04:29am 23 October 2026
NEWS
ദേശീയ ഗുസ്തി താരം അശ്വിനി കൊക്കയിൽ ചാടി ജീവനൊടുക്കി; രണ്ട് മക്കൾക്കും ദാരുണാന്ത്യം
04/09/2026  06:52 PM IST
nila
ദേശീയ ഗുസ്തി താരം അശ്വിനി കൊക്കയിൽ ചാടി ജീവനൊടുക്കി; രണ്ട് മക്കൾക്കും ദാരുണാന്ത്യം

മുംബൈ: കുട്ടികളുമായി നൽദുർഗ് കോട്ടയിലെത്തിയ ദേശീയ ഗുസ്തി താരം അശ്വിനി മനോഹർ പോൾ മൂന്ന് മക്കളെയും കൂട്ടി കോട്ടയിൽ നിന്ന് നൂറടി താഴ്ചയുള്ള കൊക്കയിലേക്ക് ചാടി. അശ്വിനിയും അഞ്ചര വയസ്സുള്ള മകൻ അജിങ്ക്യയും സംഭവസ്ഥലത്തുതന്നെ മരിച്ചു. ഗുരുതരമായി പരുക്കേറ്റ രണ്ടര വയസ്സുള്ള ഇരട്ട പെൺമക്കളിൽ ക്രാന്തി പിന്നീട് ചികിത്സയ്ക്കിടെ മരിച്ചു. മറ്റൊരു മകൾ വീര ഗുരുതരാവസ്ഥയിൽ ധാരാശിവ് സർക്കാർ ആശുപത്രിയിൽ ചികിത്സയിലാണ്.

വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.13നാണ് അശ്വിനി മൂന്ന് കുട്ടികളുമായി നൽദുർഗ് കോട്ടയ്ക്കുള്ളിൽ പ്രവേശിച്ചത്. എൻട്രി രജിസ്റ്ററിലും ഇക്കാര്യം രേഖപ്പെടുത്തിയിട്ടുണ്ട്. കോട്ടയ്ക്കുള്ളിലേക്ക് ഭക്ഷണസാധനങ്ങൾ കൊണ്ടുപോകുന്നതിന് നിയന്ത്രണമുണ്ടായിരുന്നെങ്കിലും കേക്കും ചോക്ലേറ്റുകളുമായാണ് അശ്വിനി എത്തിയത്.

ഇത് ചോദ്യം ചെയ്ത ജീവനക്കാരോട് കുട്ടിയുടെ പിറന്നാളാണെന്നായിരുന്നു അശ്വിനിയുടെ മറുപടി. ഭർത്താവ് തൊട്ടുപിന്നാലെ കോട്ടയിലെത്തുമെന്നും ഇവർ പറഞ്ഞിരുന്നു. എന്നാൽ പിന്നീട് നടത്തിയ അന്വേഷണത്തിൽ സെപ്റ്റംബർ നാലിന് കുട്ടികളിൽ ആരുടെയും ജന്മദിനമല്ലെന്ന് വ്യക്തമായി. ഭർത്താവ് യഥാർഥത്തിൽ കോട്ടയിലെത്തിയിരുന്നോ എന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല.

അതേസമയം, അശ്വിനി കുടുംബത്തിൽനിന്ന് കടുത്ത പീഡനം നേരിട്ടിരുന്നതായി പിതാവ് ആരോപിച്ചു. ഭർത്താവിൽനിന്നും ഭർതൃവീട്ടുകാരിൽനിന്നും ശാരീരികവും മാനസികവുമായ പീഡനങ്ങൾ നേരിട്ടിരുന്നുവെന്നും പിതാവ് പറഞ്ഞു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ദേശീയ ഗുസ്തിയിലെ മിന്നും താരം

മഹാരാഷ്ട്രയുടെ ‘പെൺപുലി’ എന്നറിയപ്പെട്ടിരുന്ന അശ്വിനി ദേശീയ ഗുസ്തി രംഗത്തെ ശ്രദ്ധേയ താരമായിരുന്നു. 2007ൽ തിരുവനന്തപുരത്ത് നടന്ന ദേശീയ ഗുസ്തി മത്സരത്തിൽ ഒന്നാം സ്ഥാനം നേടിയതോടെയാണ് അവർ ദേശീയതലത്തിൽ ശ്രദ്ധ നേടിയത്. 2008ൽ ഗുർദാസ്പുരിലും 2009ൽ ചെന്നൈയിലും നടന്ന ദേശീയ മത്സരങ്ങളിലും അശ്വിനി സ്വർണം സ്വന്തമാക്കി. ഭോപ്പാൽ, കാൻപുർ, ഹരിയാന, പുണെ, കന്യാകുമാരി, സൈഫായ് എന്നിവിടങ്ങളിൽ നടന്ന ദേശീയ മത്സരങ്ങളിലും മികച്ച പ്രകടനം നടത്തി. കരിയറിൽ അഞ്ച് സ്വർണവും ആറ് വെള്ളിയും ഉൾപ്പെടെ 11 ദേശീയ മെഡലുകൾ നേടിയ അശ്വിനിയുടെ അപ്രതീക്ഷിത മരണം കായികലോകത്തെയും ദുഃഖത്തിലാഴ്ത്തി.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img