
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഡൽഹിയിൽ തിരക്കിട്ട കൂടിയാലോചനകൾ നടക്കുന്നതിനിടെ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ റഷ്യൻ സന്ദർശനം റദ്ദ് ചെയ്തു. മേയ് 9ന് വിക്ടറി ഡേ പരേഡിൽ പങ്കെടുക്കാനായിരുന്നു നരേന്ദ്രമോദിയെ റഷ്യ ക്ഷണിച്ചിരുന്നത്. എന്നാൽ, വിക്ടറി ഡേ പരേഡിൽ ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്രമോദി പങ്കെടുക്കില്ലെന്ന് ക്രെംലിൻ വക്താവ് ദിമിത്രി പെസ്കോവ് വ്യക്തമാക്കി. മോദിക്ക് പകരം മറ്റൊരു നയതന്ത്ര പ്രതിനിധി പങ്കെടുക്കുമെന്ന് പറഞ്ഞ ദിമിത്രി പെസ്കോവ്, അതാരാണെന്നും വെളിപ്പെടുത്തിയിട്ടില്ല.രണ്ടാം ലോക മഹായുദ്ധത്തിൽ ജർമനിക്കെതിരായ വിജയത്തിൻറെ 80ാം വാർഷികം ആഘോഷിക്കുന്ന ചടങ്ങാണ് റഷ്യ സംഘടിപ്പിക്കുന്ന വിക്ടറി ഡേ പരേഡ്.
പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ഇന്ത്യ–പാകിസ്ഥാൻ സംഘർഷം രൂക്ഷമായിരിക്കെയാണു പ്രധാനമന്ത്രി റഷ്യൻ സന്ദർശനം റദ്ദ് ചെയ്തത്. അതേസമയം, ദേശീയ സുരക്ഷാ ഉപദേശക സമിതി (എൻഎസ്എബി) കേന്ദ്ര സർക്കാർ പുനഃസംഘടിപ്പിച്ചു. റിസർച്ച് ആൻഡ് അനാലിസിസ് വിങ്ങിന്റെ (റോ) മുൻ മേധാവി അലോക് ജോഷിയാണ് ദേശീയ സുരക്ഷാ ഉപദേശക സമിതിയുടെ പുതിയ തലവൻ. ആറ് അംഗങ്ങളെ കൂടി ബോർഡിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
സുരക്ഷ സംബന്ധിച്ച കേന്ദ്ര മന്ത്രിസഭാ സമിതി യോഗം ഇന്ന് പ്രധാനമന്ത്രിയുടെ വസതിയിൽ ചേർന്നിരുന്നു. ഈ യോഗത്തിലാണ് ഇത് സംബന്ധിച്ച് തീരുമാനമെടുത്തത്. പഹൽഗാം സംഭവത്തിന്റെ പശ്ചാത്തലത്തിലുള്ള സുരക്ഷാ തയ്യാറെടുപ്പുകളാണ് യോഗം ചർച്ചചെയ്തത്. ഭീകരാക്രമണത്തിന് ശേഷം ഒരാഴ്ചയ്ക്കിടെ ചേരുന്ന രണ്ടാമത്തെ മന്ത്രിതല സുരക്ഷാസമിതി യോഗമാണിത്. ആദ്യ യോഗത്തിലാണ് പാകിസ്താനെതിരെയുള്ള നയതന്ത്ര നടപടികൾ സ്വീകരിച്ചത്.











