09:49pm 03 May 2026
NEWS
നർഗീസ് മുഹമ്മദിക്ക് ഇറാൻ ഭരണകൂടം ചികിത്സ നിഷേധിക്കുന്നെന്ന് കുടുംബം
03/05/2026  10:14 AM IST
nila
നർഗീസ് മുഹമ്മദിക്ക് ഇറാൻ ഭരണകൂടം ചികിത്സ നിഷേധിക്കുന്നെന്ന് കുടുംബം

ടെഹ്റാൻ: ഇറാൻ മനുഷ്യാവകാശ പ്രവർത്തകയും നൊബേൽ സമ്മാന ജേതാവുമായ നർഗീസ് മുഹമ്മദിയുടെ ആരോഗ്യനില അതീവ ഗുരുതരമാണെന്ന് കുടുംബം അറിയിച്ചു. ഹൃദയാസുഖത്തെ തുടർന്ന് കുഴഞ്ഞുവീണ നർഗീസിനെ സഞ്ജാനിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും, കൂടുതൽ വിദഗ്ധ ചികിത്സയ്ക്കായി ടെഹ്‌റാനിലേക്ക് മാറ്റാൻ ഇറാൻ ഇന്റലിജൻസ് മന്ത്രാലയം അനുമതി നിഷേധിക്കുകയാണെന്ന് അവരുടെ ഫൗണ്ടേഷൻ ആരോപിച്ചു.

ജയിലിൽ നേരിട്ട മർദനവും ദീർഘകാല തടവുജീവിതവും കാരണം 50കാരിയായ നർഗീസിന്റെ ആരോഗ്യനില നേരത്തെ തന്നെ വഷളായിരുന്നുവെന്ന് കുടുംബം പറയുന്നു. മെഡിക്കൽ സംഘം അടിയന്തര ആഞ്ചിയോഗ്രഫി ഉൾപ്പെടെയുള്ള ചികിത്സകൾ ആവശ്യമാണ് എന്ന് നിർദേശിച്ചിട്ടുണ്ട്.
നർഗീസിന് ഉടൻ മികച്ച ചികിത്സ ലഭ്യമാക്കണമെന്ന് നോർവീജിയൻ നൊബേൽ കമ്മിറ്റി ആവശ്യപ്പെട്ടു. “ജയിലിലെ കഠിന സാഹചര്യങ്ങളെ ചെറുക്കാനുള്ള മാനസിക ശക്തി അവർക്കുണ്ട്. പക്ഷേ ശരീരം അതിന് ഇനി താങ്ങാവുന്നില്ല,” എന്ന് നർഗീസിന്റെ ഭർത്താവ് സ്കൈ ന്യൂസിനോട് പ്രതികരിച്ചു. 2015ന് ശേഷം മക്കൾ അമ്മയെ നേരിൽ കണ്ടിട്ടില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി.

രാജ്യസുരക്ഷയ്‌ക്കെതിരായ ഗൂഢാലോചനയും സർക്കാരിനെതിരായ പ്രചാരണവും ഉൾപ്പെടെയുള്ള കേസുകളിൽ 13 വർഷവും ഒമ്പത് മാസവും ശിക്ഷ അനുഭവിച്ചുവരികയായിരുന്നു നർഗീസ് മുഹമ്മദി. ആരോഗ്യപ്രശ്നങ്ങൾ രൂക്ഷമായതിനെ തുടർന്ന് 2024 അവസാനത്തോടെ പരോളിൽ വിട്ടയച്ചിരുന്നു. നിലവിൽ അവരുടെ നിയമസംഘം പ്രോസിക്യൂട്ടർ ജനറലിന്റെ ഓഫിസുമായി ബന്ധപ്പെട്ട് ചികിത്സ ഉറപ്പാക്കാനുള്ള ശ്രമങ്ങൾ തുടരുകയാണെന്ന് ഫൗണ്ടേഷൻ വ്യക്തമാക്കി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img