12:51am 25 June 2026
NEWS
അമേരിക്കയുടെ അധിക തീരുവക്ക് മറുപടി മോദിയുടെ സൗഹൃദ നയതന്ത്രം
02/09/2025  06:30 AM IST
nila
അമേരിക്കയുടെ അധിക തീരുവക്ക് മറുപടി മോദിയുടെ സൗഹൃദ നയതന്ത്രം

റഷ്യയിൽനിന്ന് എണ്ണ വാങ്ങുന്നതിനുള്ള പിഴ എന്ന നിലയിലാണ് അമേരിക്ക ഇന്ത്യൻ ഉത്പന്നങ്ങൾക്ക് അധിക ഇറക്കുമതിത്തീരുവ ചുമത്തിയത്. അമേരിക്കയുടെ സമ്മർദ്ദങ്ങൾക്ക് വഴങ്ങാൻ ഇന്ത്യ തയ്യാറായതുമില്ല. ഇപ്പോഴിതാ, റഷ്യയുമായി ഇന്ത്യ കൂടുതൽ അടുക്കുന്നു എന്ന സൂചനകളാണ് പ്രധാനമന്ത്രി നരേന്ദ്രമോദി നൽകുന്നത്. ചൈനയിലെ ടിയാൻജിനിൽ നടക്കുന്ന  ഷാങ്ഹായ് ഉച്ചകോടിക്കിടെ റഷ്യൻ പ്രസിഡന്റ് വ്ലാഡ്മിർ പുടിന്റെ ഔദ്യോ​ഗിക വാഹനമായ ‘ഔറസ് സെനറ്റി’ൽ യാത്ര ചെയ്താണ് മോദി അമേരിക്കക്ക് മറുപടി നൽകിയത്. 45 മിനിറ്റോളം ഈ കാറിനുള്ളിൽ ഇരുവരും ചർച്ച നടത്തുകയും ചെയ്തു.

ഷാങ്ഹായ് ഉച്ചകോടിക്കു ശേഷം മോദി - പുടിൻ ഉഭയകക്ഷി ചർച്ചയും തീരുമാനിച്ചിരുന്നു. റിറ്റ്സ്–കാൾട്ടൻ ഹോട്ടലിലായിരുന്നു ഉഭയകക്ഷി ചർച്ച. ഇവിടേക്ക് തന്റെ ഔ​ദ്യോ​ഗിക വാ​ഹനത്തിൽ ഒരുമിച്ച് പോകാം എന്ന നിർദ്ദേശം റഷ്യൻ പ്രസിഡന്റ് പുടിൻ ഇന്ത്യൻ പ്രധാനമന്ത്രി മോദിക്ക് മുന്നിൽ വെക്കുകയായിരുന്നു. മോദി എത്തുന്നതും കാത്ത് പത്തുമിനിറ്റോളം പുടിൻ കാത്തിരുന്നു എന്നും റിപ്പോർട്ടുണ്ട്. വ്ലാഡ്മിർ പുടിനുമായി ഒന്നിച്ചു യാത്ര ചെയ്യുന്നതിന്റെ ചിത്രങ്ങൾ പ്രധാനമന്ത്രി മോദി എക്സിൽ പങ്കുവെച്ചിട്ടുമുണ്ട്. 

സ്ഥലത്തെത്തിയ ശേഷവും കാറിൽനിന്നു പുറത്തിറങ്ങാതെ 45 മിനിറ്റോളം ചർച്ച തുടർന്നു. അതിനു ശേഷം നേതാക്കൾ ഒരു മണിക്കൂർ നീണ്ട ഉഭയകക്ഷി ചർച്ചയിൽ പങ്കെടുത്തു.’–ഔദ്യോഗിക വൃത്തങ്ങൾ ദേശീയ മാധ്യമങ്ങളോടു പറഞ്ഞു. അതീവ സുരക്ഷയുള്ള കാറാണു ഔറസ് സെനറ്റ്. വെടിയുണ്ടകളും ഗ്രനേഡുകളും പ്രതിരോധിക്കാൻ ശേഷിയുള്ള ഇതിൽ അടിയന്തര ഘട്ടത്തിൽ ഓക്സിജൻ നൽകാനുള്ള സംവിധാനം, അഗ്നിരക്ഷാ സംവിധാനം തുടങ്ങിയവയുണ്ട്.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
WORLD
img