07:34am 15 July 2026
NEWS
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും മലയാളിയെത്തി; സോയൂസ് എം.എസ്.-29 ദൗത്യം വിജയകരം
15/07/2026  04:57 AM IST
nila
അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലും മലയാളിയെത്തി; സോയൂസ് എം.എസ്.-29 ദൗത്യം വിജയകരം

കസാഖ്സ്താനിലെ ബൈക്കനൂരിൽ നിന്ന് വിക്ഷേപിച്ച റഷ്യൻ ബഹിരാകാശ ഏജൻസിയായ റോസ്‌കോസ്‌മോസിന്റെ സോയൂസ് എം.എസ്.-29 ദൗത്യം വിജയകരമായി അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തി. ഈ ദൗത്യത്തിന്റെ ഭാഗമായി യാത്ര ചെയ്ത നാസ ശാസ്ത്രജ്ഞൻ ഡോ. അനിൽ മേനോൻ ഐ.എസ്.എസിലെത്തുന്ന ആദ്യ മലയാളിയെന്ന ചരിത്രനേട്ടം സ്വന്തമാക്കി.

ഇന്ത്യൻ സമയം ചൊവ്വാഴ്ച രാത്രി 8.17-ന് സോയൂസ് 2.1എ റോക്കറ്റ് ബൈക്കനൂർ കോസ്മോഡ്രോമിൽ നിന്ന് വിക്ഷേപിച്ചു. റഷ്യൻ ബഹിരാകാശ സഞ്ചാരികളായ പ്യോത്ര് ദുബ്രോവും അന്ന കികിനയും അനിൽ മേനോനൊപ്പമുണ്ടായിരുന്നു. ഏകദേശം മൂന്ന് മണിക്കൂർ നീണ്ട യാത്രയ്ക്കിടെ പേടകം ഭൂമിയെ രണ്ടുതവണ വലംവെച്ചശേഷം രാത്രി 11.26-ന് ഐ.എസ്.എസിലെ റഷ്യൻ പ്രിചാൽ മോഡ്യൂളുമായി വിജയകരമായി ഡോക്ക് ചെയ്തു.

ബഹിരാകാശ നിലയത്തിലേക്കുള്ള പ്രവേശന നടപടികൾ പൂർത്തിയായതോടെ മൂവരും നിലവിൽ ഐ.എസ്.എസിലുള്ള ഏഴ് അംഗ സംഘത്തോടൊപ്പം ചേർന്നു. എട്ടുമാസം നീളുന്ന ദൗത്യത്തിനൊടുവിൽ 2027 മാർച്ചിൽ സോയൂസ് എം.എസ്.-29 പേടകത്തിൽ തന്നെയാണ് സംഘം ഭൂമിയിലേക്ക് മടങ്ങുക. കസാഖ്സ്താനിലെ സ്റ്റെപി മേഖലയിലായിരിക്കും ലാൻഡിങ്.

മനുഷ്യരെ ബഹിരാകാശത്തേക്ക് സുരക്ഷിതമായി എത്തിക്കുന്നതിൽ ലോകത്തിലെ ഏറ്റവും വിശ്വസനീയമായ സംവിധാനങ്ങളിലൊന്നാണ് സോയൂസ് പേടകപരമ്പര. 1960-കളിൽ ആരംഭിച്ച ഈ പദ്ധതി ഇന്നും തുടർച്ചയായ സാങ്കേതിക നവീകരണങ്ങളിലൂടെ മുന്നേറുകയാണ്.

49-കാരനായ ഡോ. അനിൽ മേനോൻ എമർജൻസി മെഡിസിൻ വിദഗ്ധനും യു.എസ്. ബഹിരാകാശ സേനയിലെ കേണലുമാണ്. അമേരിക്കയിലെ മിനിയാപോളിസിൽ ജനിച്ച അദ്ദേഹം പാലക്കാട് ഒറ്റപ്പാലം സ്വദേശിയായ ശങ്കരൻ മേനോന്റെയും യുക്രൈൻ സ്വദേശിനിയായ എലിസബത്ത് സമോയിലെങ്കോയുടെയും മകനാണ്.

സ്പേസ് എക്സ് ജീവനക്കാരിയായ ഭാര്യ അന്ന മേനോനും ബഹിരാകാശ യാത്ര നടത്തിയിട്ടുണ്ട്. 2024-ൽ സ്പേസ് എക്സിന്റെ പോളാരിസ് ഡോൺ ദൗത്യത്തിന്റെ ഭാഗമായാണ് അവർ ഭൂമിയുടെ ഭ്രമണപഥത്തിലെത്തിയത്. ജെയിംസും ഗ്രേസും ദമ്പതികളുടെ മക്കളാണ്.

2021 ഡിസംബറിലാണ് നാസയുടെ ഗ്രൂപ്പ്-23 ബഹിരാകാശ സഞ്ചാരി സംഘത്തിലേക്ക് അനിൽ മേനോൻ തിരഞ്ഞെടുക്കപ്പെട്ടത്. സ്പേസ് എക്സിന്റെ ആദ്യ ഫ്ലൈറ്റ് സർജനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. ഈ ദൗത്യമാണ് അദ്ദേഹത്തിന്റെ ആദ്യ ബഹിരാകാശ യാത്ര.

അനിലിനൊപ്പമുള്ള പ്യോത്ര് ദുബ്രോവും അന്ന കികിനയും രണ്ടാം തവണയാണ് ബഹിരാകാശ ദൗത്യത്തിൽ പങ്കെടുക്കുന്നത്. ഇരുവരും മുമ്പ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ദീർഘകാലം സേവനമനുഷ്ഠിച്ച അനുഭവസമ്പത്തുള്ള സഞ്ചാരികളാണ്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img