
ഹൂസ്റ്റൺ: ചന്ദ്രന്റെ മറുവശം വിജയകരമായി സന്ദർശിച്ച ബഹിരാകാശ സഞ്ചാരികൾ ഭൂമിയിലേക്ക് മടങ്ങിവരാനൊരുങ്ങുന്നു. ഇന്ത്യൻ സമയം ശനിയാഴ്ച രാവിലെ ഏകദേശം 5.30ഓടെ, കാലിഫോർണിയയിലെ സാൻ ഡിയേഗോ തീരത്തിന് സമീപം ശാന്തസമുദ്രത്തിൽ ആർട്ടെമിസ്-2 ദൗത്യത്തിലെ ഒറിയോൺ പേടകം പതിക്കും.
ഭൂമിയുടെ അന്തരീക്ഷത്തിലേക്ക് പ്രവേശിക്കുന്ന വേളയിൽ പേടകത്തിന്റെ വേഗം മണിക്കൂറിൽ 38,365 കിലോമീറ്റർ വരെ ഉയരും. ഈ ഘട്ടം ദൗത്യത്തിലെ ഏറ്റവും അപകടസാധ്യതയുള്ള ഭാഗമായാണ് കണക്കാക്കുന്നത്. അന്തരീക്ഷവുമായി ഉണ്ടാകുന്ന ശക്തമായ ഘർഷണത്തെ തുടർന്ന് പേടകത്തിന്റെ പുറംതാപനില 2760 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. ഈ സമയത്ത് കുറച്ച് നിമിഷങ്ങൾ ആശയവിനിമയം വിച്ഛേദിക്കപ്പെടുകയും ചെയ്യും.
ഇത്തരം അതിവിശേഷ സാഹചര്യങ്ങളിൽ നിന്ന് സംരക്ഷിക്കാൻ ശക്തമായ താപകവചം ഒറിയോണിൽ ഘടിപ്പിച്ചിരിക്കുന്നു. മുൻപ് ആർട്ടെമിസ്-1 ദൗത്യത്തിൽ ഈ കവചത്തിന് കേടുപാടുകൾ ഉണ്ടായിരുന്ന പശ്ചാത്തലത്തിൽ, ഇത്തവണ കൂടുതൽ സുരക്ഷാ മുൻകരുതലുകളാണ് നാസ സ്വീകരിച്ചിരിക്കുന്നത്.
തിരിച്ചിറക്കത്തിന്റെ സമയത്തെ അപകടങ്ങളെക്കുറിച്ച് ഈ ദൗത്യത്തിനു നിയോഗിക്കപ്പെട്ട 2023 ഏപ്രിൽ മൂന്നുമുതൽ ചിന്തിക്കുന്നുണ്ടെന്ന് ആർട്ടെമിസ്-2 ദൗത്യത്തിന്റെ പൈലറ്റ് വിക്ടർ ഗ്ലോവർ ബഹിരാകാശത്തുനിന്ന് ബുധനാഴ്ച നടത്തിയ ഹ്രസ്വ വാർത്താസമ്മേളനത്തിൽ പറഞ്ഞു. സഹയാത്രികരായ റീഡ് വൈസ്മാൻ, ക്രിസ്റ്റീന കോക്ക്, ജെറെമി ഹാൻസൻ എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു. ഇതിൽ ഹാൻസൻ ഒഴികെ മറ്റു മൂന്നുപേരും അമേരിക്കക്കാരാണ്. കാനഡക്കാരനാണ് ഹാൻസൻ.
ചൈന ചെയ്യുംമുൻപേ, 2028-ഓടെ മനുഷ്യനെ ചന്ദ്രനിൽ ഇറക്കുക എന്ന നാസയുടെ സ്വപ്നപദ്ധതിക്കു മുന്നോടിയായാണ് ഇവരെ അയച്ചത്. ഭൂമിയിൽനിന്നു ദൃശ്യമാകാത്ത ചന്ദ്രന്റെ വശത്തും ഒറിയോൺ പേടകമെത്തി. മനുഷ്യനെയും വഹിച്ച് ഭൂമിയിൽനിന്ന് ഏറ്റവും നീണ്ട ദൂരംതാണ്ടി (4,05,557 കിലോമീറ്റർ) റെക്കോഡുമിട്ടു. 56 വർഷമായി നാസയുടെ അപ്പോളോ-13 ദൗത്യത്തിന്റേതായിരുന്ന റെക്കോഡാണ് ഒറിയോൺ തിരുത്തിയത്. ദൗത്യത്തിനിടെ സംഘാംഗങ്ങൾ കുടുംബവുമായി അല്പനേരം സംസാരിക്കുകയും ചെയ്തു.











