09:08pm 28 October 2026
NEWS
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ഇക്കുറി വനിതയും
17/01/2026  11:32 AM IST
nila
മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്; ഇക്കുറി വനിതയും

അര നൂറ്റാണ്ടിലേറെ നീണ്ട ഇടവേളയ്ക്കുശേഷം മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്. 54 വർഷത്തിനു ശേഷം ചന്ദ്രയാത്രയ്ക്ക് സജ്ജമാകുകയാണ് നാസ. നാസയുടെ ആർട്ടിമിസ്–2 ദൗത്യമാണ് ചരിത്ര നിമിഷത്തിന് ഒരുങ്ങുന്നത്. 1972ലെ അപ്പോളോ ദൗത്യത്തിന് ശേഷം ഇതാദ്യമായാണ് മനുഷ്യൻ ചന്ദ്രനിലേക്ക് പോകുന്നത്. ഫെബ്രുവരി 6ന് വിക്ഷേപണം നടത്താനാണ് നാസയുടെ നിലവിലെ ലക്ഷ്യം. 

ആദ്യമായി ഒരു വനിത ചന്ദ്രനിലേക്ക് പോകുന്നു എന്ന പ്രത്യേകതയും ആർട്ടിമിസ്–2ന് ഉണ്ട്. നാസയുടെ റീഡ് വൈസ്മാൻ, വിക്ടർ ഗ്ലോവർ, ക്രിസ്റ്റീന കോച്ച് എന്നിവരോടൊപ്പം കനേഡിയൻ ബഹിരാകാശ ഏജൻസിയുടെ ജെറമി ഹാൻസനും ദൗത്യത്തിന്റെ ഭാഗമാണ്. ക്രിസ്റ്റീന കോച്ച് ആണ് ചന്ദ്രയാത്രയിൽ പങ്കെടുക്കുന്ന ആദ്യ വനിതയായി ചരിത്രം കുറിക്കാൻ പോകുന്നത്.

പത്ത് ദിവസം നീളുന്ന ദൗത്യത്തിൽ നാലംഗ ബഹിരാകാശ സംഘമാണ് പങ്കെടുക്കുന്നത്. ചന്ദ്രനെ ചുറ്റി ഭ്രമണം ചെയ്ത ശേഷം സംഘം സുരക്ഷിതമായി ഭൂമിയിലേക്ക് മടങ്ങും. ലോകത്തിലെ ഏറ്റവും ശക്തമായ റോക്കറ്റായ സ്പേസ് ലോഞ്ച് സിസ്റ്റം (SLS) ആണ് വിക്ഷേപണത്തിന് ഉപയോഗിക്കുന്നത്. റോക്കറ്റിനെ ലോഞ്ച് പാഡിലേക്ക് മാറ്റുന്ന സങ്കീർണ്ണമായ നടപടികൾ നാളെ വൈകുന്നേരത്തോടെ ആരംഭിക്കും; ഇതിനായി ഏകദേശം 10 മണിക്കൂർ വേണ്ടിവരും.

ഫെബ്രുവരി 6ന് വിക്ഷേപണം സാധ്യമാകാതിരുന്നാൽ ഫെബ്രുവരി 10 വരെ ലോഞ്ച് വിൻഡോ ലഭ്യമാണ്. സാങ്കേതിക തടസ്സങ്ങൾ ഉണ്ടാകുന്ന പക്ഷം മാർച്ചിലോ ഏപ്രിലിലോ ദൗത്യം നടത്താനുള്ള ബാക്കപ്പ് പദ്ധതിയും നാസ തയ്യാറാക്കിയിട്ടുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img