
ബഹിരാകാശത്തെത്തിയ ശുഭാംശു ശുക്ലയുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ആശയവിനിമയം നടത്തി. ശുഭാംശു ശുക്ലയുടെ ആരോഗ്യവിവരങ്ങളും ബഹിരാകാശ നിലയത്തിലെ വിശേഷങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. നാലു പതിറ്റാണ്ടിനുശേഷമാണ് ഒരു ഇന്ത്യക്കാരൻ ബഹിരാകാശത്തെത്തുന്നത്. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ ശുഭാംശു ശുക്ലയെ മോദി അഭിനന്ദിച്ചു.
‘‘ശുഭാംശു..താങ്കളിപ്പോൾ ജന്മഭൂമിയിൽനിന്നും ഭാരതഭൂമിയിൽനിന്നും വളരെ അകലെയാണെങ്കിലും ഭാരതത്തിലെ ജനങ്ങളുടെ മനസ്സിന്റെ ഏറ്റവും അരികിലാണ്. ‘ശുഭം’ എന്നത് താങ്കളുടെ പേരിലുമുണ്ട്. അതിനൊപ്പം തന്നെ താങ്കളുടെ യാത്ര പുതിയ യുഗത്തിന്റെ ശുഭാരംഭം കൂടിയാണ്. ഈ സമയം നമ്മൾ രണ്ടുപേരും മാത്രമാണ് സംസാരിക്കുന്നതെങ്കിലും ഇന്ത്യയിലെ 140 കോടി ജനങ്ങളുടെ സ്വപ്നങ്ങളും കൂടി നമുക്കൊപ്പം ചേരുകയാണ്. എന്റെ ശബ്ദത്തിൽ എല്ലാ ഇന്ത്യക്കാരുടെയും ആവേശം ഉൾച്ചേർന്നിരിക്കുന്നു. ബഹിരാകാശത്തിൽ ഇന്ത്യൻ പതാക വീണ്ടും പാറിച്ചതിൽ ഞാൻ താങ്കളെ അഭിനന്ദിക്കുകയും ആശംസകൾ നേരുകയും ചെയ്യുന്നു.’’–പ്രധാനമന്ത്രി പറഞ്ഞു.
അതിനുശേഷം ശുഭാംശുവിന്റെ സുഖവിവരങ്ങളും പ്രധാനമന്ത്രി ചോദിച്ചറിഞ്ഞു. അവിടെയെല്ലാം ശരിയായി നടക്കുന്നില്ലേ? താങ്കളുടെ ആരോഗ്യം എങ്ങനെയുണ്ട് എന്നതായിരുന്നു ശുഭാംശുവിനോടുള്ള പ്രധാനമന്ത്രിയുടെ ആദ്യ ചോദ്യം. എല്ലാവരുടെയും പ്രാർഥനയുടെയും ആശീർവാദത്തിന്റെയും കാരണത്താൽ എല്ലാം നന്നായി പോകുന്നുവെന്നും നിലയത്തിൽ സുരക്ഷിതനാണെന്നും ശുഭാംശു മറുപടി പറഞ്ഞു. ഇതൊരു പുതിയ അനുഭവമാണെന്നും ശുഭാംശു പറഞ്ഞു.
‘‘ഇതൊരു പുതിയ അനുഭവമാണ്. ഈ യാത്ര എന്റേതു മാത്രമല്ല. നമ്മുടെ രാജ്യത്തിന്റേതു കൂടിയാണ്. നമ്മുടെ രാജ്യം വളരെ വേഗം മുന്നേറിക്കൊണ്ടിരിക്കുകയാണ്. പുതിയ അനുഭവത്തെ ഒരു സ്പോഞ്ചിനെപ്പോലെ ആഗിരണം ചെയ്തു കൊണ്ടിരിക്കുകയാണ് ഞാൻ. അൽപനേരം മുമ്പ് ജനലിലൂടെ പുറത്തേക്കു നോക്കുമ്പോൾ ഞങ്ങൾ ഹവായിക്ക് മുകളിലൂടെ പറക്കുകയായിരുന്നു. ഒരു ദിവസം ഞങ്ങൾ 16 തവണ സൂര്യോദയവും അസ്തമയവും കാണുന്നു.’’– ശുഭാംശു പറഞ്ഞു.











