽപരിചയവും നിർബന്ധമാണ്. മെഡിക്കൽ ബിരുദമുള്ളവർക്കും നിശ്ചിത ഡോക്ടറൽ യോഗ്യത നേടിയവർക്കും പൈലറ്റുമാർക്കും അപേക്ഷിക്കാം. ഡിസംബർ നാലിന് രാവിലെ 10.29 (ഇന്ത്യൻ സമയം) വരെയാണ് അപേക്ഷ സമർപ്പിക്കാനുള്ള അവസാന സമയം.

തിരഞ്ഞെടുപ്പ് കടമ്പകൾ നിരവധി

കടുത്ത പരിശോധനകൾക്കു ശേഷമായിരിക്കും പുതിയ ബഹിരാകാശ സഞ്ചാരികളെ നാസ തിരഞ്ഞെടുക്കുക. ദീർഘകാല ബഹിരാകാശ ദൗത്യങ്ങൾക്ക് അനുയോജ്യമായ ശാരീരികവും മാനസികവുമായ ആരോഗ്യമുണ്ടോയെന്ന് ആദ്യം മെഡിക്കൽ സംഘം വിലയിരുത്തും. തുടർന്ന് വിവിധ പരീക്ഷണങ്ങളും അഭിമുഖങ്ങളും ഉൾപ്പെടെയുള്ള ഘട്ടങ്ങളുണ്ടാകും.

നേതൃപാടവം, സംഘാംഗങ്ങളുമായി ഒത്തൊരുമിച്ച് പ്രവർത്തിക്കാനുള്ള കഴിവ്, ആശയവിനിമയ മികവ്, സമ്മർദങ്ങളെ അതിജീവിക്കാനുള്ള ശേഷി എന്നിവയ്ക്കും തിരഞ്ഞെടുപ്പിൽ വലിയ പ്രാധാന്യമുണ്ട്.

തിരഞ്ഞെടുക്കപ്പെടുന്നവർക്ക് ഹൂസ്റ്റണിലെ ജോൺസൺ സ്പേസ് സെന്ററിൽ രണ്ടുവർഷത്തോളം നീളുന്ന പ്രാഥമിക പരിശീലനം നൽകും. ബഹിരാകാശത്ത് നടന്ന് ദൗത്യങ്ങൾ നിർവഹിക്കുക, പേടകങ്ങൾ നിയന്ത്രിക്കുക, വിമാനങ്ങൾ പറത്തുക, റോബോട്ടിക് സംവിധാനങ്ങൾ പ്രവർത്തിപ്പിക്കുക തുടങ്ങിയ മേഖലകളിൽ പരിശീലനം ലഭിക്കും. ചന്ദ്രനിലെ ദീർഘകാല താമസത്തിനും ദൗത്യങ്ങൾക്കും ആവശ്യമായ വൈദഗ്ധ്യം നേടുകയാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്.

2028-ൽ വീണ്ടും ചന്ദ്രനിലേക്ക് മനുഷ്യർ

ആർട്ടെമിസ് പദ്ധതിയുടെ ഭാഗമായി 2028-ൽ മനുഷ്യരെ വീണ്ടും ചന്ദ്രനിലെത്തിക്കാനാണ് നാസയുടെ ലക്ഷ്യം. ഈ ദൗത്യങ്ങൾ ഭാവിയിൽ ചന്ദ്രനിൽ സ്ഥിരമായ മനുഷ്യവാസ കേന്ദ്രം സ്ഥാപിക്കുന്നതിനുള്ള അടിത്തറയാകും. ചന്ദ്രനിലെ വിഭവങ്ങൾ പ്രയോജനപ്പെടുത്തുന്നതും ദീർഘകാല ഗവേഷണങ്ങൾ നടത്തുന്നതും ഉൾപ്പെടെയുള്ള വലിയ പദ്ധതികളിലേക്കുള്ള നിർണായക ചുവടുവയ്പ്പായാണ് പുതിയ ബഹിരാകാശ സഞ്ചാരി തിരഞ്ഞെടുപ്പിനെ നാസ കാണുന്നത്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img