07:59pm 02 April 2026
NEWS
അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു
02/04/2026  06:32 AM IST
nila
അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക് യാത്ര ആരംഭിച്ചു

വാഷിങ്ടൺ: അരനൂറ്റാണ്ടിന് ശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്, നാലുപേരുമായി നാസയുടെ ആർട്ടമിസ് II യാത്ര തിരിച്ചു. ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്‍ററിൽ നിന്നും ഇന്ത്യൻ സമയം പുലർച്ചെ 4.06നാണ് നാല് പേരെ വഹിച്ച് എസ്എൽഎസ് റോക്കറ്റ് കുതിച്ചുയർന്നത്. എസ്എൽഎസ് എന്ന ഭീമൻ റോക്കറ്റിൽ ഒറയോൺ എന്ന യാത്രാപേടകത്തിലാണ് ഒരു സ്ത്രീയും ഒരു കറുത്ത വർഗ്ഗക്കാരനും ഉൾപ്പെടെയുള്ള നാലം​ഗ സംഘത്തിന്റെ യാത്ര. ക്രിസ്റ്റീന കോച്ച്, വിക്ടർ ഗ്ലോവർ, റീഡ് വീസ്മാൻ, ജെറമി ഹാൻസൺ എന്നിവരാണ് പേടകത്തിലെ യാത്രക്കാർ. അതേസമയം, ഇവർ ചന്ദ്രോപരിതലത്തിൽ ഇറങ്ങില്ല. പകരം ചന്ദ്രന് ചുറ്റും പേടകത്തിൽ അതിവേഗം കറങ്ങും. പേടകത്തിന്റെ ജീവൻരക്ഷാ സംവിധാനങ്ങളടക്കം പരീക്ഷിക്കുന്നതിനായാണ് ഇത്തരത്തിൽ ഭ്രമണം ചെയ്യുന്നത്. 

ചന്ദ്രനിലേക്കുള്ള യാത്രയിൽ പങ്കാളിയാകുന്ന ആദ്യ വനിത, യുഎസ് പൗരനല്ലാത്ത ആദ്യ സഞ്ചാരി തുടങ്ങിയ പ്രത്യേകതകൾ ഉള്ളതാണ് ആർട്ടമിസ് II ദൗത്യം.  നീണ്ട 54 വർഷങ്ങൾക്ക് ശേഷം ആദ്യമായാണ് ചന്ദ്രനെ ലക്ഷ്യമാക്കി മനുഷ്യരുമായി ഒരു പേടകം യാത്ര ചെയ്യുന്നത്. 

പ്രധാന ലക്ഷ്യങ്ങൾ

ചന്ദ്രനെ ചുറ്റിപ്പറ്റി “ലൂണാർ ഗേറ്റ്‌വേ” എന്ന ബഹിരാകാശ നിലയം സ്ഥാപിക്കുകയാണ് പദ്ധതിയുടെ പ്രധാന ഘടകം. ഭൂമിയും ചന്ദ്രനും തമ്മിലുള്ള സ്ഥിര ഗതാഗത സംവിധാനത്തിനും ഭാവിയിൽ ചന്ദ്രനിൽ മനുഷ്യവാസത്തിനും ഇത് സഹായകരമാകും. ഹീലിയം-3 പോലുള്ള ധാതുക്കളുടെ ഖനനം ഉൾപ്പെടെ “മൂൺ കോളനി” പദ്ധതികൾക്ക് ആർട്ടിമിസ് പരമ്പര വഴി വഴി തുറക്കുമെന്നാണ് വിലയിരുത്തൽ. കൂടാതെ, ചൊവ്വയിലേക്കുള്ള ഭാവി ദൗത്യങ്ങൾക്ക് ഇടത്താവളമായും ചന്ദ്രൻ ഉപയോഗിക്കപ്പെടും.

വമ്പൻ ചെലവ്, വലിയ പ്രതീക്ഷ

ഇതിനകം ഏകദേശം 93 ബില്യൺ യുഎസ് ഡോളർ ചെലവഴിച്ച ഈ പദ്ധതിയുടെ വിജയത്തിൽ നാസയ്ക്ക് വലിയ പ്രതീക്ഷകളുണ്ട്. അരനൂറ്റാണ്ടിനുശേഷം മനുഷ്യരെ ഡീപ് സ്പേസിലേക്ക് അയക്കുന്നതും ഈ ദൗത്യത്തിന്റെ പ്രത്യേകതയാണ്.

ഏകദേശം 22 ലക്ഷം കിലോമീറ്റർ ദൂരം സഞ്ചരിക്കുന്ന ഈ ദൗത്യം ഭൂമിയെ 50 തവണ ചുറ്റുന്ന ദൂരത്തിനുതുല്യമാണ്. ഭക്ഷണം, വെള്ളം, ഓക്സിജൻ എന്നിവ ഉൾപ്പെടെ പൂർണ്ണസജ്ജമായ പേടകത്തിൽ യാത്രികർക്കായി സ്വകാര്യ കാബിനുകളും ശുചിമുറി സൗകര്യവും ഒരുക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img