
കർണാടകം: ബംഗളൂരു നഗരത്തിന്റെ ഗതാഗതചരിത്രത്തിൽ നിർണായകമായ മാറ്റങ്ങൾക്കു വഴിയൊരുക്കിയ നമ്മ മെട്രോ പതിനഞ്ചു വർഷം പിന്നിട്ടിരിക്കുകയാണ്. 2011 ഒക്ടോബർ 20-ന് എം.ജി. റോഡിനും ബൈയപ്പനഹള്ളിക്കും ഇടയിൽ 6.7 കിലോമീറ്റർ ദൂരത്തിൽ ആരംഭിച്ച മെട്രോ സർവീസ് ഇന്ന് നഗരത്തിന്റെ പ്രധാന പൊതുഗതാഗത സംവിധാനങ്ങളിലൊന്നായി വളർന്നിരിക്കുന്നു. തുടക്കത്തിൽ പ്രതിദിനം ഏകദേശം 25,000 യാത്രക്കാരാണ് മെട്രോയെ ആശ്രയിച്ചിരുന്നതെങ്കിൽ ഇപ്പോൾ യാത്രക്കാരുടെ എണ്ണം പ്രതിദിനം പത്തുലക്ഷത്തോളമായി ഉയർന്നിട്ടുണ്ട്. 2026 ഒക്ടോബറിലെ കണക്കനുസരിച്ച് പ്രവർത്തനക്ഷമമായ മെട്രോ ശൃംഖല 96 കിലോമീറ്ററും സ്റ്റേഷനുകളുടെ എണ്ണം 83-ഉം ആണ്.
വേഗത്തിലുള്ള നഗരവൽക്കരണവും വാഹനങ്ങളുടെ വർധനയും ഗതാഗതക്കുരുക്കും നേരിടുന്ന ബംഗളൂരുവിൽ മെട്രോയുടെ വളർച്ച കേവലം ഒരു ഗതാഗതപദ്ധതിയുടെ വികസനം മാത്രമല്ല. നഗരജീവിതത്തിന്റെ താളത്തിലും യാത്രാശീലങ്ങളിലും സാമ്പത്തിക പ്രവർത്തനങ്ങളിലും മാറ്റം സൃഷ്ടിച്ച ഒരു പൊതുഗതാഗത വിപ്ലവം കൂടിയാണത്.
ബംഗളൂരു മെട്രോ റെയിൽ കോർപറേഷൻ ലിമിറ്റഡ് (BMRCL) കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ പങ്കാളിത്തത്തോടെയാണ് പദ്ധതി നടപ്പാക്കുന്നത്. ആദ്യഘട്ടത്തിൽ നഗരത്തിന്റെ കിഴക്ക്-പടിഞ്ഞാറ്, വടക്ക്-തെക്ക് ദിശകളെ ബന്ധിപ്പിക്കുന്ന രണ്ട് പ്രധാന പാതകളാണ് വികസിപ്പിച്ചത്.
പർപ്പിൾ ലൈൻ ബൈയപ്പനഹള്ളിയെയും മൈസൂരു റോഡിനെയും ബന്ധിപ്പിച്ചപ്പോൾ ഗ്രീൻ ലൈൻ നാഗസാന്ദ്രയെയും യെലച്ചനഹള്ളിയെയും ബന്ധിപ്പിച്ചു. ഈ രണ്ട് പാതകളും പൂർണമായി പ്രവർത്തനക്ഷമമായതോടെ നഗരത്തിലെ വിവിധ പ്രദേശങ്ങൾ തമ്മിലുള്ള യാത്ര കൂടുതൽ എളുപ്പമായി.
ആദ്യഘട്ടത്തിന്റെ ആകെ ദൈർഘ്യം 42.3 കിലോമീറ്ററായിരുന്നു. 2017-ഓടെ ആദ്യഘട്ടം പൂർണമായി പ്രവർത്തനക്ഷമമായി. തുടർന്നുള്ള വിപുലീകരണത്തിലൂടെ വൈറ്റ്ഫീൽഡ്, ചല്ലഘട്ട, സിൽക്ക് ഇൻസ്റ്റിറ്റ്യൂട്ട്, മാധവാര തുടങ്ങിയ പ്രദേശങ്ങളിലേക്കും മെട്രോ സർവീസ് വ്യാപിച്ചു. ഇതോടെ നഗരമധ്യത്തിൽ മാത്രം ഒതുങ്ങിയിരുന്ന മെട്രോ യാത്ര നഗരത്തിന്റെ വിവിധ അതിർത്തിപ്രദേശങ്ങളിലേക്കും എത്തി.പിങ്ക്, ബ്ലൂ ലൈനുകളുടെ നിർമ്മാണം വിവിധ ഘട്ടത്തിലാണ്.യെല്ലോ ലൈൻ പ്രവർത്തനക്ഷമമായത് ഏതാനും മാസം മുമ്പാണ്.
പുതിയ പദ്ധതികൾ സമയ ബന്ധിതമായി പൂർത്തിയാക്കി
യാത്രക്കാർക്ക് തുറന്നുകൊടുക്കുന്നതിലാണ് ഇനി ശ്രദ്ധ കേന്ദ്രീകരിക്കേണ്ടത്. പിങ്ക് ലൈൻ, ബ്ലൂ ലൈൻ, മൂന്നാംഘട്ട വികസനം എന്നിവയുടെ പൂർത്തീകരണം ബംഗളൂരുവിന്റെ ഗതാഗതഭാവിയിൽ നിർണായകമാണ്.
വിമാനത്താവളത്തിലേക്കുള്ള മെട്രോ ബന്ധം ബ്ലൂ ലൈനിലൂടെ യാഥാർഥ്യമാകുന്നതോടെ ഐ.ടി. മേഖലയിലെ ജീവനക്കാർക്കും വിമാനയാത്രക്കാർക്കും നഗരത്തിലെ വിവിധ ഭാഗങ്ങളിൽനിന്നുള്ള യാത്രക്കാർക്കും വലിയ പ്രയോജനം ലഭിക്കും. പിങ്ക് ലൈൻ പ്രവർത്തനക്ഷമമാകുന്നതോടെ തെക്കൻ ബംഗളൂരുവിനും നഗരമധ്യത്തിനും വടക്കൻ മേഖലകൾക്കും ഇടയിലുള്ള യാത്രയും കൂടുതൽ സൗകര്യപ്രദമാകും.
ആദ്യത്തെ 6.7 കിലോമീറ്ററിൽനിന്ന് 96 കിലോമീറ്റർ പ്രവർത്തനശൃംഖലയിലേക്കുള്ള വളർച്ച നമ്മ മെട്രോയുടെ നേട്ടമാണ്. എന്നാൽ ഈ നേട്ടത്തെ നഗരത്തിന്റെ സമഗ്ര ഗതാഗതപരിഹാരമാക്കി മാറ്റുക എന്നതാണ് അടുത്ത വെല്ലുവിളി.
ബംഗളൂരുവിന്റെ ഭാവി വികസനത്തിൽ നമ്മ മെട്രോയ്ക്ക് നിർണായക സ്ഥാനമുണ്ട്. പ്രഖ്യാപിച്ച പദ്ധതികൾ സമയബന്ധിതമായി പൂർത്തിയാക്കുകയും മറ്റ് പൊതുഗതാഗത സംവിധാനങ്ങളുമായി കാര്യക്ഷമമായി ബന്ധിപ്പിക്കുകയും ചെയ്താൽ മാത്രമേ ഗതാഗതക്കുരുക്ക് കുറയ്ക്കാനും നഗരജീവിതം കൂടുതൽ സുഗമമാക്കാനും മെട്രോയ്ക്ക് കഴിയൂ.
Photo Courtesy - Google











