ഇന്ത്യയുടെ ഏകാത്മ മാനവവാദം സമതുലിത വളർച്ചയുടെ വഴികാട്ടിയെന്ന് നരേന്ദ്രമോദി

ഉൾക്കൊള്ളലിനും സുസ്ഥിരതയ്ക്കും പ്രാധാന്യം നൽകുന്ന പുതിയ വികസന മാതൃകകൾ ലോകം സ്വീകരിക്കേണ്ട സമയമാണെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ജോഹന്നാസ്ബർഗിൽ ജി20 ഉച്ചകോടിയുടെ ഉദ്ഘാടനം സമ്മേളനത്തിൽ സംസാരിക്കവെയാണ് നരേന്ദ്രമോദി ഇക്കാര്യം വ്യക്തമാക്കിയത്. ഇന്ത്യയുടെ ഏകാത്മ മാനവവാദത്തിന് വർത്തമാനകാലത്ത് വലിയ പ്രസക്തിയുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
“ആരെയും പിന്നിലാക്കാതെ സാമ്പത്തിക വളർച്ച കൈവരിക്കണം” എന്ന ആശയം മുന്നോട്ടുവെച്ച മോദി, പുരോഗതിയെ അളക്കുന്നതിനെക്കുറിച്ചുള്ള ആഗോള കാഴ്ചപ്പാട് പുനർവിചിന്തനം ചെയ്യേണ്ടതുണ്ടെന്നും ചൂണ്ടികാട്ടി. വിഭവ ക്ഷാമവും പരിസ്ഥിതി തകരാറും അനുഭവിക്കുന്ന രാജ്യങ്ങൾക്ക് സമതുലിത വളർച്ചയുടെ വഴികാട്ടിയാണ് ഇന്ത്യയുടെ ഏകാത്മ മാനവവാദം എന്ന് അദ്ദേഹം പറഞ്ഞു.
സുസ്ഥിര ജീവിതരീതികൾ സംരക്ഷിക്കാൻ ജി20 തലത്തിൽ ഒരു ആഗോള വിജ്ഞാനശേഖരം രൂപപ്പെടുത്തണമെന്ന് മോദി നിർദേശിച്ചു. പരമ്പരാഗത അറിവുകളും ആരോഗ്യ–പരിസ്ഥിതി സംബന്ധമായ അനുഭവങ്ങളും വേഗത്തിൽ മാറുന്ന ലോകത്ത് രേഖപ്പെടുത്തി ഭാവി തലമുറയ്ക്ക് കൈമാറുന്നത് അത്യാവശ്യമാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. കാലാവസ്ഥാ പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ വിവിധ സംസ്കാരങ്ങളുടെ നൂറ്റാണ്ടുകളുടെ ധാരണകൾ ആഗോള തലത്തിൽ പങ്കുവെക്കാൻ ഈ ശേഖരം സഹായകരമാകുമെന്ന് മോദി പറഞ്ഞു.
ആഗോള പുരോഗതിക്കായി ആഫ്രിക്കയുടെ വളർച്ച നിർണായകമാണെന്ന് മോദി ഊന്നിപ്പറഞ്ഞു. ആഫ്രിക്ക ആദ്യമായി ജി20 ഉച്ചകോടിക്ക് വേദിയാകുന്ന സാഹചര്യത്തിലായിരുന്നു മോദിയുടെ പരാമർശം. ആഫ്രിക്കൻ യുവാക്കൾക്കായി ‘ജി20–ആഫ്രിക്ക സ്കിൽസ് മൾട്ടിപ്ലയർ ഇനിഷ്യേറ്റീവ്’ പ്രഖ്യാപിച്ച അദ്ദേഹം, അടുത്ത പത്ത് വർഷത്തിനുള്ളിൽ ഒരു ദശലക്ഷം ട്രെയിനർമാരെ സൃഷ്ടിക്കുന്നതായാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് വ്യക്തമാക്കി. എല്ലാ ജി20 അംഗരാജ്യങ്ങളുടെയും സഹകരണത്തോടെ നടപ്പിലാവുന്ന ഈ പദ്ധതി, ആഫ്രിക്കയുടെ തൊഴിൽശേഷി വിപുലപ്പെടുത്തുന്നതിൽ വലിയ പങ്കുവഹിക്കുമെന്നാണ് കണക്കാക്കുന്നത്.
ഫെന്റനൈൽ പോലുള്ള അത്യന്തം വീര്യമുള്ള സിന്തറ്റിക് മയക്കുമരുന്നുകളുടെ വ്യാപനം ആഗോള സുരക്ഷയ്ക്ക് ഭീഷണിയാണെന്ന് മുന്നറിയിപ്പ് നൽകിയ പ്രധാനമന്ത്രി, ലഹരി–ഭീകര ബന്ധത്തെ നേരിടാൻ പ്രത്യേക ജി20 സംരംഭം ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടു. മയക്കുമരുന്ന് കടത്തും അനധികൃത പണപ്രവാഹവും തടയാൻ രാജ്യങ്ങൾ തമ്മിലുള്ള സഹകരണം ശക്തിപ്പെടുത്തണമെന്നും ഭീകരസംഘടനകൾക്ക് ധനസഹായം ലഭിക്കുന്ന പ്രധാന വഴികൾ അടച്ചിടേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു.











