
ബംഗളുരു: ഇന്നലെ പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്ത നമ്മ മെട്രോ യെല്ലോ ലൈൻ ഇന്ന് രാവിലെ യാത്രക്കാർക്കായി തുറന്നുകൊടുത്തു. തെക്കൻ ബംഗളുരുവിലെ ഐ ടി ഹബ്ബായ ഇലക്രോണിക്സ് സിറ്റിയെ നഗരകേന്ദ്രവുമായി ബന്ധിപ്പിക്കുന്ന ലൈനാണിത്. ആർ വി റോഡ് മുതൽ ഇലക്ട്രോണിക്സ് സിറ്റിയിലെ ബൊമ്മസാന്ദ്ര വരെ 19.5 കിലോമീറ്ററാണ് യെല്ലോ ലൈനിന്റെ ദൈർഘ്യം. തമിഴ്നാട്ടിലെ വ്യവസായകേന്ദ്രമായ ഹൊസൂരിലേക്ക് ബൊമ്മസാന്ദ്രയിൽ നിന്ന് ഇരുപത് കിലോമീറ്റർ ദൂരമേയുള്ളൂ. ഹൊസൂർ റോഡിലെ അതിരൂക്ഷമായ ഗതാഗതക്കുരുക്കിന് ഒരു പരിധി വരെ ശമനമുണ്ടാക്കാൻ യെല്ലോ ലൈനിന് കഴിയുമെന്നാണ് അധികൃതരുടെ കണക്കുകൂട്ടൽ.വ്യത്യസ്ത കാരണങ്ങളാൽ വർഷങ്ങളോളം നീണ്ടുപോയ ഒരു പദ്ധതിയാണിത്. പ്രധാന ഐ ടി സ്ഥാപനങ്ങളായ ഇൻഫോസിസ്, വിപ്രോ, ബയോകോൺ, ടെക് മഹേന്ദ്ര, ഡെൽറ്റ എന്നിവയെയും അനുബന്ധ വ്യാപാരകേന്ദ്രങ്ങളെയും പാർപ്പിട സമുച്ചയങ്ങളെയും ബന്ധിപ്പിച്ചുകൊണ്ടാണ് യെല്ലോ ലൈൻ കടന്നുപോകുന്നത്. ആകെയുള്ള പതിനാറ് സ്റ്റേഷനുകളിൽ ആർ വി റോഡ്, ജയദേവ, സെൻട്രൽ സിൽക്ക് ബോർഡ് എന്നിവ ഇന്റർ ചേയ്ഞ്ച് സ്റ്റേഷനുകളാണ്. ഗ്രീൻ ലൈനുമായി യെല്ലോ ലൈനിനെ ബന്ധിപ്പിക്കുന്ന ആർ വി റോഡ് ഇന്റർ ചേയ്ഞ്ച് സ്റ്റേഷൻ പ്രവർത്തനക്ഷമമാണ്. നിർമ്മാണത്തിലിരിക്കുന്ന പിങ്ക് ലൈൻ ജയദേവയിലാണ് സന്ധിക്കുക. നിർമ്മാണം പുരോഗമിക്കുന്ന ബ്ലൂ ലൈൻ സെൻട്രൽ സിൽക്ക് ബോർഡ് സ്റ്റേഷനിൽ യെല്ലോ ലൈനുമായി സന്ധിക്കും. യെല്ലോ ലൈൻ സർവീസ് ആരംഭിച്ചതോടെ നഗരത്തിലെ മെട്രോ സർവീസിന്റെ ദൈർഘ്യം 96.1 കിലോമീറ്ററായി വർദ്ധിച്ചു. പ്രതിദിന യാത്രക്കാരുടെ എണ്ണം നിലവിലെ 8-9 ലക്ഷത്തിൽ നിന്ന് 12 ലക്ഷമായി ഉയരും. 2030 ഓടെ ദിവസേന 25-30 ലക്ഷം യാത്രക്കാർക്ക് സഞ്ചരിക്കാൻ സാധിക്കുംവിധം നമ്മ മെട്രോ സർവ്വീസിന്റെ ദൈർഘ്യം 222.1 കിലോമീറ്റർ പൂർത്തിയാക്കാനാണ്അധികൃതർ ലക്ഷ്യമിടുന്നത്. മൂന്നാം ഘട്ടമായ ഓറഞ്ച് ലൈനിന് പ്രധാനമന്ത്രി ഇന്നലെ തറക്കല്ലിട്ടു. ഒന്ന്, രണ്ട് ഘട്ടങ്ങളുടെ അനുബന്ധ റീച്ചുകളുടെ നിർമ്മാണം പുരോഗമിക്കുന്നു. യെല്ലോ ലൈൻ ഫ്ലാഗ് ഓഫ് ചെയ്ത ശേഷം മുഖ്യമന്ത്രി സിദ്ധരാമയ്യ, ഉപമുഖ്യമന്ത്രി ഡി കെ ശിവകുമാർ, തെരഞ്ഞെടുത്ത ഏതാനും വിദ്യാർഥികൾ, മെട്രോ നിർമ്മാണതൊഴിലാളികൾ തുടങ്ങിയവരോടൊപ്പം പ്രധാനമന്ത്രി കുറച്ചുദൂരം മെട്രോയിൽ യാത്ര ചെയ്തിരുന്നു. ഡ്രൈവറില്ലാ കോച്ചുകളാണ് യെല്ലോ ലൈനിൽ സർവീസ് നടത്തുകയെങ്കിലും ആദ്യനാളു കളിൽ ലോക്കൊ പൈലറ്റിന്റെ സാന്നിധ്യമുണ്ടാകും. മജസ്റ്റിക് റെയിൽവേ സ്റ്റേഷനിലെത്തിയ പ്രധാനമന്ത്രി വടക്കൻ കർണാടകത്തിലെ ബെളഗാവിയിലേക്കുള്ള വന്ദേ ഭാരത് ട്രെയിനിന്റെ ഫ്ലാഗ് ഓഫും നിർവ്വഹിച്ചിരുന്നു. യെല്ലോ ലൈൻ പ്രവർത്തനമാരംഭിച്ചത് ഇലക്ട്രോണിസ് സിറ്റിയിലെ ഐ ടി സ്ഥാപനങ്ങളിൽ ജോലിചെയ്യുന്നവർക്ക് പകർന്നുനൽകുന്ന ആഹ്ലാദവും ആശ്വാസവും ചെറുതല്ല.
Photo Courtesy - Google











