04:19pm 23 April 2026
NEWS
ചൊവ്വയിൽ ജീവന്റെ തുടിപ്പോ? ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരം കണ്ടെത്തി
22/04/2026  09:45 AM IST
nila
ചൊവ്വയിൽ ജീവന്റെ തുടിപ്പോ? ഏറ്റവും വൈവിധ്യമാർന്ന ജൈവ തന്മാത്രകളുടെ ശേഖരം കണ്ടെത്തി

ന്യൂയോർക്ക്: ചൊവ്വയിലെ ഗവേഷണത്തിൽ വീണ്ടും നിർണായക മുന്നേറ്റവുമായി നാസ. ക്യൂരിയോസിറ്റി റോവർ നടത്തിയ പുതിയ രാസപരിശോധനയിൽ ജീവന്റെ അടിസ്ഥാന ഘടകങ്ങളുമായി ബന്ധമുള്ള കൂടുതൽ ജൈവ തന്മാത്രകൾ കണ്ടെത്തിയതായി ശാസ്ത്രജ്ഞർ അറിയിച്ചു. 2020-ൽ ചൊവ്വയിലെ ഒരു പാറയിൽനിന്ന് ശേഖരിച്ച സാംപിളുകൾ പരിശോധിച്ചാണ് ഈ കണ്ടെത്തൽ. ഇതുവരെ ചൊവ്വയിൽ നിന്നു ലഭിച്ചതിൽ ഏറ്റവും വൈവിധ്യമാർന്ന ജൈവ സംയുക്തങ്ങളുടെ ശേഖരമാണിതെന്ന് വിലയിരുത്തുന്നു. 

21 കാർബൺ അടങ്ങിയ തന്മാത്രകളിൽ ഏഴെണ്ണം ആദ്യമായാണ് കണ്ടെത്തുന്നത്. പ്രശസ്ത ഫോസിൽ ഗവേഷകയായ മേരി ആനിങ്ങിന്റെ സ്മരണാർത്ഥം ‘മേരി ആനിങ് 3’ എന്ന് പേരിട്ട സാംപിളിലാണ് ഈ നിർണായക കണ്ടെത്തൽ ഉണ്ടായത്. ചൊവ്വയിലെ മൗണ്ട് ഷാർപ്പ് പ്രദേശത്തെ കളിമൺ സമ്പന്നമായ ഭാഗത്ത് നിന്നാണ് സാംപിൾ ശേഖരിച്ചത്. കോടിക്കണക്കിന് വർഷങ്ങൾക്ക് മുൻപ് തടാകങ്ങളും അരുവികളും നിലനിന്നിരുന്നുവെന്ന് കരുതുന്ന ഈ പ്രദേശം ജീവൻ നിലനിൽക്കാൻ അനുയോജ്യമായ സാഹചര്യം ഉണ്ടായിരുന്നുവെന്ന സൂചനകൾ നൽകുന്നു.

പുതുതായി കണ്ടെത്തിയ തന്മാത്രകളിൽ, ഡി.എൻ.എ.യും ആർ.എൻ.എയും രൂപപ്പെടാൻ മുൻപുള്ള ഘടകങ്ങളായി കണക്കാക്കുന്ന നൈട്രജൻ ഹെറ്ററോസൈക്കിളുകൾ ഉൾപ്പെടുന്നു. കൂടാതെ, സൗരയൂഥത്തിന്റെ ആരംഭകാലത്ത് ജീവന്റെ അടിസ്ഥാന ഘടകങ്ങൾ വിതരണം ചെയ്തതായി കരുതുന്ന ഉൽക്കകളിൽ സാധാരണയായി കാണപ്പെടുന്ന ‘ബെൻസോതയോഫീൻ’ എന്ന സംയുക്തവും കണ്ടെത്തി. അതേസമയം, ഈ ജൈവ തന്മാത്രകൾ ജീവജാലങ്ങളിലൂടെ രൂപപ്പെട്ടതാണോ, അല്ലെങ്കിൽ ഭൂമിശാസ്ത്രപരമായ പ്രക്രിയകളുടെ ഫലമാണോ എന്നത് ഇതുവരെ വ്യക്തമായിട്ടില്ലെന്ന് നാസ വ്യക്തമാക്കുന്നു. എന്നിരുന്നാലും, പുരാതന ചൊവ്വയിൽ ജീവന് അനുകൂലമായ രാസപരിസ്ഥിതി ഉണ്ടായിരുന്നുവെന്ന നിഗമനത്തെ ഈ കണ്ടെത്തൽ ശക്തിപ്പെടുത്തുന്നു.

റോവറിനുള്ളിലെ 'സാംപിൾ അനാലിസിസ് അറ്റ് മാഴ്സ്' എന്ന മിനി ലാബിൽ ടെട്രാമെഥൈൽ അമോണിയം ഹൈഡ്രോക്സൈഡ് എന്ന പ്രത്യേക ലായനി ഉപയോഗിച്ചുള്ള 'വെറ്റ് കെമിസ്ട്രി' പരിശോധനകളിലൂടെയാണ് ഈ സങ്കീർണ്ണമായ തന്മാത്രകളെ വേർതിരിച്ചെടുത്തത്. ചൊവ്വയുടെ പരുക്കൻ കാലാവസ്ഥയിലും റേഡിയേഷനിലും കോടിക്കണക്കിന് വർഷങ്ങളായി ഈ ജൈവതന്മാത്രകൾ നശിക്കാതെ കിടക്കുന്നു എന്നത് ശാസ്ത്രലോകത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.

ഭാവിയിൽ ചൊവ്വയിലേക്കും മറ്റ് ഗ്രഹങ്ങളിലേക്കുമുള്ള ദൗത്യങ്ങളിൽ ഇത്തരം പരീക്ഷണങ്ങൾ നടത്താൻ ഈ കണ്ടെത്തൽ വഴിയൊരുക്കും. ഈ പുതിയ പഠനത്തിൻ്റെ വിശദാംശങ്ങൾ 'നേച്ചർ കമ്മ്യൂണിക്കേഷൻസ്' എന്ന ശാസ്ത്ര ജേണലിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img