
ദോഹ: സാമൂഹിക വെല്ലുവിളികൾക്ക് പരിഹാരം കാണുന്ന ആശയങ്ങളെയും സംരംഭങ്ങളെയും പ്രോത്സാഹിപ്പിക്കുന്നതിനായി സാമൂഹിക വികസന കേന്ദ്രമായ 'നമ' (Nama) മൂന്നാമത് സാമൂഹിക സംരംഭകത്വ പുരസ്കാരം (Social Entrepreneurship Award) പ്രഖ്യാപിച്ചു. ഖത്തർ ഫൗണ്ടേഷൻ ഫോർ സോഷ്യൽ വർക്കിന് കീഴിൽ പ്രവർത്തിക്കുന്ന സ്ഥാപനമാണ് നമ.
യുവാക്കൾ, സംരംഭകർ, സാമൂഹിക പ്രസക്തിയുള്ള പദ്ധതികളുടെ ഉടമകൾ എന്നിവരെ ലക്ഷ്യമിട്ടാണ് പുരസ്കാരം നൽകുന്നത്.മികച്ച സാമൂഹിക സംരംഭകത്വ ആശയം (Best Idea): 1,00,000 ഖത്തറി റിയാൽ.
മികച്ച നിലവിലുള്ള സാമൂഹിക സംരംഭം (Best Existing Project): 2,00,000 ഖത്തറി റിയാൽ.
സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളുടെ മത്സരം: ആൺകുട്ടികളുടെയും പെൺകുട്ടികളുടെയും സ്കൂളുകൾക്കായി ആകെ 60,000 ഖത്തറി റിയാൽ.എന്നിങ്ങനെയാണ് മത്സര വിഭാഗങ്ങളും സമ്മാനത്തുകയും.ഇത്തവണ തിരഞ്ഞെടുക്കപ്പെടുന്ന അപേക്ഷകർക്ക് അവരുടെ ആശയങ്ങൾ കൂടുതൽ പ്രായോഗികവും സുസ്ഥിരവുമാക്കാൻ സഹായിക്കുന്ന പ്രത്യേക പരിശീലന പരിപാടി (Intensive Training) നൽകുമെന്ന് നമ എക്സിക്യൂട്ടീവ് ഡയറക്ടർ ഘാനം സലാ അൽ-അലി അറിയിച്ചു.2024-ൽ തുടക്കം കുറിച്ച പുരസ്കാരത്തിന്റെ രണ്ടാം പതിപ്പ് മുതൽ സെക്കൻഡറി സ്കൂൾ വിദ്യാർത്ഥികളെക്കൂടി ഉൾപ്പെടുത്തിയിരുന്നു. 31 സ്കൂളുകളാണ് കഴിഞ്ഞ വർഷം പങ്കെടുത്തത്.
സാമൂഹിക പ്രശ്നങ്ങളുടെ കൃത്യത, നിർദ്ദേശിക്കുന്ന പരിഹാരത്തിന്റെ സുസ്ഥിരത, നടപ്പിലാക്കാനുള്ള സാധ്യത എന്നിവ വിലയിരുത്തിയായിരിക്കും വിജയികളെ തിരഞ്ഞെടുക്കുക. താല്പര്യമുള്ളവർക്ക് നമയുടെ ഔദ്യോഗിക വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം










