08:01am 30 April 2026
NEWS
ആർ എസ് എസിന്റെ അടുത്ത സർസംഘചാലക് നരേന്ദ്രമോദിയോ?


01/04/2025  12:04 PM IST
nila
ആർ എസ് എസിന്റെ അടുത്ത സർസംഘചാലക് നരേന്ദ്രമോദിയോ?

 പ്രധാനമന്ത്രി നരേന്ദ്ര മോദി ആർഎസ്എസ് ആസ്ഥാനത്ത് എത്തി മോഹൻ ഭാഗവതിനെ കണ്ടതിന് പിന്നാലെ വിവിധ തരത്തിലുള്ള ചർച്ചകളാണ് രാജ്യത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ഉയരുന്നത്. മോദി പ്രധാമന്ത്രിപദം ഉപേക്ഷിക്കുന്നു എന്ന തരത്തിലാണ് പ്രചരിക്കുന്ന വാർത്തകളിലൊന്ന്.  ശിവസേന നേതാവ് സഞ്ജയ് റാവത്ത് ഇക്കാര്യം തുറന്നു പറഞ്ഞ് രം​ഗത്ത് എത്തിയതോടെ മോദി പ്രധാനമന്ത്രിപ​ദം ഒഴിയുന്നു എന്ന ചർച്ചകൾ സജീവമായി. അധികാരത്തിൽ നിന്നും വിരമിക്കാനുള്ള തന്റെ തീരുമാനം അറിയിക്കാനാണ് മോദി ആർ എസ് എസ് ആസഥാനത്ത് എത്തിയത് എന്നായിരുന്നു സഞ്ജയ് റാവത്തിന്റെ വെളിപ്പെടുത്തൽ. 

എന്നാൽ, സഞ്ജയ് റാവത്തിന്റെ ഈ വെളിപ്പെടുത്തലിന് പിന്നാലെ രാജ്യതലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിൽ മോദി ആർ എസ് എസിന്റെ അടുത്ത സർസംഘചാലക് ആകുമെന്ന തരത്തിലുള്ള ചർച്ചകളും ഉയരുന്നുണ്ട്. ആർ എസ് എസിനെ സംബന്ധിച്ച് തങ്ങളുടെ മേധാവിയെ തെരഞ്ഞെടുക്കുന്ന രീതിയില്ല. മറിച്ച് നിലവിലെ സർസംഘചാലക് തന്റെ പിൻ​ഗാമിയെ നിർദ്ദേശിക്കുന്നതാണ് പതിവ്. അങ്ങനെയെങ്കിൽ നിലവിലെ സർസംഘചാലക് മോഹൻ ഭാ​ഗവത് നരേന്ദ്രമോദിയുടെ പേര് നിർദ്ദേശിച്ചാൽ അതിൽ മാറ്റമൊന്നും വരില്ല. എന്നാൽ, രാജ്യത്തിന്റെ പ്രധാനമന്ത്രി പദവും ആർ എസ് എസ് മേധാവി എന്ന സ്ഥാനവും ഒരുമിച്ച് വഹിക്കാൻ മോദി തയ്യാറായേക്കില്ലെന്നും അതിനാൽ, സഞ്ജയ് റാവത്ത് പറഞ്ഞ വിരമിക്കലിന് പ്രസക്തിയുണ്ട് എന്നും ചർച്ചകളുണ്ട്. 

രാജ്യത്തിന്റെ പ്രധാനമന്ത്രിയായിരുന്ന ഒരാൾ ആ പദവി ത്യജിത്ത് ആർ എസ് എസ് മേധാവിയായാൽ സംഘടനക്ക് ഉണ്ടാകുന്ന മെച്ചം സംബന്ധിച്ച് ആർ എസ് എസിനും ബിജെപിക്കും നല്ല ബോധ്യമുണ്ട്. അത്തരത്തിൽ ഒരു നീക്കമുണ്ടായാൽ ആർ എസ് എസിന് ലോകത്താകമാനം ലഭിക്കുന്ന സ്വീകാര്യതയും ചൂണ്ടിക്കാട്ടപ്പെടുന്നു. അതുകൊണ്ട് തന്നെ സഞ്ജയ് റാവത്ത് പറഞ്ഞ മോദിയുടെ വിരമിക്കൽ എന്ന സാധ്യത തള്ളിക്കളയേണ്ടതില്ലെന്ന നി​ഗമനത്തിലാണ് രാഷ്ട്രീയ നിരീക്ഷകരും. 

2029 ലെ തിരഞ്ഞെടുപ്പിനു മുൻപ് മോദി വിരമിക്കുന്നുവെന്നാണ് സൂചനയെന്ന് സഞ്ജയ് റാവത്ത് പറയുന്നു. സെപ്റ്റംബറിലാണ് നരേന്ദ്ര മോദി വിരമിക്കാൻ പദ്ധതിയിടുന്നതെന്നും സഞ്ജയ് റാവുത്ത് കൂട്ടിച്ചേർത്തു. അടുത്ത നേതാവ് മഹാരാഷ്ട്രയിൽ നിന്നായിരിക്കുമെന്നാണ് തനിക്ക് അറിയാനായതെന്നും ഒരുപടികൂടി കടന്ന് പറയുന്നു. 

അതേസമയം, നരേന്ദ്രമോദി വിരമിക്കുന്നു എന്ന അഭ്യൂ​ഹങ്ങളെ തള്ളുകയാണ് ബിജെപി നേതാക്കൾ. നരേന്ദ്ര മോദിയുടെ പിൻഗാമിയെ അന്വേഷിക്കേണ്ട ആവശ്യമില്ലെന്നായിരുന്നു മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന്റെ പ്രതികരണം. മോദി തങ്ങളുടെ നേതാവാണെന്നും ഫഡ്നാവിസ് പറഞ്ഞു. പ്രധാനമന്ത്രിയായി അദ്ദേഹം തുടരുമെന്നും ഫഡ്നാവിസ് കൂട്ടിച്ചേർത്തു. ‘‘നമ്മുടെ സംസ്‌കാരത്തിൽ അച്ഛൻ ജീവിച്ചിരിക്കുമ്പോൾ അനന്തരാവകാശിയെ കുറിച്ച് ചർച്ച ചെയ്യുന്നത് തെറ്റാണ്. മറ്റേത് മുഗൾ പാരമ്പര്യമാണ്. ആ ചർച്ചയ്ക്ക് സമയമായിട്ടില്ല. 2029 ൽ മോദി വീണ്ടും പ്രധാനമന്ത്രിയാവുന്നത് നാം കാണും’’ – ഫഡ്നാവിസ് പറഞ്ഞു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img